ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചും 11–ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നൽകി. നിലവിലെ ശമ്പളത്തിൽനിന്നു ശരാശരി 10 % ആണു വർധന. എല്ലാ അലവൻസുകളിലും 10 % വർധന നിർദേശിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയിൽനിന്ന് 23,000 രൂപയാക്കി; കൂടിയത് 1,20,000 രൂപയിൽനിന്ന് 1,66,800 രൂപയാകും. കുറഞ്ഞ ഇൻക്രിമെന്റ് 700 രൂപ; കൂടിയത് 3400 രൂപ. 2019 ജൂലൈ 1 മുതലാണു പ്രാബല്യം. വർധിപ്പിച്ച ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. 

2024 ൽ പ്രാബല്യത്തിലാകേണ്ട അടുത്ത ശമ്പളപരിഷ്കരണം 2026 ജനുവരിയിലെ കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷം മതിയെന്നു നിർദേശമുണ്ട്. ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷം നീട്ടിവച്ചു ചെലവു ചുരുക്കാമെന്നും റിപ്പോർട്ടിലുണ്ട്. ചെയർമാൻ കെ. മോഹൻദാസും അംഗങ്ങളായ പ്രഫ. എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവരും ചേർന്നു റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി. കഴിഞ്ഞ തവണത്തെ 12 % വർധന ഇത്തവണ 10 ശതമാനത്തിൽ ഒതുക്കേണ്ടി വന്നതു സാമ്പത്തിക ഞെരുക്കം കാരണമാണെന്നു ചെയർമാൻ വ്യക്തമാക്കി. ആവശ്യമായ ഭേദഗതികളോടെയാകും കമ്മിഷന്റെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കുക. 

പ്രധാന നിർദേശങ്ങൾ:

∙ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) നിശ്ചിത തുകയ്ക്കു പകരം ഇനി അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം. നഗരങ്ങളിൽ 10 %, ജില്ലാ കേന്ദ്രങ്ങളിൽ 8 %, മുനിസിപ്പാലിറ്റി 6 %, പഞ്ചായത്ത് 4 % എന്നിങ്ങനെയാണിത്. കുറഞ്ഞ എച്ച്ആർഎ 1200 രൂപ, കൂടിയത് 10,000 രൂപ. 

∙ എച്ച്ആർഎ വർധിപ്പിച്ചതിനാൽ സിറ്റി കോംപൻസേറ്ററി അലവൻസ് ഒഴിവാക്കി.

∙ ഫിറ്റ്മെന്റ് ബെനിഫിറ്റ് 10 %; സർവീസ് വെയിറ്റേജ് വേണ്ട. 

∙ വില്ലേജ് ഓഫിസർമാർക്ക് 1500 രൂപ സ്പെഷൻ അലവൻസ്.

∙ നഴ്സിങ് വിഭാഗത്തിന് ഉയർന്ന യൂണിഫോം അലവൻസ്.

∙ ശമ്പള സ്കെയിലുകൾ 27; ഇതിനായി 83 ശമ്പള സ്റ്റേജുകൾ.

മാതാപിതാക്കളെയും  കുട്ടികളെയും നോക്കാൻ അവധി; 40 % ശമ്പളം

∙ കിടപ്പു രോഗികളും മറവി രോഗികളുമായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ 40 % ശമ്പളത്തോടെ മറ്റെല്ലാ സർവീസ് ആനുകൂല്യങ്ങളും നൽകി പരമാവധി ഒരു വർഷം വരെ അവധി നൽകാം.

∙ 3 വയസ്സു വരെയുള്ള കുട്ടികളെ സംരക്ഷിക്കാൻ  40% ശമ്പളത്തോടു കൂടി ഒരു വർഷം വരെ അവധി. 

∙ പിതൃത്വ അവധി 10 ദിവസത്തിനു പകരം 15 ദിവസം. 

80 കഴിഞ്ഞാൽ 1000 രൂപ അധിക പെൻഷൻ

കുറഞ്ഞ പെൻഷൻ 11,500 രൂപ; കൂടിയത് 83,400 രൂപ. കുറഞ്ഞ കുടുംബ പെൻഷൻ 11,500 രൂപ; കൂടിയത് 50,040. ഗ്രാറ്റുവിറ്റി പരിധി 14 ലക്ഷം രൂപയിൽനിന്നു 17 ലക്ഷമാക്കി. 80 വയസ്സു കഴിഞ്ഞ പെൻഷൻകാർക്കു മാസം 1000 രൂപ അധിക ബത്ത നൽകണം. പെൻഷൻ നിർണയ രീതി നിലവിൽ അവസാന 10 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയാണ്. ഇത് അവസാന ശമ്പളത്തിന്റെ പകുതിയാക്കണം. അവസാന സ്ഥാനക്കയറ്റം താൽക്കാലികമെങ്കിൽ മാത്രം 10 മാസ ശരാശരി നോക്കാം. കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വെല്ലുവിളിയുള്ള കുട്ടികൾക്കു പൂർണ പെൻഷൻ നൽകണം.

അടിസ്ഥാന ശമ്പളം x 1.38 = പുതിയ അടിസ്ഥാന ശമ്പളം

ജീവനക്കാർക്കു പുതിയ ശമ്പളവും പെൻഷനും നിർണയിക്കാൻ കമ്മിഷൻ വക നിസ്സാര ഫോർമുല. നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ചാൽ പുതിയ അടിസ്ഥാന ശമ്പളമായി. 

നിലവിലെ അടിസ്ഥാന ശമ്പളത്തിൽ 28 % ഡിഎ (നിലവിലെ 20 % + കുടിശിക 8 %) ലയിപ്പിച്ചു കിട്ടുന്ന തുകയിൽ 10 % വർധന വരുത്തിയാണു പുതിയ  അടിസ്ഥാന ശമ്പളം നിർണയിച്ചത്. ഇൗ സംഖ്യയിലെത്താൻ നിലവിലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ചാൽ മാത്രം മതി. മറ്റ് അലവൻസുകൾ കൂടി ചേർ‌ക്കുമ്പോൾ ആകെ ശമ്പളമായി. 

Content Highlights: Kerala 11th pay revision commission report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com