ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അധികമായി ഉൾപ്പെടുത്തിയ 7 പേർ ആരൊക്കെയാണെന്ന് ആരാഞ്ഞ് പൊതുഭരണ വകുപ്പ്. ഇവരെ പഴ്സനൽ സ്റ്റാഫ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണു മുഖ്യമന്ത്രിയുടെ ഓഫിസിന് ഇങ്ങനെ കത്തു കൈമാറിയത്.

മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ പ്രഭാവർമ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്, അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുന്നതിനു പഴ്സനൽ സ്റ്റാഫ് റൂൾസ് ഭേദഗതി ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 30 ൽ നിന്നു 37 ആയി.

പുതുതായി ഉൾപ്പെടുത്തേണ്ടവരുടെ തസ്തികയടക്കമാണു തുടക്കത്തിൽ ഫയൽ നീങ്ങിയതെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. അധികം ഉൾ‌പ്പെടുത്തേണ്ടവരുടെ എണ്ണം മാത്രം ചട്ടത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. അധിക തസ്തികകൾ ഏതൊക്കെയാണെന്നു ധന വകുപ്പും ഫയലിൽ ആരാഞ്ഞിരുന്നു. അതു കണക്കിലെടുക്കാതെ ‘അധികമായി 7 പേരെ പഴ്സനൽ സ്റ്റാഫ് പട്ടികയിൽ ചേർക്കാം’ എന്നു മാത്രം ഭേദഗതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നു മുഖ്യമന്ത്രി കുറിച്ചു. ഉത്തരവിന്റെ മാത്രം ബലത്തിൽ നിയമിക്കപ്പെട്ട ഈ 7 പേർക്കു പെൻഷൻ നൽകാനായിട്ടാണു പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 30 ൽ നിന്നു 37 ആക്കിയത്.

30 സ്റ്റാഫ് അംഗങ്ങളുടെ തസ്തിക ഏതൊക്കെയാണെന്നു പൊതു ഭരണ വകുപ്പിന്റെ 2011ലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി പൊളിറ്റിക്കൽ സെക്രട്ടറി, ഇദ്ദേഹത്തിനു 4 സ്റ്റാഫ് എന്നിങ്ങനെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ് പൊതുഭരണ വകുപ്പ് ഇനി ഇറക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com