ADVERTISEMENT

കോട്ടയം ∙ പി.സി.തോമസുമായി ലയിച്ചതോടെ പൊതുചിഹ്നവും കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പൈതൃകവും പി.ജെ. ജോസഫിനു സ്വന്തം. 2010 വരെ താൻ നയിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിലേക്കു പി.ജെ. ജോസഫ് തിരിച്ചെത്തിയെന്നതിൽ പി.സി.തോമസിന് അഭിമാനിക്കാം.

പി.ടി.ചാക്കോയുടെയും കെ.എം. ജോർജിന്റെയും പൈതൃകം ലഭിച്ചതിൽ ജോസഫിനും അഭിമാനം. കേരള കോൺഗ്രസിന്റെ രൂപീകരണത്തിനു കാരണക്കാരനായ പി.ടി.ചാക്കോയുടെ മകനാണ് പി.സി.തോമസെങ്കിൽ സ്ഥാപക ചെയർമാൻ കെ.എം.ജോർജിന്റെ മകനാണ് ജോസഫിനൊപ്പമുള്ള കെ.ഫ്രാൻസിസ് ജോർജ്. 

കേരള കോൺഗ്രസിലെ (എം) പിളർപ്പിനു ശേഷം പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ.ജോസഫിന് ജോസ് കെ.മാണിയെ നേരിടാൻ ലയനം കരുത്തേകും. എൻഡിഎയുമായി അകന്ന തോമസിന്റെ തിരിച്ചുവരവിനും ലയനം വഴിയൊരുക്കും. 6 മാസം മുൻപ് ആരംഭിച്ചെങ്കിലും വേഗമില്ലാതിരുന്ന ലയന നീക്കം ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച പുലർച്ചെ 4 വരെ നീണ്ട ചർച്ചയിലാണ് വിജയത്തിലെത്തിയത്.

പുതിയ പാർട്ടിയിൽ പദവികൾ പങ്കു വയ്ക്കുന്നതിൽ ധാരണയിലെത്തിയതോടെ ലയനം എളുപ്പമായി. അങ്ങനെ 13 വർഷത്തിനു ശേഷം ജോസഫിനൊപ്പം തോമസുമെത്തി. 2008ൽ പി.സി.തോമസ് പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽ ലയിച്ചെങ്കിൽ 2021ൽ പി.ജെ.ജോസഫ് തിരിച്ചു ലയിച്ചുവെന്നു മാത്രം.

കെ.എം. മാണിയുടെ മരണശേഷം പാർട്ടി പിളർന്നതോടെ ജോസഫിനു മുന്നിൽ 2 വഴികളായിരുന്നു. നിയമപോരാട്ടത്തിലൂടെ പാർട്ടിയും ചിഹ്നവും പിടിച്ചെടുക്കുക. അതിൽ പരാജയപ്പെട്ടാൽ പഴയ കേരള കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുക.

6 മാസം മുൻപ് പി.സി.തോമസുമായി ആദ്യ ചർച്ച നടത്തി. ലയിച്ചാൽ പാർട്ടി ചെയർമാൻ സ്ഥാനവും നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റും പി.സി.തോമസ് ചോദിച്ചു. ചെയർമാൻ സ്ഥാനം നൽകാൻ ജോസഫ് തയാറായില്ല. ഡപ്യൂട്ടി ചെയർമാനിലൂടെ രണ്ടാമൻ സ്ഥാനം പി.സി. തോമസിനു നൽകുന്നതിനെ ജോസഫ് വിഭാഗത്തിലെ ഒരു കൂട്ടർ എതിർത്തു.

ചർച്ച മുടങ്ങിയതോടെ പി.സി. തോമസ് എൻഡിഎയിൽ സജീവമായി. കെ.സുരേന്ദ്രന്റെ ജാഥയിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകൾ ചോദിച്ചെങ്കിലും കിട്ടിയില്ല. പാലായിൽ മത്സരിക്കണമെന്ന നിർദേശം തോമസ് നിരസിച്ചു. ഇതോടെ എൻഡിഎയിൽനിന്നു പുറത്തായി.

കഴിഞ്ഞ 15ന് സുപ്രീംകോടതി വിധിയിൽ രണ്ടില ചിഹ്നം ജോസ് കെ.മാണിക്കു ലഭിച്ചു. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കണമെന്ന സ്ഥിതി വന്നു. റജിസ്ട്രേഷനുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരാൻ ജോസഫ് വിഭാഗം ആലോചന തുടങ്ങി. ഈ സാഹചര്യത്തിലായിരുന്നു ബുധനാഴ്ചത്തെ ചർച്ച. പി.സി.തോമസുമായി ചർച്ച നടത്താൻ മോൻസ് ജോസഫ്, ജോയ് ഏബ്രഹാം, ടി.യു.കുരുവിള എന്നിവരോട് ജോസഫ് നിർദേശിച്ചു.

വിശ്രമത്തിലായതിനാൽ നേരിട്ടെത്താൻ അദ്ദേഹത്തിനു കഴി‍ഞ്ഞില്ല. ഇരു വിഭാഗത്തെയും അഭിഭാഷകരായ ജയിംസ് തോമസ് ആനക്കല്ലുങ്കൽ, ജോസഫ് ജോൺ, ജോസി സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com