ADVERTISEMENT

കൊച്ചി ∙ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടായില്ലെങ്കിലും ആഘോഷം ഒട്ടും കുറയാതെ പാലാരിവട്ടം മേൽപാലം തുറന്നു. ഇന്നലെ വൈകിട്ട് 3.45നാണു ഗതാഗതത്തിനു തുറന്നു കൊടുത്തത്. ഇടപ്പള്ളി ഭാഗത്തു നിന്നു മന്ത്രി ജി. സുധാകരന്റെ വാഹനം ആദ്യമായി പാലത്തിലൂടെ കടന്നുപോയി. കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചും സിപിഎം പ്രവർത്തകരുടെ ബൈക്ക് റാലി മന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി. 3.20നു പാലത്തിന്റെ വൈറ്റില ഭാഗത്ത് എത്തിയ മന്ത്രി സുധാകരൻ അവിടെ നിന്ന് പാലത്തിലൂടെ നടന്നു മറുവശത്തെത്തി.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പ്രതികൂല വിധി ഉണ്ടായിരുന്നില്ലെങ്കിൽ ഒരു വർഷത്തിനു മുൻപു തന്നെ പുനർനിർമാണം പൂർത്തിയാക്കി പാലം തുറന്നു കൊടുക്കാൻ കഴിയുമായിരുന്നുവെന്നു ജി. സുധാകരൻ പറഞ്ഞു. ഏറെ നേരത്തേ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവർ‌ക്കു മന്ത്രി നന്ദി പറഞ്ഞു.

പാലം തുറന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതുവഴി കടന്നു പോയി.നിർമാണ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് 2019 മേയ് 1 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു. മേൽപാലത്തിനു താഴെ സിഗ്‌നൽ ഇല്ലാത്ത രീതിയിലാണു ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്.

തൊഴിലാളികൾക്ക് മാത്രം നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ജർമൻ എഴുത്തുകാരൻ ബെർതോൾഡ് ബ്രെഹ്തിനെ ഉദ്ധരിച്ച് പാലാരിവട്ടം പാലം നിർമിച്ച തൊഴിലാളികൾക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ.ശ്രീധരന്റെ പേരു പരാമർശിക്കാതെയാണു മുഖ്യമന്ത്രിയുടെ കുറിപ്പ്. ‘തീബ്സിലെ 7 കവാടങ്ങൾ നിർമിച്ചതാരാണ്?

പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’ എന്ന ബ്രെഹ്തിന്റെ കവിതയിലെ വരികളാണു മുഖ്യമന്ത്രി ഉദ്ധരിച്ചത്.   18 മാസമെടുക്കുമെന്നു കരുതിയ പാലം നിർമാണം 6 മാസത്തിനകം തീർക്കാനായതിൽ തൊഴിലാളികളോട് നാടു കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com