ADVERTISEMENT

തിരുവനന്തപുരം ∙ തലക്കെട്ടിലെ വാചകങ്ങൾ ഒരമ്മ മകനോടു പറഞ്ഞതാണ്. നാട്ടിൽ തൊഴിലുറപ്പു ജോലി ചെയ്യുന്ന സ്ത്രീകൾക്കരികിലേക്കു വോട്ട് ചോദിച്ചെത്തിയതായിരുന്നു ആ മകൻ. അപ്പോഴാണ്, അക്കൂട്ടത്തിൽ സ്വന്തം അമ്മയെ കണ്ടത്. കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അമ്മ വിലക്കി.  മകൻ അതു വകവയ്ക്കാതെ അവരെ ചേർത്തുപിടിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മകൻ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാ‍ർഥി ബി.എസ്. അനൂപ്. അമ്മ സുദേവി. ഇന്നലെ പഴച്ചിറ വാർഡിൽ അനൂപിന്റെ പര്യടനമെത്തിയപ്പോഴായിരുന്നു കണ്ടുനിന്ന എല്ലാവരുടെയും കണ്ണുനനയിച്ച ആ ആലിംഗനം.

പഞ്ചായത്തിൽ അനൂപ് മെംബറായ വാർഡിൽത്തന്നെയാണ് അമ്മ തൊഴിലുറപ്പു ജോലിക്കു പോകുന്നത്. അച്ഛൻ ബ്രഹ്മാനന്ദന് പക്ഷാഘാതം വന്നതിനാൽ ജോലിക്കു പോകുന്നില്ല. വെള്ളിപ്പാട്ടുമലയിലെ വീടിനടുത്ത് ചെറിയൊരു പെട്ടിക്കട നടത്തുന്നു. കൂലിപ്പണിക്കു പോയാണ് 3 ആൺമക്കളെയും സുദേവി വളർത്തിയത്. 2 ചെറിയ മുറികളുള്ള വീട്ടിൽ 3 മക്കളും അച്ഛനും അമ്മയും താമസിക്കാൻ പറ്റാതായതോടെ അനൂപും ഭാര്യയും മക്കളും സമീപത്തു വാടകവീട്ടിലേക്കു മാറി. ദാരിദ്ര്യത്തിന്റെ എല്ലാ ഘട്ടത്തിലും രാഷ്ട്രീയം വിടാതെ കൊണ്ടുനടന്നപ്പോഴും വീട്ടുചെലവിന് അമ്മയുടെ തൊഴിലുറപ്പാണ് ഉറപ്പായത്.

24–ാം വയസ്സിലാണ് അനൂപ് ആദ്യം പഞ്ചായത്ത് അംഗമായത്. രാഷ്ട്രീയത്തിൽ പടികൾ കയറിപ്പോകുമ്പോഴെല്ലാം അനൂപിനെപ്പറ്റി അമ്മയ്ക്ക് ഉറപ്പുണ്ട് – ‘‘അവൻ ഇൗ മണ്ണിൽ നടന്നവനാണ്. പാവമാണ്. ആരുടെ പ്രശ്നത്തിന് എപ്പോഴെന്നില്ലാതെ ഓടിച്ചെല്ലുന്നതാണ് പണ്ടേ ശീലം. അത് മാറില്ല.’’

Content Highlights: UDF candidate BS Anoop's election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com