ADVERTISEMENT

തൃത്താലയിൽ വോട്ടില്ലാത്തവരും ലൈക്കടിക്കും, കമന്റുകളും പറയും. മണ്ഡലത്തിന്റെ ചുവരിലൊതുങ്ങാതെ സൈബർ ലോകമാകെ പടരുകയാണു തൃത്താലയിലെ പോരാട്ടത്തിന്റെ ചൂട്. സിറ്റിങ് എംഎൽഎ കോൺഗ്രസിലെ വി.ടി.ബൽറാമും സിപിഎമ്മിന്റെ മുൻ എംപി എം.ബി.രാജേഷും സൈബർ ഇടങ്ങളിൽ ബിജെപി ആശയങ്ങളുമായി പോരാടുന്ന അഭിഭാഷകൻ ശങ്കു ടി. ദാസും പോരിനിറങ്ങുമ്പോൾ തൃത്താലയുടെ മനസ്സ് ആർക്കു ഷെയർ ചെയ്യും?

20 വർഷം തുടർ‍ച്ചയായി ഇടതുപക്ഷത്തെ വിജയിപ്പിച്ച തൃത്താലയെ 2011ലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി വി.ടി.ബൽറാം കയ്യിലെടുക്കുന്നത്.

അന്നുമുതൽ തൃത്താലയ്ക്കു ബൽറാം എന്ന ‘വിടി’യുടെ കരുത്തായി. ബൽറാമിനൊത്ത പോരാളിയാണു രാജേഷ്. പാർട്ടി രണ്ടാണെങ്കിലും പല കാര്യങ്ങളിലും സാമ്യമേറെ. ന്യൂനപക്ഷവിഭാഗങ്ങളുടെ വലിയ പിന്തുണ ബൽറാമിനു നേട്ടമാകാറുണ്ടെങ്കിൽ ഇത്തവണ ആ പിന്തുണ രാജേഷിനും ആഗ്രഹിക്കാം. പൗരത്വനിയമ വിരുദ്ധ പോരാട്ടത്തിൽ ഉൾപ്പെടെ സമരനേതൃത്വങ്ങളിൽ ഇരുവരും സജീവം.

എംഎൽഎ എന്ന നിലയിൽ തിളക്കമേറിയ നേട്ടങ്ങളോടെയാണു ബൽറാം തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഉറച്ച മണ്ഡലമെന്ന അമിത പ്രതീക്ഷയിൽ സിപിഎമ്മിനുണ്ടായ അലസത മുതലെടുത്താണ് 2011ൽ ജയിച്ചതെങ്കിലും 2016ൽ ഭൂരിപക്ഷം കൂട്ടി ജനപിന്തുണ തെളിയിച്ചു.

എകെജിക്ക് എതിരായ ഫെയ്സ്ബുക് പരാമർശത്തിന്റെ പേരിൽ എംഎൽഎയെ ഇടതുമുന്നണി ബഹിഷ്കരിച്ചെങ്കിലും തദ്ദേശ തിര‍ഞ്ഞെടുപ്പിൽ 3 പഞ്ചായത്തുകൾ പിടിച്ചെടുത്ത് യുഡിഎഫ്‌ മറുപടി നൽകി. വികസനനേട്ടങ്ങളും ജനകീയതയുമെല്ലാം ചേരുമ്പോൾ മികച്ച ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

ഉറപ്പുള്ള മണ്ഡലങ്ങൾ പലതുണ്ടെങ്കിലും എം.ബി.രാജേഷിനെ തൃത്താലയിൽ തന്നെ സിപിഎം നിയോഗിക്കുന്നതു വിജയം മാത്രം ആഗ്രഹിച്ചാണ്, അത് അഭിമാനപ്രശ്നവുമാണ്. ഇടതു സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന യുവനേതാക്കളിൽ പ്രധാനിയാണു ബൽറാം എന്നതാണു കാരണം. രാജേഷ് മത്സരിക്കുന്നതോടെ മണ്ഡലത്തിലാകെ അണികൾക്കു വർധിതവീര്യമുണ്ടാകുമെന്നു പാർട്ടി കരുതുന്നു.

 തദ്ദേശ തിരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകൾ യുഡിഎഫ് നേടിയെങ്കിലും വോട്ട് കണക്കിൽ സിപിഎം തന്നെയാണു മുന്നിൽ.

ബിജെപിക്കു കാര്യമായ വേരുകളുള്ള മണ്ഡലത്തിൽ ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം വർധിപ്പിക്കുകയാണ് പാർട്ടി. 2016ൽ 10,000 വോട്ട് കൂടുതൽ നേടാനായി എന്നതാണ് അവരുടെ പ്രതീക്ഷ. ചാനൽ ചർച്ചകളിലും സൈബർ രംഗത്തും ബിജെപിക്കു വേണ്ടി വാദിക്കുന്ന ശങ്കു ടി.ദാസ് ശബരിമല സമരരംഗത്ത് ഉൾപ്പെടെ മുൻനിരയിലുണ്ടായിരുന്നു.

ബൽറാമും രാജേഷും ശങ്കു ടി. ദാസും ചേരുമ്പോൾ കേരളമാകെ ശ്രദ്ധിക്കുന്ന മണ്ഡലമാവുകയാണു തൃത്താല. അതുകൊണ്ടുതന്നെ വീറും വാശിയും തൃത്താല കടന്നും പരക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com