ADVERTISEMENT

തിരുവനന്തപുരം, ‌ കോട്ടയം ∙ പാർട്ടിയെ തിരുത്താൻ ആർക്കും കഴിയില്ലെന്ന പ്രഖ്യാപനം സിപിഎം കുറ്റ്യാടിയിൽ തിരുത്തി. ഒരു ഘടകകക്ഷിക്കു കൊടുത്ത സീറ്റ് തെരുവിലെ പ്രതിഷേധത്തിന്റെ പേരിൽ സിപിഎം തിരിച്ചെടുക്കുന്നത് ഇതാദ്യം.

സീറ്റ് സിപിഎമ്മിനു തിരിച്ചുകൊടുക്കുന്നു എന്ന് ജോസ് കെ. മാണിയാണു പ്രഖ്യാപിച്ചതെങ്കിലും ഇരു പാർട്ടികളും തമ്മിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനമാണ് അത്. സിപിഎം മത്സരിക്കുകയും പല വട്ടം ജയിക്കുകയും ചെയ്തിട്ടുളള കുറ്റ്യാടി കേരള കോൺഗ്രസിനു നൽകിയതിന്റെ പേരിൽ സമാനതകളില്ലാത്ത പ്രതിഷേധമാണ് അരങ്ങേറിയത്.

പാർട്ടി തീരുമാനം മാറ്റാനാവില്ല എന്ന നിലപാടാണു നേതാക്കൾ ആദ്യം എടുത്തതെങ്കിലും കുറ്റ്യാടിയിലെ പ്രതിഷേധത്തിന്റെ അലകൾ സമീപ മണ്ഡലങ്ങളിലേക്കു കൂടി വ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നു. 

എൽഡിഎഫ് പ്രവേശന വേളയിൽ 13 സീറ്റുകളാണ് സിപിഎം കേരള കോൺഗ്രസിന് ഉറപ്പ് നൽകിയത്. കേരള കോൺഗ്രസ് (എം) യുഡിഎഫിൽ മത്സരിച്ച പേരാമ്പ്രയ്ക്ക് പകരമാണു കുറ്റ്യാടി നൽകിയത്. പേരാമ്പ്ര സിപിഎം സിറ്റിങ് സീറ്റാണ്. 

ദേവികുളത്ത് എ. രാജ

പ്രഖ്യാപനം നീട്ടിവച്ച ദേവികുളത്ത് സിപിഎം സ്ഥാനാർഥിയായി എ. രാജ മത്സരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ്. ഇതോടെ 85 സീറ്റിലും സ്ഥാനാർഥിയായി.

കേരള കോൺഗ്രസിൽ(എം) നിന്ന് സിപിഎം തിരിച്ചെടുത്ത കുറ്റ്യാടിയിലെ സിപിഎം സ്ഥാനാർഥിയെ മാത്രമാണ് ഇനി അറിയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com