ADVERTISEMENT

തിരുവനന്തപുരം ∙ വോട്ടെടുപ്പിനു കൃത്യം രണ്ടാഴ്ച ശേഷിക്കെ പ്രചാരണച്ചൂടുയർന്ന് കേരളം. രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും അമിത് ഷായും മുന്നണികളുടെ പടയോട്ടത്തിന് നേതൃത്വം നൽകാൻ പറന്നിറങ്ങി. നാമനിർദേശ പത്രികകൾ സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂർത്തിയായി കളം തെളിഞ്ഞതോടെ മണ്ഡലം ഇളക്കി സ്ഥാനാർഥി പര്യടനം തുടങ്ങി. 

അടുത്ത വ്യാഴം പെസഹ ആയതിനാൽ നാളെ തൊട്ട് ആവേശകരമായ പ്രചാരണത്തിന് അവശേഷിക്കുന്നത് ഒരാഴ്ച മാത്രം. 4 ലക്ഷം കള്ളവോട്ടുകൾ ചൂണ്ടിക്കാട്ടി അതു തിരുത്താൻ തിരഞ്ഞെടുപ്പു കമ്മിഷനെ നിർബന്ധിതമാക്കി എന്നതിന്റെ ആവേശത്തിലാണ് പ്രതിപക്ഷനേതാവും യുഡിഎഫും. കള്ളവോട്ട് ഇല്ലാതായാൽ യുഡിഎഫിന് ഒരു ആശങ്കയും ഈ തിരഞ്ഞെടുപ്പിൽ ഇല്ലെന്നു രമേശ് ചെന്നിത്തല ‘മനോരമ’യോടു പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഗംഭീരമായ ട്രെൻഡ് ആണ് ആദ്യഘട്ടത്തിൽ ദൃശ്യമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വിലയിരുത്തി. മൂന്നിടത്തു പ്രകടനപത്രികകൾ തള്ളിപ്പോയതിന്റെ ഞെട്ടലിലും ജാള്യത്തിലുമാണ് എൻഡിഎ. അമിത് ഷായും വൈകാതെ നരേന്ദ്രമോദിയും അടക്കമുളള നേതൃനിര കളം നിറയുന്നതോടെ അതെല്ലാം മാറ്റി ഉഷാറാക്കാം എന്ന പ്രതീക്ഷയാണ് അവർക്ക്.

ശബരിമലയും വോട്ടുകച്ചവടം സംബന്ധിച്ചു ബിജെപിയെ കേന്ദ്രീകരിച്ച് ഉയരുന്ന വാക്പോരുകളുമാണ് ഈ ഘട്ടത്തിൽ കളം പിടിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയ്ക്കു നിരന്തരം മറുപടി പറയേണ്ടി വന്നതോടെ പ്രകടനപത്രിക പോലും വേണ്ട രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സ്വയം വിമർശനം ഇടതുമുന്നണിയിലുണ്ട്. കഴിയുന്നതും ആ വിവാദത്തിൽനിന്നു മാറിനിൽക്കാൻ സിപിഎം ആഗ്രഹിക്കുന്നു. അതിലേക്ക് പിടിച്ചിടാൻ നോക്കി യുഡിഎഫും പ്രതിപക്ഷവും. എൻഎസ്എസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ പിന്നാലെയുണ്ട്. സിപിഎം–ബിജെപി ഡീൽ സംബന്ധിച്ചു പതിവു വിട്ട് തുറന്നുപറയാൻ ഉമ്മൻ ചാണ്ടി മുതിർന്നു. 7 സീറ്റ് ബിജെപിക്കും ബാക്കി മണ്ഡലങ്ങളിൽ തിരിച്ച് എൽഡിഎഫിനു പിന്തുണയും എന്നതാണ് കരാർ എന്ന് അദ്ദേഹം തുറന്നടിച്ചു. 

വികസന – ക്ഷേമ സമ്മാനങ്ങൾ ദീർഘമായി മുഖ്യമന്ത്രി പ്രചാരണയോഗങ്ങളിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടികളാണ് വാർത്തകളിൽ നിറയുന്നത്. 

മുഖ്യമന്ത്രിയുടെ പ്രചാരണം പാതിവഴി ആയപ്പോൾ എലത്തൂരിൽ പ്രശ്നങ്ങൾ തീർത്ത് 140–ാം മണ്ഡലത്തിലും കൂട്ടായി ഇറങ്ങിയതെയുള്ളൂ യുഡിഎഫ്. തർക്കം രൂക്ഷമായിരുന്ന ഇരിക്കൂറിനെ കൊഴുപ്പിക്കാൻ ഇന്നലെ പ്രതിപക്ഷനേതാവ് ഉണ്ടായിരുന്നു.

യുഡിഎഫിനെതിരെയുള്ള സർവേകളെ പ്രചാരണയോഗങ്ങളിൽ തള്ളിക്കളയണമെന്നു നേതൃത്വം പ്രത്യേകം നിർദേശം നൽകി. അനുകൂല സർവേകളുടെ പേരിൽ എൽഡിഎഫ് അമിത ആത്മവിശ്വാസത്തിനില്ലെന്ന് കൺവീനർ എ.വിജയരാഘവൻ ‘മനോരമ’യോടു പറഞ്ഞു. പൊതു വിഷയങ്ങൾക്കൊപ്പം സ്പീക്കർക്കെതിരെ ഉയർന്ന ഗുരുതരമായ മൊഴികൾ യുഡിഎഫും ലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരെ അനധികൃത സ്വത്തു സമ്പാദ്യം സംബന്ധിച്ച വിജിലൻസ് കണ്ടെത്തലുകൾ എൽഡിഎഫും ആയുധമാക്കും.

കോട്ടയം, എറണാകുളം ജില്ലകളിൽ യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്ന ആവേശമാണ് രാഹുൽ ഗാന്ധിയുടെ പര്യടനം സൃഷ്ടിച്ചത്. യച്ചൂരിയുടെ എൽഡിഎഫ് ചിട്ടകളിലുള്ള മറുപടി കാസർകോട്ടെ നീലേശ്വരത്തുനിന്നു തുടങ്ങി. 

കെ. സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപനത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും കടുത്ത ഭാഷയിൽ ആക്രമിച്ച ശേഷമുളള വരവിൽ അമിത് ഷാ നാളെ എന്തു പറയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com