ആഴക്കടൽ മത്സ്യബന്ധന ഇടപാട്: ‘ധരണ’ റദ്ദാക്കി

HIGHLIGHTS
  • റദ്ദാക്കിയത് ട്രോളർ നിർമാണത്തിനുള്ള 2950 കോടിയുടെ ധാരണാപത്രം
  • 5000 കോടിയുടെ ആദ്യ ധാരണാപത്രവും 4 ഏക്കർ ഭൂമി ഇടപാടും റദ്ദാക്കിയിട്ടില്ല
1200-cm-pinarayi-vijayan
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പിട്ട ധാരണാപത്രം സർക്കാർ റദ്ദാക്കി. കേരളത്തിന്റെ മത്സ്യബന്ധന മേഖല തീറെഴുതാനുള്ള ഇടപാടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വൻ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണു തീരുമാനം. ധാരണാപത്രത്തിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു മുഖ്യമന്ത്രി നിർദേശം നൽകി.

അതേസമയം, ഇഎംസിസിയുമായി വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 2020 ഫെബ്രുവരി 28ന് ഒപ്പിട്ട 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവും അതിന്റെ അടിസ്ഥാനത്തിൽ ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ ഇഎംസിസിക്ക് 4 ഏക്കർ ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടില്ല.

കേരള തീരത്ത് ആഴക്കടൽ മത്സ്യബന്ധനത്തിനായി 2950 കോടി രൂപ ചെലവിൽ 400 ട്രോളറുകളും 5 മദർഷിപ്പുകളും നിർമിക്കാനും മത്സ്യബന്ധന തുറമുഖങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് ഇഎംസിസിയും കെഎസ്ഐഎൻസിയും ഈ മാസം 2ന് ധാരണാപത്രം ഒപ്പിട്ടത്. 

കഴിഞ്ഞ വെള്ളിയാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ ആദ്യം നിഷേധിച്ചെങ്കിലും പ്രതിപക്ഷനേതാവ് തെളിവുകൾ ഒന്നൊന്നായി പുറത്തുവിട്ടതോടെ പൂർണമായി പ്രതിരോധത്തിലായി. 

ഇഎംസിസി ഗ്ലോബൽ സിഇഒ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നു രമേശ് ചെന്നിത്തല ആരോപിക്കുകയും ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് ഇതു സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ ധാരണാപത്രം റദ്ദാക്കി തടിയൂരാൻ തീരുമാനിച്ചത്. എന്നാൽ, ട്രോളർ നിർമാണത്തിനുള്ള ധാരണപത്രം റദ്ദാക്കിയതുകൊണ്ടു മാത്രം പദ്ധതി ഉപേക്ഷിച്ചെന്നു പറയാനാകില്ല. 5000 കോടിയുടെ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിത്.

‘അസെൻഡ്’ നിക്ഷേപക ഉച്ചകോടിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 28ന് ഒപ്പിട്ട ധാരണാപത്രം റദ്ദായതായി സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പദ്ധതിയാണെന്ന് ഈ ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിന് 6 മാസത്തെ കാലാവധി മാത്രമേയുള്ളൂവെന്നും ഇപ്പോൾ പ്രാബല്യത്തിലില്ലെന്നുമാണു കെഎസ്ഐഡിസി ഉന്നയിക്കുന്ന വാദം.

English Summary : Govt. repeals EMCC contract on deep sea trawling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA