ADVERTISEMENT

കൊല്ലം ∙ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു പിന്നാലെ സംസ്ഥാനത്തെ പാറ ക്വാറികൾക്കു ഖനനപ്പാട്ടവും പെർമിറ്റും നീട്ടിക്കൊടുക്കുന്നതിലും സർക്കാരിന്റെ ദുരൂഹ ഇടപാട്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വർഷത്തേക്കു നീട്ടിനൽകാമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ, എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെർമിറ്റും നീട്ടി നൽകാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. പരിസ്ഥിതി അനുമതി നീട്ടുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പെർമിറ്റോ പാട്ടമോ നീട്ടാനാവില്ലെന്നിരിക്കെയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉൾപ്പെട്ട ഈ നീക്കം. പ്രത്യേക അനുമതിയില്ലാതെ ഒരു വർഷം കൂടി ഖനനം നടത്താൻ അവസരമൊരുക്കിയതിൽ കോടികളുടെ കോഴ ഇടപാട് ആരോപിക്കപ്പെടുന്നു. 

ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്ന ക്വാറികളുടെ പരിസ്ഥിതി അനുമതി കാലഹരണപ്പെട്ടെങ്കിൽ 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള ഒരു വർഷം അവയ്ക്ക് പരിസ്ഥിതി അനുമതിയുണ്ടെന്നു കണക്കാക്കാമെന്നാണു ജനുവരി 18ലെ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. അനുമതി നൽകുന്നതിനു മുന്നോടിയായുള്ള ക്വാറി സന്ദർശനം ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ മൂലം നിലച്ച സാഹചര്യത്തിലായിരുന്നു ഇളവ്. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയാണ് ക്വാറികൾക്ക് 5 വർഷം വീതം പരിസ്ഥിതി അനുമതി നൽകുന്നത്.

സംസ്ഥാനത്ത് ഒരു ഹെക്ടർ വരെയുള്ള നൂറിലേറെ ക്വാറികൾക്ക് ഒരു വർഷത്തെ പെർമിറ്റും അതിനു മുകളിലുള്ള ഏകദേശം 750 ക്വാറികൾക്ക് 5– 12 വർഷത്തെ പാട്ടവുമാണ് അനുവദിച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഒന്നര മാസത്തേക്കു മാത്രമാണു ക്വാറികൾക്കു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്. ബാക്കി സമയങ്ങളിലെല്ലാം ക്വാറികളിൽ നല്ലൊരു പങ്കും പ്രവർത്തിച്ചിരുന്നു. മൈനിങ് പ്ലാൻ പ്രകാരമുള്ള അനുവദനീയ അളവിൽ ഖനനം നടന്ന ക്വാറികളിലും ഒരു വർഷം കൂടി ഖനനം നടത്താൻ പുതിയ ഉത്തരവിലൂടെ കഴിയും. റോയൽറ്റിയും മറ്റു നിരക്കുകളും അടയ്ക്കണമെങ്കിലും കോടികളുടെ ബിസിനസ് സാധ്യമാകും. ലീസ് എഗ്രിമെന്റ് റജിസ്റ്റർ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനത്തിലും മറ്റും സർക്കാരിനു കിട്ടേണ്ട വൻ വരുമാനം നഷ്ടമാകുകയും ചെയ്യും.

 

English Summary: Kerala government extend permit of quarry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com