ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ്, ബിജെപി സ്ഥാനാർഥിപ്പട്ടികകൾ പ്രഖ്യാപിച്ചതോടെ, സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് മുൻ ഗവർണർ കുമ്മനം രാജശേഖരനെ നേരിടുന്നത് കെ. മുരളീധരൻ എംപി. ഇവിടെ സിപിഎം വി. ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിലനിർത്താനും നേമത്ത് മുരളീധരനെ രംഗത്തിറക്കാനും കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ധാരണയിലെത്തുകയായിരുന്നു. 86 സ്ഥാനാർഥികളുടെ കോൺഗ്രസ് പട്ടികയിൽ 55% പുതുമുഖങ്ങൾ; 9 വനിതകൾ. തർക്കമുള്ള 6 സീറ്റുകളിൽ ഇന്നു തീരുമാനമെടുക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. 112 പേരുടെ പട്ടികയിൽ കേന്ദ്രമന്ത്രി വി.മുരളീധരനും ശോഭാ സുരേന്ദ്രനുമില്ല. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. ഇ.ശ്രീധരൻ (പാലക്കാട്), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), അൽഫോൻസ് കണ്ണന്താനം എംപി (കാഞ്ഞിരപ്പള്ളി), സുരേഷ് ഗോപി എംപി (തൃശൂർ), സി.കെ.പത്മനാഭൻ (ധർമടം), നടൻ കൃഷ്ണകുമാർ (തിരുവനന്തപുരം), മുൻ ഡിജിപി ജേക്കബ് തോമസ് (ഇരിങ്ങാലക്കുട) എന്നിവർ പട്ടികയിലുണ്ട്.

താനടക്കമുള്ള വനിതകളെ പരിഗണിക്കാത്തതിന്റെ പേരിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ ലതിക സുഭാഷ് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു; മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവച്ചു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ പലരും ആവശ്യപ്പെടുന്നുണ്ടെന്നും സാധാരണ പ്രവർത്തകരുടെ വികാരം കണക്കിലെടുത്താകും തീരുമാനമെന്നും ലതിക പറഞ്ഞു. വാമനപുരത്തു പരിഗണനയിലുണ്ടായിരുന്ന രമണി പി.നായരും കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു.

ഇരിക്കൂരിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ കൂട്ടരാജി തന്നെയുണ്ടായി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രൻ തില്ലങ്കേരി, ഡോ.കെ.വി.ഫിലോമിന, വി.എൻ.ജയരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു എന്നിവരും മൂന്നു കെപിസിസി അംഗങ്ങളും 21 ഡിസിസി ഭാരവാഹികളും 7 ബ്ലോക്ക് പ്രസിഡന്റുമാരും ഇരിക്കൂരിലെ 8 മണ്ഡലം പ്രസിഡന്റുമാരും രാജിപ്രഖ്യാപിച്ചു. ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് അനുകൂലിക്ക് എ ഗ്രൂപ്പുകാരുടെ മർദനമേറ്റു.

വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് 

വട്ടിയൂർക്കാവിൽ കോൺഗ്രസ് പരിഗണിക്കുന്നത് പി.സി.വിഷ്ണുനാഥിനെ; ജ്യോതി വിജയകുമാറും പരിഗണനയിലുണ്ട്. മറ്റു മണ്ഡലങ്ങളിലെ സാധ്യത: കൽപറ്റ – ടി.സിദ്ദിഖ്, നിലമ്പൂർ – വി.വി. പ്രകാശ്, പട്ടാമ്പി – ആര്യാടൻ ഷൗക്കത്ത്, തവനൂർ – ഇ.മുഹമ്മദ് കുഞ്ഞി, കുണ്ടറ – കല്ലട രമേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com