ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സോളർ ഇടപാടുമായി ബന്ധപ്പെട്ട 6 പീഡനക്കേസുകൾ സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണിത്.

കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എംഎൽഎ, ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണു കേസുകൾ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 20നു പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. സിബിഐ അന്വേഷണത്തിന് അനുമതി നൽകുന്ന സർക്കാർ വിജ്ഞാപനം 23ലെ തീയതി വച്ച് ഇന്നലെ പുറത്തിറങ്ങി. സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനു നൽകിയിരുന്ന പൊതു അനുമതി കഴിഞ്ഞ നവംബറിൽ സർക്കാർ റദ്ദാക്കിയതിനാലാണ് പ്രത്യേക വിജ്ഞാപനം ഇറക്കിയത്. ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.

സോളർ തട്ടിപ്പു കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2016 ലാണ് ആദ്യ പീഡനക്കേസ് റജിസ്റ്റർ ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു 2016 ജൂലൈയിൽ നൽകിയ പരാതിയെത്തുടർന്നായിരുന്നു ഇത്. അബ്ദുല്ലക്കുട്ടിയാണ് ഈ കേസിലെ പ്രതി. 2018 ലെ ഓരോ കേസുകളിൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രതികളാണ്. 2019 ൽ റജിസ്റ്റർ ചെയ്ത 3 കേസുകളിലായാണ് അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർ പ്രതികളായിട്ടുള്ളത്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി.

ക്രൈംബ്രാഞ്ച് മുതൽ കമ്മിഷൻ വരെ

തിരുവനന്തപുരം ∙ 6 കേസുകളും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നു. നേരത്തേ സർക്കാർ ഏജൻസികളുടെയും ജുഡീഷ്യൽ കമ്മിഷന്റെയും അന്വേഷണമുണ്ടായി.

സോളർ തട്ടിപ്പു കേസിൽ ജസ്റ്റിസ് എൻ.ശിവരാജൻ കമ്മിഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു 3 വർഷമായെങ്കിലും സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല. 

തട്ടിപ്പു കേസിലെ പ്രതിയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ, ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പു ചുമതലയിൽ സുപ്രധാന സ്ഥാനത്ത് ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയമിച്ചതിനു പിന്നാലെയാണ് സർക്കാരിന്റെ നീക്കമെന്നതും ശ്രദ്ധേയം.

നിർണായകം സിബിഐ തീരുമാനം

ന്യൂഡൽഹി ∙ സിബിഐ അന്വേഷിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്ര പഴ്സനേൽ മന്ത്രാലയം സിബിഐയോടു നിലപാട് ചോദിക്കും. തിരുവനന്തപുരത്തെ യൂണിറ്റിന്റെ അഭിപ്രായമറിഞ്ഞ ശേഷം സിബിഐ ആസ്ഥാനത്തുനിന്നു മറുപടി നൽകും. അതനുസരിച്ചാകും തുടർനടപടികൾ.

മാറ്റി മാറ്റി ലാവ്‌ലിൻ

സിബിഐ അന്വേഷിച്ച ലാവ്‌ലിൻ കേസിലെ ഹർജികൾ കഴിഞ്ഞ 3 വർഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2017 ഒക്ടോബർ 27 മുതൽ ഈ മാസം 12 വരെയായി ഇതിനകം 20 തവണ കേസ് മാറ്റി. സിബിഐ അഭിഭാഷകന്റെ അസൗകര്യമാണ് കേസ് മാറ്റിവയ്ക്കുന്നതിനു പല തവണ കാരണമായത്. ഇനി പരിഗണിക്കുക അടുത്തമാസം 23ന്.

ലൈഫ്: സിബിഐ വേണ്ടെന്ന ഹർജി ഇന്ന്  കോടതിയിൽ

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണു പരിഗണിക്കുന്നത്.

∙ ഏത് അന്വേഷണവും നേരിടാൻ തയാറാണ്. 5 വർഷം ഭരിച്ചിട്ടും സർക്കാരിന് ആരോപണങ്ങൾ തെളിയിക്കാനായില്ല. ഈ നടപടി സർക്കാരിനുതന്നെ തിരിച്ചടിയാകും. സർക്കാർ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിക്കുന്നു.  

-ഉമ്മൻ ചാണ്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com