ADVERTISEMENT

തിരുവനന്തപുരം ∙ കൂടുവിട്ടു കൂടുമാറുന്ന വിദ്യ വശത്താക്കിയാൽ എളുപ്പം എൽഡിഎഫ് സ്ഥാനാർഥി ആകാമോ? തൽക്കാലം മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നു തിരിച്ചു വരുന്നതാണോ സ്ഥാനാർഥിയാകാൻ എളുപ്പ വിദ്യ?

ഇടതു സ്ഥാനാർഥി ചിത്രം തെളിഞ്ഞപ്പോൾ അണികളുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ ഇവയാകും. മറ്റു പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവരുടെ വൻസംഘം തന്നെയുണ്ട് എൽഡിഎഫ് പട്ടികയിൽ. അതിനിടയിൽ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കുന്നതു പോലെയുള്ള അസ്വാഭാവിക രംഗങ്ങൾ കൂടി കണ്ട് അന്തം വിടുകയാണ് പ്രവർത്തകർ.

പിറവത്ത് സിപിഎമ്മുകാരിയാണു കേരള കോൺഗ്രസ് സ്ഥാനാർഥി. സിപിഎം കേരള കോൺഗ്രസിനു സ്ഥാനാർഥിയെ കടംകൊടുത്തതാണോ എന്നാണ് അണികളുടെ ചോദ്യം.

ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഡെന്നിസ് കെ.ആന്റണി ഒരാഴ്ച മുൻപു വരെ കോൺഗ്രസ് ആയിരുന്നു. ചാലക്കുടിയിൽ ഇത്തവണ സിപിഎമ്മല്ല, കേരള കോൺഗ്രസാണ് മത്സരിക്കുക എന്നു മനസ്സിലാക്കിയതോടെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഡെന്നിസ് കരുക്കൾ നീക്കി; സീറ്റ് ഉറപ്പിച്ചു.

22–ാം വയസ്സിൽ മുസ്‍ലിം ലീഗിന്റെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായി ചരിത്രം കുറിച്ച പി. മിഥുനയാണ് ‘കെ.ടി. ജലീൽ മോഡൽ’ മാറ്റത്തിന്റെ പുതിയ പ്രതീകം. വണ്ടൂരിലെ സിപിഎം സ്ഥാനാർഥിയാണു ലീഗിന്റെ ഈ പഴയ ജനപ്രതിനിധി.

മുസ്‌ലിം ലീഗിന്റെ മലപ്പുറം മുൻ നഗരസഭാ അധ്യക്ഷനായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ പെരിന്തൽമണ്ണയിൽ, ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ ഭാരവാഹി കെ. പി. സുലൈമാൻ ഹാജി കൊണ്ടോട്ടിയിൽ, ഒരിക്കൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മന്ത്രി കെ.ടി. ജലീൽ തവനൂരിൽ, നിലമ്പൂരിൽ കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറിയും യൂത്ത് കോൺഗ്രസ്, ഡിഐസി മുൻ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന     പി.വി.അൻവർ, താനൂരിൽ കെപിസിസി മുൻ അംഗം വി. അബ്ദുറഹ്മാൻ – മലപ്പുറം പട്ടിക നീണ്ടതാണ്.   

കോഴിക്കോട്ടും ആ മാതൃക തുടരുന്നു. കുന്നമംഗലത്ത് വീണ്ടും ഇടതു സ്ഥാനാർഥിയായി മത്സരിക്കുന്ന പി.ടി.എ.റഹീം ലീഗ് നേതാവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു കൊടുവള്ളിയിൽ വീണ്ടും ജനവിധി തേടുന്ന കാരാട്ട് റസാഖ്.

കെപിസിസി സെക്രട്ടറി പദം രാജിവച്ച എം. എസ്.വിശ്വനാഥനെ സുൽത്താൻബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സിപിഎമ്മിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. സീറ്റ് വാഗ്ദാനം ലഭിച്ച ശേഷമായിരുന്നു വിശ്വനാഥന്റെ രാജി.

2 വർഷം മുൻപ് സിപിഎമ്മിൽ ചേർന്ന യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പി.വി. ശ്രീനിജനു കുന്നത്തുനാട് സീറ്റ് പാരിതോഷികമായി നൽകി. ആലുവയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെ മത്സരിപ്പിക്കുന്നത് മുഹമ്മദാലിയുടെ മണ്ഡലത്തിലെ ബന്ധങ്ങൾ ലക്ഷ്യമിട്ടു തന്നെ.

റാന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ നേരത്തേ സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ച ശേഷമാണു കൂടുമാറിയത്. മുൻപു കോൺഗ്രസിലും ഡിഐസിയിലും പിന്നീടു സിഎംപിയിലും എത്തിപ്പെട്ട എൻ. വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത് വിജയൻ ചവറയിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാണ്. സിപിഐ പട്ടികയിലാകട്ടെ മഞ്ചേരി സ്ഥാനാർഥി പി. അബ്ദുൽ നാസർ  നേരത്തേ ലീഗ് വിട്ടു വന്നയാളാണ്. 

മഞ്ചേശ്വരം സ്ഥാനാർഥി

തിരുവനന്തപുരം ∙ തർക്കം നിലനിന്ന മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായി വി.വി. രമേശനെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാകമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭാ അംഗവുമാണ്. നഗരസഭാ മുൻ ചെയർമാനായിരുന്നു. കെ.ആർ. ജയാനന്ദ, വി.പി.പി.മുസ്തഫ, എം. ശങ്കർ റൈ എന്നിവരുടെ പേരുകൾ ജില്ലാ, മണ്ഡലം, സംസ്ഥാന തലത്തിൽ പല വട്ടം ചർച്ച ചെയ്ത ശേഷമാണ് ഈ മൂന്നു പേരെയും ഒഴിവാക്കി രമേശനെ തീരുമാനിച്ചത്. ജില്ലാ നേതൃത്വം ആദ്യം നിർദേശിച്ച ജയാനന്ദയ്ക്കെതിരെ എതിർപ്പുയർന്നിരുന്നു.

English Summary: Kerala assembly election ldf candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com