ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ 100 നിയമനങ്ങൾ നടത്തുമ്പോൾ ഓരോ ഇരുപതാമത്തെ തസ്തികയും ആശ്രിതനിയമനത്തിനായി മാറ്റിവയ്ക്കണമെന്നു ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ. നിലവിലെ ചട്ടമനുസരിച്ച് ഒരു വർഷമുണ്ടാകുന്ന ആകെ ഒഴിവുകളുടെ 5 ശതമാനമാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. 20 ഒഴിവുകളുണ്ടായാൽ മാത്രമേ ആശ്രിതനിയമനത്തിനായി ഒരെണ്ണം മാറ്റിവയ്ക്കാ‍ൻ കഴിയൂ. 19 ഒഴിവുകൾ മാത്രമാണെങ്കിൽ ഒരു തസ്തിക ആശ്രിതനിയമനത്തിനായി ലഭിക്കുന്നില്ലെന്നു ചുരുക്കം. ഒട്ടേറെപ്പേർ ആശ്രിതനിയമനത്തിൽ റഗുലറൈസഷനു കാത്തിരിക്കുന്നതായി കമ്മിഷൻ വിലയിരുത്തി.

ബാരക്കിൽ എച്ച്ആർഎ വേണ്ട

വിവിധ ബറ്റാലിയനുകളുമായി ബന്ധപ്പെട്ട് ബാരക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ) നൽകേണ്ടതില്ലെന്ന് കമ്മിഷൻ. ഇവരുടെ താമസത്തിന്റെ ചെലവു സർക്കാർ വഹിക്കുന്നുവെന്ന കാരണത്താലാണിത്. എന്നാൽ ഇവർക്കു ബാരക് അലവൻസ് എന്ന പേരിൽ പുതിയ ആനുകൂല്യം നൽകണം. സർക്കാർ ക്വാർട്ടേഴ്സ് ഉപയോഗിക്കുന്നവർക്ക് ഇതു ലഭിക്കില്ല. കോൺസ്റ്റബിളിന് 1,500 രൂപയും കമൻഡാന്റിന് 5,000 രൂപയുമാണ് ബാരക് അലവൻസ്.

‘നോട്ടം’ റദ്ദാക്കണം

ട്രഷറിയിൽ നിന്നു വലിയ തോതിൽ പണം സെക്രട്ടേറിയറ്റിലേക്ക് എത്തിക്കുന്ന 'നോട്ടം' എന്ന തസ്തിക റദ്ദാക്കണമെന്ന് ശുപാർശയുണ്ട്. നിലവിൽ ഇങ്ങനെ പണം കൊണ്ടുവരേണ്ട സാഹചര്യമില്ല. നിലവിലുള്ളവരെ അറ്റൻഡർ ജോലിയിലേക്കു മാറ്റണം. ഡ്യൂപ്ലിക്കറ്റിങ് മെഷീൻ ഓപ്പറേറ്റർ തസ്തികയിലുള്ളവർക്കും നിലവിൽ ജോലിയില്ലാത്തതുകൊണ്ട് നിർത്തലാക്കണം. ഓപ്പറേറ്റർക്കു പുറമേ ഇതിനു സൂപ്പർവൈസർ തസ്തികയുമുണ്ട്. മുൻപുള്ള 2 ശമ്പളപരിഷ്കരണ കമ്മിഷനുകളും സമാന ശുപാർശ മുന്നോട്ടുവച്ചിരുന്നു.

ഭാഷ അറിയുന്നവർ വായിക്കണം

നിയമ സെക്രട്ടേറിയറ്റിലെ പരിഭാഷകർ (ട്രാൻസ്‌ലേറ്റേഴ്സ്) പരിഭാഷപ്പെടുത്തുന്ന എഴുത്തുകൾ ആ ഭാഷ അറിയാത്ത ഉദ്യോഗസ്ഥർ അംഗീകരിക്കുന്നതു ലജ്ജാകരമാണെന്നു കമ്മിഷൻ. പരിഭാഷ വിഭാഗത്തിലുള്ളവർ തന്നെ എഴുത്തുകൾ വായിച്ചു നോക്കി അംഗീകരിക്കണമെന്നും ശുപാർശയുണ്ട്.

അണ്ടർസെക്രട്ടറിമാർക്കും ഡൽഹി യാത്ര വിമാനത്തിൽ

തിരുവനന്തപുരം ∙ അണ്ടർ സെക്രട്ടറിമാർക്കും ഡൽഹിയിലേക്കു വിമാനയാത്രയ്ക്ക് അനുമതി നൽകാൻ കമ്മിഷന്റെ ശുപാർശ. നിലവിൽ 55,350 മുതൽ 1,01400 രൂപ വരെ ശമ്പള സ്കെയിലിലുള്ളവർക്കാണു വിമാനയാത്രയ്ക്ക് അനുമതിയുള്ളത്. അണ്ടർ സെക്രട്ടറിമാരുടെ ശമ്പള സ്കെയിൽ 45,800 മുതൽ 89,000 ആണ്. ഡൽഹിയിലേക്കു പല ആവശ്യങ്ങൾക്കും ഇവർ പോകുന്നത് 6 ദിവസത്തോളം ട്രെയിനിൽ യാത്ര ചെയ്താണ്. ഇത് അധിക ചെലവിനും ഉദ്യോഗസ്ഥർക്ക് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നു കമ്മിഷൻ വിലയിരുത്തി.

1965 ൽ ആരംഭിച്ച റീസർവേ നടപടികൾ ഇപ്പോഴും 51 ശതമാനത്തിൽ നിൽക്കുന്നതിൽ കമ്മിഷൻ അതൃപ്തി അറിയിച്ചു. 1664 വില്ലേജുകളിൽ 907 എണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. പണച്ചെലവും സമയനഷ്ടവുമുണ്ടായാലും ഭൂമിയുടെ ഉടമസ്ഥരെ മുൻകൂർ അറിയിച്ചു റീസർവേ പ്രക്രിയ കൂടുതൽ സുതാര്യമാക്കണമെന്നും ശുപാർശയുണ്ട്.

Content Highlights: Kerala pay commission report highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com