ADVERTISEMENT

തിരുവനന്തപുരം∙ തന്റെ ഭാര്യ വിനോദിനിക്കെതിരായുള്ള ഐഫോൺ വിവാദം കെട്ടുകഥയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.

കുടുംബത്തെ വേട്ടയാടാൻ മെനഞ്ഞെടുത്ത മറ്റൊരു കള്ളക്കഥയാണിത്. പതറിപ്പോകാൻ ഉദ്ദേശിക്കുന്നില്ല. ഇതുവരെ കസ്റ്റംസ് നോട്ടിസ് വന്നതായി കണ്ടില്ല. വരുമ്പോൾ ആലോചിക്കാം– മനോരമ ഓൺലൈൻ ‘ക്രോസ് ഫയറി’ൽ കോടിയേരി പറഞ്ഞു.

വിനോദിനി ഐഫോൺ ഉപയോഗിക്കുന്നുണ്ട്. അത് അവർ വാങ്ങിയതാണ്. സ്വപ്ന സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായോ കോൺസൽ ജനറലുമായോ ബന്ധമില്ല. പിന്നെങ്ങനെ അദ്ദേഹത്തിനു കൊടുത്ത ഫോൺ കിട്ടും. സാധാരണ ഗതിയിൽ ഭരണരംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം. എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. ഈ മൂന്നു പേരെയും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല– കോടിയേരി പറഞ്ഞു.

ഐഫോൺ വിവാദത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചതു ഞാനല്ല. 5 ഐഫോൺ വാങ്ങിയതിൽ ഒന്നു കൊടുത്തതു പ്രതിപക്ഷ നേതാവിനാണ് എന്നു വെളിപ്പെടുത്തിയതു സന്തോഷ് ഈപ്പനാണ്. അതാണു ചൂണ്ടിക്കാട്ടിയത്. അതു വസ്തുതയല്ലെന്നു രമേശ് പറഞ്ഞതോടെ വിടുകയും ചെയ്തു.

ഇരട്ടപ്പോരാട്ടം വേണ്ട അവസ്ഥ

ബിനീഷിനെ എങ്ങനെയും ജയിലിൽ അടയ്ക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യമെന്ന് കോടിയേരി. ആദ്യം ലഹരിമരുന്നു കേസെന്നു പറഞ്ഞു. കുറ്റപത്രം കൊടുത്തപ്പോൾ അതിൽ ബിനീഷിന്റെ പേരില്ല. പിന്നെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെടുത്തി.

കേന്ദ്ര സർക്കാർ വിചാരിച്ചാൽ ആരെയും ജയിലിൽ ഇടാമല്ലോ. എന്തുവന്നാലും തന്റെ രാഷ്ട്രീയ നിലപാടു മാറില്ല. കുടുംബം തകരാനും പോകുന്നില്ല.

സിപിഎം സെക്രട്ടറിയായി മടങ്ങിവരുമോയെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ: രോഗത്തോടു പൊരുതണം, കൂടെ ഇത്തരം ദുഷ്പ്രചാരണങ്ങളെയും നേരിടണം. ഇരട്ടപ്പോരാട്ടം ഏറ്റെടുക്കേണ്ട അവസ്ഥയാണു വ്യക്തിപരമായി എനിക്ക്. സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടു മാത്രമല്ല, പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുക. ജീവനുള്ളിടത്തോളം കാലം സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണ്ടി പ്രവർത്തിക്കും.

ടേം നിബന്ധനയിൽ ഇളവില്ല

രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണമെന്ന പാർട്ടി തീരുമാനത്തിൽ ഇളവു കൊടുക്കാൻ സാധിക്കില്ലെന്ന് കോടിയേരി. രണ്ടു ടേം ഇളവു പിന്നീടു നാലും അഞ്ചും ആകാം. അപ്പോൾ വേറെയാർക്കും അവസരം കിട്ടില്ല. കോൺഗ്രസ് നേരിടുന്നത് ഇതാണ്. തുടർച്ചയായി ഒരേ ആളുകൾ ഒരേ മണ്ഡലത്തിൽ നിന്നതിന്റെ അനുഭവങ്ങൾ തങ്ങൾ ബംഗാളിൽ നേരിട്ടതാണെന്നും കോടിയേരി പറഞ്ഞു.

പാർട്ടി നേതാക്കളുടെ ഭാര്യമാർ സിപിഎം പട്ടികയിൽ ഇടം നേടിയെന്ന ആക്ഷേപത്തെക്കുറിച്ച് മറുപടിയിങ്ങനെ: ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ പേരു പുറത്തുവന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നതിൽ സാംഗത്യമില്ല. പാർട്ടി തീരുമാനമായി വരുമ്പോൾ മാത്രമേ നിലപാടു പറയേണ്ടതുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com