സ്‌പീക്കറെ നീക്കാനുള്ള പ്രമേയം: ചർച്ച നടന്നത് മൂന്നു തവണ

Kerala-Legislative-Assembly-1
SHARE

സ്പീക്കർ സ്ഥാനത്തു നിന്നു പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം  ശബ്ദവോട്ടോടെ നിയമസഭ തള്ളി. ചർച്ചയ്ക്കൊടുവിൽ പ്രമേയം വോട്ടിനിടാൻ തുടങ്ങുമ്പോൾ, പ്രതിപക്ഷം  ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗിലെ എം. ഉമ്മർ ആണ്  പ്രമേയം അവതരിപ്പിച്ചത്. മുൻപു രണ്ടു വട്ടം നൽകിയ നോട്ടിസുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. 

കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു സ്പീക്കർക്കെതിരെ ചർച്ച ചെയ്യുന്ന മൂന്നാമത്തെ പ്രമേയമായിരുന്നു. സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനുള്ള നോട്ടീസ് കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതിനുമുൻപു പലതവണ നൽകിയിട്ടുണ്ടെങ്കിലും സഭ ചർച്ചചെയ്‌തത് മൂന്നു തവണ മാത്രം.

പതിനൊന്നാം കേരള നിയമസഭയിൽ വക്കം പുരുഷോത്തമനെ സ്‌പീക്കർസ്‌ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രമേയം 2004 ഫെബ്രുവരി 4ന് നിയമസഭ വോട്ടിനിട്ടു തള്ളി. 36 വോട്ടാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. അനുകൂലിക്കുന്നവർ മാത്രം വോട്ടു രേഖപ്പെടുത്തിയാൽ മതിയെന്നായിരുന്നു സഭാ നടപടികൾ നിയന്ത്രിച്ച ഡപ്യൂട്ടി സ്‌പീക്കർ സുന്ദരൻ നാടാരുടെ നിർദേശം. സ്‌പീക്കറുടെ നിഷ്‌പക്ഷത വെടിഞ്ഞ് രാഷ്‌ട്രീയ പാർട്ടിയുടെയും ഗ്രൂപ്പിന്റെയും വക്‌താവായി വക്കം പ്രവർത്തിക്കുകയാണെന്നു നോട്ടീസിൽ ആരോപിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയത്തിനു നിയമസഭയിൽ അവതരണാനുമതി തേടി 2003 ഒക്ടോബർ 17 ന് കോടിയേരി നൽകിയ നോട്ടീസ് നിയമസഭാ സെക്രട്ടേറിയറ്റ് നിരാകരിച്ചിരുന്നു.

ആറാം കേരള നിയമസഭയിൽ കെ. കരുണാകരന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തു സ്‌പീക്കർ എ.സി. ജോസിനെതിരായി വന്ന പ്രമേയം 1982 മാർച്ച് അഞ്ചിനു സഭ ചർച്ചചെയ്‌തു തള്ളി. ഭരണഘടന പ്രകാരം ആവശ്യമായ ഭൂരിപക്ഷം (71 വോട്ട്) ലഭിക്കാതെ വന്നതുകൊണ്ടാണ് അതു തള്ളിപ്പോയത്. എ.കെ. ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തെ 70 പേർ മാത്രമേ അനുകൂലിച്ചുള്ളൂ. സഭയുടെ വിശ്വാസമില്ലാത്ത സർക്കാരിന് അനുകൂലമായി കാസ്‌റ്റിങ് വോട്ടുചെയ്‌തു പക്ഷംപിടിക്കുന്നുവെന്നുള്ളതായിരുന്നു സ്‌പീക്കർക്കെതിരെയുള്ള ആരോപണം.

തങ്ങൾക്കെതിരെയുള്ള പ്രമേയങ്ങൾ ചർച്ചചെയ്യാൻ അവസരം നൽകാതെ സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറും രാജിവച്ച സംഭവത്തിനും അതിനും ഒരുമാസം മുൻപ് ആറാം കേരള നിയമസഭ സാക്ഷ്യംവഹിച്ചിരുന്നു. 1982 ജനുവരി 14നു ടി.എം. ജേക്കബും പിറ്റേന്ന് എം.എം. ഹസനുമാണ് എ.പി. കുര്യനെയും എം.ജെ. സക്കറിയ സേട്ടിനെയും നീക്കംചെയ്യാനുള്ള പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രമേയത്തിന് അവതരണാനുമതി തേടാനിരുന്ന ഫെബ്രുവരി ഒന്നിനു വെവ്വേറെ പ്രസ്‌താവന നടത്തി ഇരുവരും തങ്ങളുടെ രാജി പ്രഖ്യാപിച്ചു.

അവതാരകൻ ഹാജരാകാതെ വന്നതിനാൽ പ്രമേയം റദ്ദായിപ്പോയ സംഭവവും നിയമസഭയിലുണ്ടായിട്ടുണ്ട്. എട്ടാം കേരള നിയമസഭയിൽ വർക്കല രാധാകൃഷ്‌ണനെ സ്‌പീക്കർ സ്‌ഥാനത്തുനിന്നു നീക്കംചെയ്യുന്നതിനു ടി.എം. ജേക്കബ് നോട്ടീസ് നൽകിയിരുന്ന പ്രമേയമാണ് 1990 ഫെബ്രുവരി എട്ടിന് അസാധുവായത്. പ്രമേയത്തിന് അവതരണാനുമതി ലഭിച്ചുകഴിഞ്ഞപ്പോൾ മുൻ നിയമസഭാംഗമായ തോപ്പിൽ രവിയുടെ നിര്യാണം കണക്കിലെടുത്തു ചർച്ച മറ്റൊരു ദിവസത്തേക്കു മാറ്റിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തു നിന്നുയർന്നു. അതു നിരസിക്കപ്പെട്ടതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. തുടർന്നു പ്രമേയം നിലവിലില്ലാത്തതായി ഡപ്യൂട്ടി സ്‌പീക്കർ പ്രഖ്യാപിച്ചു.

അവതാരകൻ തന്നെ നോട്ടീസ് പിൻവലിച്ചതിനാൽ പ്രമേയം ചർച്ചചെയ്യാതെ പോയ സന്ദർഭങ്ങളുമുണ്ട്. മൂന്നാം കേരള നിയമസഭയിൽ ഡി. ദാമോദരൻ പോറ്റിക്കെതിരായി പി. ഗോവിന്ദപ്പിള്ള 1969 ഒക്‌ടോബർ നാലിനു നോട്ടീസ് നൽകിയ പ്രമേയം 17നു പിൻവലിച്ചു.

എട്ടാം കേരള നിയമസഭയിൽ വർക്കല രാധാകൃഷ്‌ണനെതിരെ എം.എം. ഹസൻ 1988 മാർച്ച് 17നു നൽകിയ നോട്ടീസ് ഏപ്രിൽ രണ്ടിനു പിൻവലിച്ചതോടെ ആ പ്രമേയവും ഇല്ലാതായി.

സ്‌പീക്കർ വക്കം പുരുഷോത്തമനെതിരെ മുൻപും നോട്ടീസ് വന്നിരുന്നു. ഏഴാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ അവസാന ദിനങ്ങളിലുണ്ടായ അനിഷ്‌ട സംഭവങ്ങളായിരുന്നു പശ്‌ചാത്തലം. പ്രതിപക്ഷത്തെ ഏഴു കക്ഷിനേതാക്കൾ 1983 മാർച്ച് 29നു വെവ്വേറെയായി പ്രമേയത്തിനു നോട്ടീസ് നൽകി. പിറ്റേന്നു സമ്മേളനം പിരിഞ്ഞതിനാൽ പരിഗണനയ്‌ക്കെടുത്തില്ല. ജൂൺ 20നു മൂന്നാം സമ്മേളനം ആരംഭിച്ചപ്പോൾ ഈ നോട്ടീസിന്റെ കാര്യം ആരും ഓർമിച്ചതു പോലുമില്ല. അങ്ങനെ ആ നോട്ടീസ് ആവിയായിപ്പോയി.

സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഭരണഘടനാ വ്യവസ്‌ഥയില്ല. സ്‌പീക്കറെ നീക്കംചെയ്യാനാണു നോട്ടീസ് നൽകേണ്ടത്. ഭരണഘടനയുടെ 179 (സി) വകുപ്പു പ്രകാരമാണു സ്പീക്കറെ / ഡപ്യൂട്ടി  സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുക. ഇതിനു സഭ ചേരുന്നതിനു മുൻപു 14 ദിവസത്തെ നോട്ടിസ് നൽകണം. സഭയിലെ 20 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ അവതരണാനുമതി ലഭിക്കും. അനുമതി ലഭിച്ചു 10 ദിവസത്തിനകം പ്രമേയം ചർച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടവും കീഴ്‌വഴക്കവും.

പ്രമേയം അവതരിപ്പിക്കുമ്പോൾ സഭ നിയന്ത്രിക്കുന്നതു ഡപ്യൂട്ടി സ്പീക്കർ ആയിരിക്കും. ഡപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു സ്പീക്കർ മാറും. സഭയുടെ നിലവിലുള്ള അംഗസംഖ്യയുടെ പകുതിയിലേറെ അംഗങ്ങൾ വോട്ട് ചെയ്താലേ പ്രമേയം പാസാകൂ. വോട്ടെടുപ്പു നടക്കുകയാണെങ്കിൽ സ്പീക്കർക്കു വോട്ടു ചെയ്യാം. എന്നാൽ വോട്ടുനില തുല്യമാണെങ്കിൽ മാത്രമേ ഡപ്യൂട്ടി സ്പീക്കർക്കു കാസ്റ്റിങ് വോട്ടിനു വ്യവസ്ഥയുള്ളൂ. നാമനിർദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്കും വോട്ടവകാശമുണ്ട്. ഇത്തരം പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ ഭരണകക്ഷി അംഗങ്ങൾ വോട്ടിങ്ങിൽ പങ്കെടുക്കാറില്ല. പ്രതിപക്ഷത്തിനു ഭൂരിപക്ഷം ഉണ്ടെന്നു സംശയം ഉണ്ടെങ്കിൽ മാത്രമേ അവർ പങ്കെടുക്കാറുള്ളൂ.

സംസ്‌ഥാന രൂപീകരണത്തിനു മുൻപ് രണ്ടു തവണ

സംസ്‌ഥാന രൂപീകരണത്തിനു മുൻപുള്ള നിയമനിർമാണ സഭകളിൽ ഉപാധ്യക്ഷന്മാർക്കെതിരെ പ്രമേയങ്ങൾ അവതരിപ്പിച്ച രണ്ട് അവസരങ്ങളെങ്കിലുമുണ്ട്. ഒന്നു പാസ്സായപ്പോൾ മറ്റേതു തള്ളിപ്പോയി. തിരുവിതാംകൂർ ശ്രീമൂലം അസംബ്ലിയിൽ ഡപ്യൂട്ടി പ്രസിഡന്റ് ടി.എം. വർഗീസിനെതിരെ പി. ശിവരാമപിള്ള അവതരിപ്പിച്ച ‘അവിശ്വാസ പ്രമേയ’മാണു പാസ്സായത്. 1937 നവംബർ 25, 26 തീയതികളിൽ ചർച്ചചെയ്‌തു വോട്ടിനിട്ട പ്രമേയത്തെ 42 പേർ അനുകൂലിക്കുകയും 24 പേർ എതിർക്കുകയും ചെയ്‌തു. രണ്ടുപേർ നിഷ്‌പക്ഷത പാലിച്ചു. അതോടെ ടി.എം. വർഗീസ് പുറത്തായി.

കൊച്ചി ലെജി്ലസേറ്റീവ് കൗൺസിലിൽ ഡപ്യൂട്ടി പ്രസിഡന്റ് കെ. അയ്യപ്പനെ നീക്കംചെയ്യാനായി കൊണ്ടുവന്ന പ്രമേയമാണു തള്ളിപ്പോയത്. പി. കുമാരൻ എഴുത്തച്‌ഛൻ അവതരിപ്പിച്ച പ്രമേയം 1944 മാർച്ച് 24നു ചർച്ചചെയ്‌തു വോട്ടിനിട്ടപ്പോൾ പകുതിയിൽ താഴെ അംഗങ്ങൾ മാത്രമേ (21 പേർ) പിന്തുണച്ചുള്ളൂ.

English Summary: Discussion to remove speaker third time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA