തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശമ്പളത്തിനും മറ്റുമായി സർക്കാർ ചെലവഴിച്ച 16.15 ലക്ഷം രൂപ (ജിഎസ്ടി ഒഴികെ) അവരെ നിയോഗിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) തിരികെ നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥരിൽനിന്നു തുല്യമായി ഈടാക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ.
സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ച കെഎസ്ഐടിഐഎൽ (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എംഡി സി. ജയശങ്കർ പ്രസാദ്, സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരാണു മറ്റു 2 പേർ. ഇവരുടെ ആസൂത്രിത നീക്കം മൂലമാണു സ്വപ്നയ്ക്കു ജോലി ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടെങ്കിലും പിഡബ്ല്യുസി ഇതുവരെ നൽകിയിട്ടില്ല. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പകരം ആരോപണ വിധേയനായ ജയശങ്കർ പ്രസാദിന് തുടർനടപടികൾക്കായി കൈമാറുകയെന്ന വിചിത്ര നടപടിയാണുണ്ടായത്.
Content Highlights: Swapna Suresh salary case