ADVERTISEMENT

പാലക്കാട് ∙ അണികളുടെ പ്രതിഷേധം ശക്തമായതോടെ, തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയ്ക്കു സീറ്റില്ല. പകരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമോദിനെ നിർദേശിക്കുന്ന സ്ഥാനാർഥിപ്പട്ടിക പാലക്കാട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. എന്നാൽ, അന്തിമ പട്ടിക തയാറാക്കുന്നതു സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകാരം നൽകേണ്ടതു പൊളിറ്റ്ബ്യൂറോയുമായതിനാൽ ജമീലയുടെ സ്ഥാനാർഥിത്വത്തിന് ഇനിയും സാധ്യതയുണ്ടെന്ന് ഒരു വിഭാഗം സംശയിക്കുന്നു.

ഇന്നലെ രാവിലെ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലും തരൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും ബാലനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. തുടർന്ന്, രാവിലെ നടത്താനിരുന്ന ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ഉച്ചയ്ക്ക് ശേഷമാക്കി. സ്ഥാനാർഥിപ്പട്ടികയിൽ തരൂരിൽ പി.പി. സുമോദിന്റെയും കോങ്ങാട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെയും പേരുകൾ അവതരിപ്പിച്ചതോടെ ബാലനെതിരെ ഉണ്ടാകാമായിരുന്ന പ്രതിഷേധം ഒഴിവായി. ബാലൻ തന്നെയാണു പേരുകൾ അവതരിപ്പിച്ചത്. ഷെ‍ാർണൂർ എംഎൽ‌എ പി.കെ.ശശിയുടെ സ്ഥാനത്തു നിർദേശിച്ച പാർട്ടി ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനു പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.മമ്മിക്കുട്ടി, ഒറ്റപ്പാലം എംഎൽ‌എ പി.ഉണ്ണിക്കു പകരം കെ.പ്രമേ‍ാദ് എന്നിവരാണു പട്ടികയിലുളളത്.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥാനാർഥിത്വത്തിനെതിരെയും കേരള കോൺഗ്രസിനു (എം) സീറ്റ് വിട്ടുനൽകിയതിനെതിരെയും മറ്റും സിപിഎം അണികളുടെ പ്രതിഷേധം തുടർന്നു. തൃശൂർ ചേലക്കരയിൽ മുൻമന്ത്രി കെ.രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിനെതിരെ ‘ചേലക്കര സഖാക്കൾ’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘യു.ആർ. പ്രദീപിനെ (സിറ്റിങ് എംഎൽഎ) വീണ്ടും മത്സരിപ്പിക്കുക’ എന്നാണ് ആഹ്വാനം.

പൊന്നാനിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദീഖിനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ശ്രീരാമകൃഷ്ണനുവേണ്ടി  പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കു മുകളിലാണിവ.  എന്നാൽ സമ്മർദങ്ങൾക്കു വഴങ്ങാതെ, സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ പേരാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.

കാസർകോട്ട് ജില്ലാ കമ്മിറ്റിയിൽ പാർട്ടി മത്സരിക്കുന്ന 3 മണ്ഡലങ്ങളിൽ രണ്ടിലും സംസ്ഥാന കമ്മിറ്റി നിർദേശത്തിനു വിരുദ്ധമായി മറ്റു പേരുകൾ ഉയർന്നു.ഉദുമയിൽ സി.എച്ച്.കുഞ്ഞമ്പുവിനു പകരം ഇ.പത്മാവതി, തൃക്കരിപ്പൂരിൽ സിറ്റിങ് എംഎൽഎ എം.രാജഗോപാലനു പകരം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഉയർന്നത്. തിരുവനന്തപുരം അരുവിക്കരയിൽ വി.കെ.മധുവിനു പകരം ജി.സ്റ്റീഫനെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുണ്ട്.

റാന്നി, കുറ്റ്യാടി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിനു വിട്ടുനൽകുന്നതിൽ അതതു മണ്ഡലങ്ങളിലെ സിപിഎം പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. ‌

വഴങ്ങാതെ  സിപിഐ; എൽജെഡിക്കും പ്രതിഷേധം

തിരുവനന്തപുരം ∙ ചങ്ങനാശേരി സീറ്റിനെ ചൊല്ലിയുള്ള തർക്കം മൂലം, സീറ്റ് വിഭജനം പ്രഖ്യാപിക്കാതെ എൽഡിഎഫ് യോഗം പിരിഞ്ഞു. ജനതാദളിന് (എസ്) 4 സീറ്റ് കൊടുത്തപ്പോൾ തങ്ങളെ 3 സീറ്റിലൊതുക്കിയതിൽ എൽജെഡിയും പ്രതിഷേധിച്ചു.

നാളെ ചേരുന്ന സിപിഐ നിർവാഹക സമിതി യോഗം ചങ്ങനാശേരി സംബന്ധിച്ച പാർട്ടി നിലപാട് തീരുമാനിക്കുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎമ്മിനെ അറിയിച്ചു. പിണറായി വിജയനെതിരെ പ്രസ്താവനയുമായി എഐവൈഎഫ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതു സിപിഐ നിലപാടിന്റെ മൂർച്ച വ്യക്തമാക്കുന്നു.

എൽജെഡിക്കു കൂത്തുപറമ്പ്, കൽപറ്റ, വടകര സീറ്റുകളാണു ലഭിച്ചിരിക്കുന്നത്. തെക്കൻ ജില്ലകളിൽ ഒരു സീറ്റ് കൂടിയെന്ന ആവശ്യം പരിഗണിക്കാമെന്നു സിപിഎം ഉറപ്പുനൽകിയിരുന്നതാണെന്നു നേതാക്കൾ പറയുന്നു. യുഡിഎഫിലായിരിക്കെ 7 സീറ്റിലാണ് മത്സരിച്ചിരുന്നത്. എൽഡിഎഫ് യോഗത്തിൽ എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറും ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസും പങ്കെടുത്തില്ല. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മാത്രമെത്തി. എന്നാൽ വ്യക്തിപരമായ അസൗകര്യമെന്നാണു ശ്രേയാംസ്കുമാർ പറഞ്ഞത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്ഇന്ന്

തിരുവനന്തപുരം ∙ സിപിഎം സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. സംസ്ഥാന കമ്മിറ്റിയുടെ പട്ടികയ്ക്കെതിരെ ഉയർന്ന എതിർപ്പുകൾ ചർച്ച ചെയ്യും. എന്നാൽ ടേം നിബന്ധനയിൽ ഇളവുണ്ടാകില്ല.

കേരള കോൺഗ്രസിനു (എം) സീറ്റുകൾ വിട്ടുനൽകിയതിനെതിരെ പ്രാദേശിക എതിർപ്പുണ്ടെങ്കിലും, നേരത്തേ നൽകിയ വാക്ക് പാലിക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു നേതൃത്വം.

കോൺഗ്രസ് പട്ടിക മറ്റന്നാൾ

തിരുവനന്തപുരം ∙ കോൺഗ്രസ് സ്ഥാനാർഥികളെ 10നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമോ എന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണു തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. എംപിമാർ മത്സരിക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com