ADVERTISEMENT

തിരുവനന്തപുരം∙ ഇതുവരെ പ്രഖ്യാപിച്ച 86 കോൺഗ്രസ് സ്ഥാനാർഥികളിൽ 46 പേരും 50 വയസ്സിൽ താഴെ പ്രായമുള്ളവർ; 70 വയസ്സിൽ കൂടുതൽ പ്രായം ഉള്ള 3 പേർ മാത്രം. കോൺഗ്രസിൽ എല്ലാ കാലത്തും ഉയരുന്ന ‘തലമുറ മാറ്റം’ എന്ന ആവശ്യമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയുടെ ഏറ്റവും വലിയ സവിശേഷത.

ആ മാറ്റം എല്ലാവർക്കും അംഗീകരിക്കുക എളുപ്പമല്ല എന്നു കൂടിയാണ് കേരളത്തിൽ പലയിടത്തും ഉയരുന്ന പ്രതിഷേധവും വിയോജിപ്പും വ്യക്തമാക്കുന്നത്.

യഥാർഥത്തിൽ ഇതു 3 മാസം മുൻപ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ‌ ഡൽഹിയിൽ എടുത്ത തീരുമാനത്തിന്റെ സാക്ഷാത്കരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചർച്ചകൾക്കായി എത്തിയ കേരള നേതൃത്വത്തോട് രാഹുൽ അർഥശങ്കയില്ലാതെ പറഞ്ഞത് ‘ നിങ്ങൾ ഗ്രൂപ്പ് വീതം വയ്പ് അവസാനിപ്പിക്കണം. പരമ്പരാഗത രീതികൾ തിരുത്തി പുതിയ ആളുകൾക്ക് അവസരം നൽകണം.അല്ലാത്ത ഒരു പട്ടികയുമായി എന്റെ മുന്നിൽ വരേണ്ട.

അതു സ്വീകാര്യമല്ല’’ എന്നായിരുന്നു. ആ നിർദേശം പാലിക്കുമെന്നു വാക്കു നൽകിയാണ് നേതാക്കൾ കേരളത്തിലേക്കു മടങ്ങിയത്.

മടങ്ങി എത്തിയ ശേഷം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആദ്യം ചെയ്തത് കോൺഗ്രസിലെ യുവ എംഎൽഎമാരോട് അഭിപ്രായങ്ങൾ ആരായുകയാണ്. ഗ്രൂപ്പ് താൽപര്യം മാറ്റിവച്ച് വിജയസാധ്യതയുള്ള ചെറുപ്പക്കാരുടെയും പുതുമുഖങ്ങളുടെയും പട്ടിക അവരിൽ നിന്ന് നേതൃത്വം സമാഹരിച്ചു.

ഗ്രൂപ്പുകാരനാണ് എന്നതിന്റെ പേരിൽ ആരെയും തഴയില്ലെന്ന് ഇരു നേതാക്കളും തീരുമാനിച്ചു; അതേസമയം ഗ്രൂപ്പ് നോക്കി സീറ്റും സ്ഥാനാർഥിയും നിശ്ചയിക്കേണ്ടെന്നും ഉറപ്പിച്ചു. എഐസിസിയുടെ നിലപാടും ഇടപെടലും ഉറപ്പിച്ചു കൊണ്ടു ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അൻവറും ഇക്കാലയളവിൽ കേരളത്തിൽ തന്നെ ഉണ്ടായി. മൂന്നു എഐസിസി സെക്രട്ടറിമാരിൽ നിന്നു വിവരങ്ങൾ തേടി ഒരു സാധ്യതാ സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് തയാറാക്കി.

ചെറുപ്പം ജയസാധ്യത വർധിപ്പിക്കുമെന്ന വിശകലനം എല്ലാവരും അംഗീകരിച്ചു.അതു വഴി കോൺഗ്രസ് പട്ടികയിൽ ഇതാദ്യമായി പകുതിയോളം പുതുമുഖങ്ങൾ ഇടം പിടിച്ചു. പ്രദേശിക ജനസമ്മതി കണക്കിലെടുക്കണമെന്ന വാദം അംഗീകരിച്ചു കൊണ്ട് ഡിസിസി–ബ്ലോക്ക് ഭാരവാഹികളെയും പരിഗണിച്ചു.‌കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ വിജയം നേടിയവർക്കു പ്രമോഷൻ നൽകി.

പട്ടികയിലെ 42 പേരും ബിരുദധാരികളാണ്. ഡോക്ടറേറ്റ് ഉള്ള രണ്ടു പേരും മെഡിക്കൽ ഡോക്ടർമാരായ രണ്ടു പേരും

ഉണ്ട്. ഏകദേശം 40 പേർ വീതം ഇരു ഗ്രൂപ്പുകൾക്കും ഉണ്ട്. സാമുദായിക സന്തുലിതാവസ്ഥയും കണക്കിലെടുത്തു. പ്രതീക്ഷിച്ച വനിതാ പ്രാതിനിധ്യം ഉണ്ടാകാതെ പോയതിന്റെ വേറിട്ട പ്രതിഷേധങ്ങളിൽ നേതൃത്വം അസ്വസ്ഥരാണ്.

കെ.ബാബുവിന്റെ കാര്യത്തിൽ രണ്ടഭിപ്രായം കേരള നേതൃത്വത്തിൽ ഉണ്ടായിരുന്നുവെങ്കിലും തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിജയസാധ്യത അദ്ദേഹത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കി. 2011ലും 2016ലും സ്ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയശേഷം തഴയപ്പെട്ടു എന്ന പരിഗണനയാണ് ഇരിക്കൂരിൽ സജീവ് ജോസഫിന് ഇത്തവണ നൽകിയത്.

തർക്കം നിലനിന്നിരുന്ന കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ. ബാബുവും സ്ഥാനാർഥികളായി. ഇരിക്കൂർ ഒഴിഞ്ഞ കെ.സി. ജോസഫ് ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റുണ്ട്. കോഴിക്കോട് നോർത്തിലെ കെ.എം. അഭിജിത്താണ് ഏറ്റവും പ്രായം കുറഞ്ഞയാൾ – 26 വയസ്സും എട്ടു മാസവും; ഏറ്റവും സീനിയർ ഉമ്മൻ ചാണ്ടി – 77 വയസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com