ലയ രാജേഷിനോട് കടകംപള്ളി: ‘റാങ്ക് പട്ടിക 10 വർഷം നീട്ടിയാലും സഹോദരിക്കു ജോലി കിട്ടുമോ?’

HIGHLIGHTS
  • സമരക്കാരുടെ പ്രതിനിധികളെ മന്ത്രി അവഹേളിച്ചെന്ന് ആക്ഷേപം; വിവാദം
1200-laya-kadakampally
ലയ രാജേഷ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
SHARE

തിരുവനന്തപുരം ∙ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവഹേളിച്ചതായി ആക്ഷേപം. സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ നടത്തുന്ന സമരത്തിന്റെ മുൻ നിരയിലുള്ള ലയ രാജേഷിനോട്, റാങ്ക് പട്ടിക 10 വർഷം നീട്ടി നൽകിയാലും സഹോദരിക്കു ജോലി കിട്ടുമോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നന്നായി പ്രവർത്തിക്കുന്ന സർക്കാരിനെ നാണം കെടുത്താൻ ഇങ്ങനെ സമരം ചെയ്യുന്നത് എന്തിനാണെന്നും ചോദിച്ചു.

മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്കു തയാറാകാത്ത സാഹചര്യത്തിലാണു സമരക്കാരുടെ പ്രതിനിധികളായി ലയ രാജേഷ്, കെ.കെ.റിജു, ബിജേഷ് മോഹൻ എന്നിവർ ഇന്നലെ രാവിലെ 6.45 നു മന്ത്രിയെ കാണാൻ തൈക്കാട് ഹൗസിൽ എത്തിയത്. മറ്റു സന്ദർശകർക്കൊപ്പം കാത്തുനിന്നു മന്ത്രിയെ കണ്ടപ്പോൾ, ആദ്യം തിരക്കിയതു മൂവരുടെയും റാങ്ക്. തൃശൂർ ജില്ലയിൽ 583-ാം റാങ്ക് ആണെന്നു ലയ പറഞ്ഞപ്പോഴാണു 10 വർഷം പട്ടികയുടെ കാലാവധി നീട്ടിയാലും ജോലി കിട്ടുമോ എന്ന് ആക്ഷേപിച്ചത്.

പട്ടികയുടെ കാലാവധി നീട്ടാനല്ല, ഒഴിവുകളിൽ മതിയായ നിയമനം ലഭിക്കാനാണു സമരമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ചീഫ് സെക്രട്ടറി വകുപ്പു സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ഒരാളെപ്പോലും നിയമിക്കാതെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അടുത്ത ആളെ വിളിക്കാൻ മന്ത്രി സ്റ്റാഫിനോടു നിർദേശിച്ചതോടെ ഉദ്യോഗാർഥികൾ മുറിയിൽ നിന്നിറങ്ങി.

അതു നല്ല റാങ്കാണ്, മന്ത്രീ..

തൃശൂർ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പട്ടികയിൽ 583-ാം റാങ്ക് നേടിയ ലയ രാജേഷിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിഹസിച്ചെങ്കിലും വസ്തുതകൾ വ്യക്തമാക്കുന്നത് 418 വരെയുള്ളവർക്കു നിയമനം ലഭിച്ചു എന്നാണ്. 21 ഒഴിവുകൾ ഇപ്പോഴുണ്ട്. സമുദായ സംവരണത്തിന് യോഗ്യതയുള്ള ലയയ്ക്ക് അതിനൊപ്പം 144 നിയമനം കൂടി നടന്നാൽ ജോലി ലഭിക്കാം. കഴിഞ്ഞ പട്ടികയിൽനിന്നു ലയ ഉൾപ്പെടുന്ന സമുദായത്തിലെ വനിതകളിൽ 782-ാം റാങ്ക് വരെയുള്ളവർക്കു ജോലി ലഭിച്ചിരുന്നു

∙ ‘മന്ത്രിയിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടായപ്പോൾ ഞാൻ ഞെട്ടിപ്പോയി. സങ്കടവും വന്നു. എന്റെ മാത്രം ജോലിക്കു വേണ്ടിയല്ല സമരത്തിനിറങ്ങിയത്.’ – ലയ രാജേഷ്

∙ ‘അനുവാദം വാങ്ങിയല്ല അവർ കാണാൻ വന്നത്. മോശമായി പെരുമാറിയിട്ടില്ല. വസ്തുതകൾ പറഞ്ഞു. റാങ്ക് ലിസ്റ്റിന്റെ കാലാവധി 10 വർഷം നീട്ടിയാലും ജോലി ലഭിക്കുമോ എന്നു ലയ രാജേഷിനോടു ചോദിച്ചതു ശരിയാണ്. നല്ലതു മാത്രം ചെയ്ത സർക്കാരിനെ മോശമാക്കാൻ ശത്രുക്കളുടെ കയ്യിലെ കരുവായിട്ടല്ലേ സമരമെന്നും ചോദിച്ചു. നിയമനം കിട്ടാതെ റദ്ദായ റാങ്ക് ലിസ്റ്റുകളുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും പ്രതികരണം ഉണ്ടായില്ല. കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാവും.’ – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

English Summary: If they were hurt, it's because they feel guilty: Kadakampally about protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA