ADVERTISEMENT

ന്യൂഡൽഹി ∙ ഓരോ മണ്ഡലത്തിലും സ്ഥാനാർഥിയായി പരിഗണിക്കേണ്ടവരുടെ പട്ടിക ഇഴകീറി പരിശോധിച്ചും വെട്ടിത്തിരുത്തിയും ഡൽഹിയിൽ കോൺഗ്രസിന്റെ മാരത്തൺ ചർച്ച. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ എച്ച്.കെ. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനുമൊപ്പം നടത്തിയ ചർച്ചകളിൽ സാധ്യതാപട്ടികയിലെ ഓരോരുത്തരുടെയും ഗുണദോഷങ്ങൾ വിശദമായി പരിശോധിച്ചു.

തങ്ങൾക്കൊപ്പമുള്ള ഗ്രൂപ്പ് പ്രതിനിധികൾക്കായി ഉമ്മൻ ചാണ്ടിയും രമേശും ശക്തമായി വാദിച്ചു; അതേസമയം, സ്ഥാനാർഥി നിർണയം സംബന്ധിച്ച് എഐസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാനും തയാറായി. സിറ്റിങ് എംഎൽഎമാരെ നിലനിർത്താൻ ഹൈക്കമാൻഡ് അനുമതി നൽകി. ഇരിക്കൂർ മണ്ഡലം വിട്ട കെ.സി. ജോസഫിനെ മറ്റൊരിടത്തും പരിഗണിക്കേണ്ടെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെ സ്ഥാനാർഥിയാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ബാബുവിനു വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അഴിമതി ആരോപണങ്ങൾ നേരിട്ട ബാബുവിനെ മത്സരിപ്പിക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനു ദോഷം ചെയ്യുമെന്ന വാദമുയർന്നു.

എഐസിസി നടത്തിയ സർവേയിൽ ബാബുവിനെക്കുറിച്ചു മോശം അഭിപ്രായമാണുള്ളതെന്നു ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി. തൃക്കാക്കര എംഎൽഎ: പി.ടി. തോമസിനെ പീരുമേട്ടിലേക്കും പകരം ജോസഫ് വാഴയ്ക്കനെ അവിടേക്കും പരിഗണിച്ചു. ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ എഐസിസി നടത്തിയ സർവേ യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന വിമർശനം സംസ്ഥാന നേതാക്കൾ നടത്തി. സർവേ കണ്ടെത്തിയ ചിലർ ജനങ്ങൾക്കിടയിൽ സ്വീകാര്യരല്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

മുരളിയുടെ അമ്പുകൾ

നേമത്ത് തന്നെ മത്സരിപ്പിക്കാൻ നീക്കം നടത്തിയ സംസ്ഥാന നേതൃത്വത്തോട് ഉത്തരം മുട്ടിക്കുന്ന ചോദ്യവുമായി കെ. മുരളീധരൻ. കോൺഗ്രസ് ഹൈക്കമാൻഡ് പറഞ്ഞാൽ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ മത്സരിക്കാൻ താൻ തയാറാണെന്നും പകരം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടാൻ തയാറാണോ എന്നും മുരളീധരൻ ചോദിച്ചു. ഇതോടെ, അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള നേമം ചർച്ചകൾ നേതൃത്വം അവസാനിപ്പിച്ചു. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ അറിയിച്ചു.

കോൺഗ്രസ് 91 ൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കും. തൃക്കരിപ്പുർ കൂടി ചേർത്ത് 10 സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകും. ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിനാണ്. പൂഞ്ഞാർ കോൺഗ്രസിനും.

English Summary: Oommen Chandy likely to contest from Nemom Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com