ADVERTISEMENT

തിരുവനന്തപുരം ∙ സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളിയ 3 മണ്ഡലങ്ങളിൽ രണ്ടിടത്ത് ആരെ പിന്തുണയ്ക്കണമെന്നതു ബിജെപി നേതൃത്വത്തിനു തലവേദന. ആരെ പിന്തുണയ്ക്കണം, വോട്ട് ആർക്കു ചെയ്യണമെന്നൊക്കെ സംസ്ഥാന നേതൃത്വം വ്യക്തമാക്കുമെന്നു ജില്ലാ നേതൃത്വങ്ങൾ പറയുമ്പോഴും തീരുമാനത്തിലെത്താൻ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലശ്ശേരി പര്യടന പരിപാടി സ്ഥാനാർഥിയില്ലാതായതോടെ റദ്ദാക്കി.ഏതെങ്കിലും ഒരു മുന്നണിക്കു വോട്ടു ചെയ്യാൻ രഹസ്യമായോ പരസ്യമായോ നിർദേശിക്കാൻ ബിജെപിക്കു സാധിക്കില്ല. ആർക്കും വോട്ടു ചെയ്യരുതെന്നു നിർദേശിക്കാനും സാധ്യമല്ല. അപ്പോൾ പിന്നെ ആർക്കു വോട്ട് ചെയ്യണമെന്നു പറയും? തല പുകയ്ക്കുകയാണു നേതൃത്വം.

ഇരുപതിനായിരത്തിലേറെ വോട്ടുണ്ട് ബിജെപിക്കു തലശ്ശേരിയിൽ. നഗരസഭയിൽ 7 അംഗങ്ങളുണ്ട്. 10 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. ചില സ്ഥലങ്ങളിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സിപിഎമ്മിനു വോട്ടു മറിച്ചെന്നു വരെ ആരോപണം ഉയർന്നിരുന്നു.

ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കാനാണു സാധ്യത. ഇന്നു തീരുമാനമുണ്ടാകും. സോഷ്യൽ ജസ്റ്റിസ് പാർട്ടി നേരത്തേ തന്നെ എൻഡിഎയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെന്നും ആ നിലയ്ക്കു ചർച്ച സാധ്യമെന്നുമാണു നേതാക്കൾ പറയുന്നത്. കക്ഷി നിലവിൽ എൻഡിഎയുടെ ഭാഗമല്ലാത്തതിനാൽ എൻഡിഎ നേതൃത്വത്തെ അറിയിച്ചേ പിന്തുണ നൽകാനാകൂ.

അമിത് ഷാ ഇന്നലെ രാത്രി 8.30ന് കൊച്ചിയിൽ സംസ്ഥാന നേതൃയോഗം വിളിച്ചിരുന്നു. ഈ യോഗത്തിനെത്തിയ ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ദയാനന്ദൻ മാമ്പുള്ളി, കെ.ആർ.അനീഷ്, സുമേഷ് തേർളി എന്നിവരുമായി സംസ്ഥാന നേതൃത്വം ഭാവി പരിപാടികൾ ചർച്ച ചെയ്തു. ഡിഎസ്ജെപി സംസ്ഥാന നേതാക്കളുമായും ചർച്ചകൾ നടന്നു കഴിഞ്ഞു.

ദേവികുളത്തു സ്വതന്ത്രനായ എസ്. ഗണേശന് എഐഎഡിഎംകെ സ്ഥാനാർഥിയായി ചിഹ്നം നൽകിയാണു പ്രശ്നം തീർത്തത്. എന്നാൽ ബാക്കി രണ്ടിടങ്ങളിലും ബിജെപിക്ക് ഉത്തരം മുട്ടുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും ബിജെപി അപേക്ഷ നൽകിയിട്ടുണ്ട്. 

തലശ്ശേരിയിലെ അവസ്ഥ ഇങ്ങനെ

-എൽഡിഎഫിനും യുഡിഎഫിനും പുറമേ വെൽഫെയർ പാർട്ടിക്കാണു സ്ഥാനാർഥിയുള്ളത്. എന്നാൽ ആശയപരമായ കാരണങ്ങളാൽ വെൽഫെയർ പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപിക്കു കഴിയില്ല.

-സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റിയംഗം സി.ഒ.ടി. നസീർ സ്വതന്ത്രനായുണ്ട്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നസീറിന്റെ മത്സരം. ബിജെപിക്കും സ്വീകാര്യമായ നിലപാടാണിത്. അക്രമരാഷ്ട്രീയത്തിനെതിരെ ആരു പിന്തുണ നൽകിയാലും സ്വീകരിക്കുമെന്നും അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയാൻ ബിജെപിയും തയാറാകണമെന്നാണു നസീറിന്റെ നിലപാട്. ഇതുവരെ ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നു നസീർ പറയുന്നു.

-ബാക്കിയുള്ളത് യുഡിഎഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷന്റെ അപരൻ അരവിന്ദാക്ഷനും ബിജെപി സ്ഥാനാർഥിയാകാനിരുന്ന എൻ. ഹരിദാസിന്റെ അപരൻ ഹരിദാസനും. ഇവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന് വിലയിരുത്തുന്നു.

-നസീറിനെ പിന്തുണയ്ക്കുന്നതിന് പ്രവർത്തകർ എതിരാണെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകാനാണു ബിജെപിയുടെ ആലോചന.

English Summary: Rejection of BJP nomination changes equation in Thalassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com