ADVERTISEMENT

തിരുവനന്തപുരം ∙ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് കൈമാറിയെങ്കിലും ഇൗ നിർദേശങ്ങളെല്ലാം സർക്കാർ അപ്പടി അംഗീകരിക്കണമെന്നില്ല. പ്രത്യേകിച്ചു ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷത്തേക്കു നീട്ടിവയ്ക്കണമെന്ന ശുപാർശ. കേരളം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനാൽ തൊഴിലന്വേഷകരായ യുവാക്കളെ പിണക്കുന്നതാകും അത്തരമൊരു നടപടി. അതിനാൽ‌ ഇൗ ശുപാർശ തള്ളിയേക്കും. മറ്റെല്ലാ ശുപാർശകളും നേരിയ ഭേദഗതികളോടെ അംഗീകരിക്കാനാണു സാധ്യത. 

അടുത്ത മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്റെ നിർദേശങ്ങളെക്കുറിച്ചു പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വച്ചേക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് വാങ്ങി അടുത്ത മാസം പകുതിയോടെ ഉത്തരവിറക്കാനാണു സർക്കാർ ആലോചിക്കുന്നത്. നടപടി വേഗത്തിലാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.

തൃപ്തരാകാതെ ജീവനക്കാർ

കഴിഞ്ഞ തവണ 12 ശതമാനവും അതിനു മുൻപ് 10 ശതമാനവുമായിരുന്നു ശമ്പള വർധന. സാധാരണ ഗതിയിൽ സർവീസ് വെയ്റ്റേജ് വഴി 15% അധിക വർധന കിട്ടുന്നതാണ്. ഇത് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയിലാണു ജീവനക്കാർ. കഴിഞ്ഞ തവണ 15% വരെ സർവീസ് വെയ്റ്റേജ് നൽകിയിരുന്നു. 

കഴിഞ്ഞ തവണ 7800 കോടിയുടെ ബാധ്യത ഉണ്ടായിരുന്നത് ഇക്കുറി 4800 കോടിയാക്കി കുറയ്ക്കാൻ കഴിഞ്ഞതിന്റെ മുഖ്യ കാരണം ഇതാണ്. പൂർത്തിയായ ഓരോ വർഷത്തെ സർവീസിനു അര ശതമാനം അടിസ്ഥാന ശമ്പളത്തിൽ വർധന നൽകുമായിരുന്നു. 30 വർഷത്തെ സർവീസുണ്ടെങ്കിൽ 15% വരെ സർവീസ് വെയ്റ്റേജ് കിട്ടേണ്ടതാണ്.

അതേസമയം, വീട്ടുവാടക അലവൻസ് വർധിപ്പിച്ചതു നഗരങ്ങളിലെ ജീവനക്കാർക്കു വലിയ നേട്ടമായി. അടിസ്ഥാന ശമ്പളത്തിന്റെ 10% എന്ന വർധന ജീവനക്കാർ പ്രതീക്ഷിച്ചതല്ല.

പ്രതിസന്ധി മറികടന്ന് റിപ്പോർട്ട്

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സാഹചര്യങ്ങളും കാരണം ഒരുവേള വേണ്ടെന്നു വയ്ക്കാൻ ഒരുങ്ങിയ റിപ്പോർട്ടാണ് ഒടുവിൽ സർക്കാരിനു മുന്നിലെത്തിയത്. സാധാരണ ശമ്പള കമ്മിഷനെ സഹായിക്കാൻ കിട്ടുന്ന ജീവനക്കാരുടെ പകുതി മാത്രമായിരുന്നു ഇക്കുറി ജോലികൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നത്. ഇതര സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പഠിക്കുന്നത് അടക്കമുള്ള പതിവുരീതികൾ കമ്മിഷൻ ഉപേക്ഷിച്ചു. ഓഫിസ് തുറന്നു പ്രവർത്തിക്കാൻ കിട്ടിയ ദിവസങ്ങളുടെ കണക്കെടുത്താൽ ഏറ്റവും ചുരുങ്ങിയ നാളുകൾ കൊണ്ടു റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞെന്നതു കമ്മിഷന്റെ പ്രത്യേകതയാണ്. 

പുതുക്കിയ ശമ്പളം നിർണയിക്കാൻ അതിവേഗം കഴിയുമെന്നതാണ‌ു റിപ്പോർട്ടിലെ നിർദേശങ്ങളുടെ കാതൽ.

 

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11,500 രൂപ

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11,500 രൂപ. കൂടിയത് 22,970 രൂപ. ശമ്പള നിർണയം മറ്റു ജീവനക്കാർക്കു ബാധകമാകുന്ന ചട്ടം അനുസരിച്ചായിരിക്കും. ആർജിതാവധി ശേഖരണം പരമാവധി 120ൽ നിന്നു 150 ആക്കി ഉയർത്തണം. എസ്എൽഐ, ജിഐഎസ് എന്നീ ആനുകൂല്യങ്ങൾ അനുവദിക്കും. കുറഞ്ഞ പെൻഷൻ 5,750 രൂപയും കൂടിയ പെൻഷൻ 11,485 രൂപയും

Content Highlights: Kerala pay commission

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com