ADVERTISEMENT

തിരുവനന്തപുരം ∙ മത്സരിക്കുന്നില്ലെന്ന തീരുമാനത്തിൽ പുനരാലോചന വേണമെന്നു സുരേഷ് ഗോപി എംപിയോടു ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. അങ്ങനെയെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ അദ്ദേഹം സ്ഥാനാർഥിയാകും.

ഷൂട്ടിങ് തിരക്കാണെന്നതിനാൽ മത്സരിക്കാനുള്ള അസൗകര്യം സുരേഷ് ഗോപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിനായി ഇന്നു ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം തൃശൂരിൽ ചേരും.

കേരളത്തിൽനിന്ന് ഓരോ സീറ്റിലും 3 പേരുകളാണു കേന്ദ്ര പാർലമെന്ററി ബോർഡിനു നൽകുന്നത്. 12 ന് ഉച്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പാർലമെന്ററി ബോർഡ് യോഗം ചേരും. ബിജെപിയുടെ ദേശീയ നേതൃത്വം ഇടപെട്ടു നടത്തിയ 2 സർവേ റിപ്പോർട്ടും പരിഗണിക്കും. കേരളത്തിൽനിന്നു തിരഞ്ഞെടുപ്പു കമ്മിറ്റി നൽകുന്ന പട്ടികയിൽ ഉൾപ്പെടാത്ത പേരുകൾ സർവേ റിപ്പോർട്ടിലുണ്ടെങ്കിൽ പ്രതീക്ഷിക്കാത്ത ചില സ്ഥാനാർഥികളും ഉണ്ടായേക്കും. പാർട്ടി നേതാക്കൾക്കു പുറമേ പ്രമുഖ വ്യക്തികളിൽ ആരെ സ്ഥാനാർഥിയാക്കിയാൽ ചില മണ്ഡലങ്ങളിൽ ജയിക്കാമെന്ന പഠനമാണു സർവേ വഴി നടത്തിയത്.

കേരളത്തിൽ നിന്നു പട്ടികയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരാണു ഡൽഹിക്കു പോകുന്നത്.

ഇപ്പോൾ ‘പാപ്പൻ’ പിന്നെ ‘ഒറ്റക്കൊമ്പൻ’

ജോഷി സംവിധാനം ചെയ്യുന്ന ‘ പാപ്പൻ ’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോൾ. കാഞ്ഞിരപ്പള്ളിയിലും പരിസരത്തും കഴിഞ്ഞ 5 നാണ് ചിത്രീകരണം തുടങ്ങിയത്. ഒരു മാസം നീളുന്നതാണ് ഷെഡ്യൂൾ. ഇതിനു ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം തുടങ്ങും.നിധിൻ രൺജി പണിക്കരുടെ ‘കാവലി’ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സുരേഷ് ഗോപിക്ക് അതിന്റെ ഡബ്ബിങ് ജോലികളുമുണ്ട്.

ബിഡിജെഎസ് പട്ടിക

അരൂർ: ടി. അനിയപ്പൻ 

(ബിഡിജെഎസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്)

ചേർത്തല: പി.എസ്. ജ്യോതിസ് 

(തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ്)

കായംകുളം: പ്രദീപ് ലാൽ (എസ്എൻഡിപി യോഗം കായംകുളം യൂണിയൻ സെക്രട്ടറി)

വൈക്കം: അജിത സാബു 

(കേരള ഹിന്ദു ചേരമർ അസോസിയേഷൻ മഹ‍ിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ്)

കുണ്ടറ: വനജ വിദ്യാധരൻ 

(ബിഡിജെഎസ് കൊല്ലം ജില്ലാ പ്രസിഡന്റ്)

റാന്നി: കെ. പത്മകുമാർ (ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ)

വർക്കല: എസ്.ആർ.എം.അജി (ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com