കേന്ദ്രത്തിന് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്: വീണ്ടും തെളിവുമായി രമേശ്

Deep Sea Fishing
ഇഎംസിസിയെക്കുറിച്ച് വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ കേന്ദ്രസർക്കാരിനു നൽകിയ കത്തിന്റെ പകർപ്പ് രമേശ് ചെന്നിത്തല പുറത്തുവിട്ടപ്പോൾ.
SHARE

തിരുവനന്തപുരം ∙ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ 2019 ഒക്ടോബർ 3നു കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് പദ്ധതി സംബന്ധിച്ചെഴുതിയ കത്ത് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ന്യൂയോർക്കിലെ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ വിശ്വാസ്യത അന്വേഷിച്ച് അറിയിക്കണമെന്നും പറഞ്ഞാണ് കത്ത്. കേന്ദ്രത്തിന്റെ മറുപടി കൂടി പരിശോധിച്ചാണു പദ്ധതി ‘അസെൻഡ്’ നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ചതും പിന്നീടു ധാരണാപത്രം ഒപ്പിട്ടതും.

2019 ഓഗസ്റ്റ് 3നാണ് ഇഎംസിസി ഫിഷറീസ് വകുപ്പിനു പദ്ധതിരേഖ സമർപ്പിച്ചത്. വകുപ്പുതല പരിശോധനയ്ക്കു ശേഷം അസെൻഡിലേക്കു ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്തു ധാരണാപത്രം ഒപ്പിടാനായി സമർപ്പിച്ചു. തുടർന്നാണു വകുപ്പു മന്ത്രിമാരും ചീഫ് സെക്രട്ടറി, വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, വ്യവസായ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ ഇഎംസിസിയുമായി ധാരണാപത്രം വയ്ക്കാൻ തീരുമാനിച്ചത്.

ആഴക്കടൽ മത്സ്യബന്ധന പ്രോജക്ട് എന്നു പദ്ധതിരേഖയുടെ തലക്കെട്ടിലും ഉള്ളടക്കത്തിലും വ്യക്തമായി പറയുന്നുണ്ട്. അസെൻഡിൽ അംഗീകരിച്ച പദ്ധതിയിൽ സർക്കാർ സഹകരിപ്പിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ പേരുമുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വാദിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

5000 കോടിയുടെ ധാരണാപത്രവും ഭൂമി ഇടപാടും റദ്ദാക്കണം

ഇഎംസിസിയും ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും തമ്മിലുള്ള ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം സർക്കാരിന്റെ കുറ്റസമ്മതമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 5000 കോടിയുടെ വമ്പൻ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ട്രോളർ നിർമാണ ധാരണാപത്രം. കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലുള്ള 5000 കോടിയുടെ ധാരണാപത്രവും ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ 4 ഏക്കർ സ്ഥലം നൽകിയുള്ള ഉത്തരവും റദ്ദാക്കണം.

അസെൻഡ് നിക്ഷേപക സംഗമം കഴിഞ്ഞ് 48 ദിവസത്തിനു ശേഷമാണു ധാരണാപത്രം ഒപ്പിട്ടത്. ചർച്ച നടത്തി ഇടപാട് ഉറപ്പിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നു വ്യക്തം. നിയമസഭയിൽ അസെൻഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഉത്തരത്തിൽ ഇഎംസിസി ധാരണാപത്രം മറച്ചുവച്ചു. പദ്ധതി പിന്നീടു തിരുകിക്കയറ്റിയതാണെന്നു സംശയിക്കണം. 2020 മാർച്ച് 3നു പി.കെ.ബഷീർ എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലും ഇഎംസിസിയുടെ പേരില്ല. ഇതിനു മന്ത്രി ഇ.പി. ജയരാജൻ മറുപടി പറയണം.

English Summary: Ramesh Chennithala against LDF government in deep sea fishing MoU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA