ADVERTISEMENT

കൊല്ലം ∙ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തിനു മാനദണ്ഡങ്ങൾ ലംഘിച്ചു ചവറ കെഎംഎംഎല്ലിൽ സ്ഥിരനിയമനം നൽകിയതു വിവാദമായതിനു പിന്നാലെ മറ്റൊരു സ്റ്റാഫിനു കൂടി ഉയർന്ന തസ്തികയിൽ നിയമനം. പഴ്സനൽ സ്റ്റാഫിലെ മറ്റു ചിലരെ കിൻഫ്ര ഉൾപ്പെടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ നീക്കവും തുടങ്ങി. 

ജൂനിയർ ഖലാസി തസ്തികയിൽ 8 പേരെ നിയമിച്ചതിൽ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഉൾപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ സിപിഎം ഏരിയ സെക്രട്ടറിയുടെ മകളുടെ ഭർത്താവാണ് ഇദ്ദേഹം. ഇതിനു പിന്നാലെയാണ് എക്സിക്യൂട്ടീവ് ട്രെയിനി (പബ്ലിക് റിലേഷൻസ്), മാർക്കറ്റിങ് ഓഫിസർ എന്നീ തസ്തികകളിൽ അഭിമുഖം മാത്രം നടത്തി നിയമനം നടത്തിയത്. നിയമനം ലഭിച്ചവരിലൊരാൾ മന്ത്രിയുടെ സമൂഹ മാധ്യമ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ്. മറ്റൊരാൾ സംസ്ഥാനത്തെ ഉയർന്ന സ്റ്റാറ്റ്യൂട്ടറി പദവി വഹിക്കുന്ന സിപിഎം അനുഭാവിയായ ചവറ സ്വദേശിയുടെ മകനും. 

യോഗ്യതയില്ലാത്തതിനാൽ കമ്പനിയിലെ സ്ക്രൂട്ടിനി കമ്മിറ്റി തള്ളിക്കളഞ്ഞതാണ് ഇതിൽ ഒരാളുടെ അപേക്ഷ. സമൂഹ മാധ്യമങ്ങളിൽ വ്യവസായ വകുപ്പിന്റെയും മന്ത്രിയുടെയും പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ നിയോഗിക്കപ്പെട്ടയാളെ ആദ്യം കിൻഫ്രയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച ശേഷമാണു മന്ത്രിയുടെ ഓഫിസിന്റെ ഭാഗമാക്കിയത്. 

പഴ്സനൽ സ്റ്റാഫിലെ മറ്റു ചിലരെ കിൻഫ്രയിൽ പുതിയ തസ്തികകളിൽ നിയമിക്കാനാണു നീക്കം. ‘മൾട്ടി ടാസ്കിങ് പഴ്സനൽ’ എന്ന പേരിൽ 7 പേരെ നിയമിക്കാൻ കിൻഫ്രയ്ക്കു വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 

‘കട്ടിപ്പണി’ ‘നൈസ്’ ആക്കി

കെഎംഎംഎല്ലിൽ ജൂനിയർ ഖലാസി തസ്തികയിൽ നിയമിക്കപ്പെട്ട മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിനു കമ്പനിയിൽ ആദ്യം കിട്ടിയത് ‘കട്ടിപ്പണി’. ഭാരമേറിയ യന്ത്രഭാഗങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന പിഗ്‍െമന്റ് പ്ലാന്റ് മെയിന്റനൻസ് വിഭാഗത്തിലാണ് ആദ്യം നിയോഗിച്ചത്. കട്ടിപ്പണി കിട്ടിയ വിവരം അറിയിച്ചതോടെ ഇന്നലെ കെഎംഎംഎൽ അധികൃതർക്ക് ഉന്നതരുടെ വിളിയെത്തി. ഉടൻ ലളിതമായ ജോലിയുള്ള സെൻട്രൽ മെക്കാനിക്കൽ റിപ്പയർ ഷോപ്പിലേക്കു മാറ്റി.

English Summary: Backdoor appointment for minister staff in KMML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com