ADVERTISEMENT

തിരുവനന്തപുരം ∙ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകളെക്കുറിച്ചു 140 മണ്ഡലങ്ങളിലും തുടങ്ങിയ പരിശോധന ഇന്നു പൂർത്തിയാക്കണമെന്നും 30ന് അകം യഥാർഥ വോട്ടർമാരെ കണ്ടെത്തി അന്തിമ റിപ്പോർട്ട് നൽകണമെന്നും കലക്ടർമാർക്കു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. ഇരട്ടിപ്പുള്ള വോട്ടർമാരുടെ പട്ടിക പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും നൽകും. ഈ പട്ടികയിലുള്ളവരെ പ്രത്യേകം നിരീക്ഷിക്കും. ഇവരെ വോട്ടു ചെയ്തു മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിടാൻ അനുവദിക്കാവൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശിച്ചു. 

എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ എറർ സംവിധാനം വഴി പരിശോധിച്ച് ഇരട്ടിപ്പെന്ന് ഉറപ്പുള്ളതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ തയാറാക്കണം. ഈ പട്ടിക വച്ച് ബൂത്ത് ലെവൽ ഓഫിസർമാർ വോട്ടർ സ്ലിപ്പ് വിതരണത്തിനൊപ്പം ഫീൽഡ് തല പരിശോധന കൂടി നടത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തി 30ന് അകം റിപ്പോർട്ട് നൽകണം. 

ഇതേസമയം, സോഫ്റ്റ്‌വെയർ ഉപയോഗിച്ചാലും വ്യത്യസ്ത മണ്ഡലങ്ങളിലെ ഇരട്ടവോട്ടു കണ്ടെത്തൽ പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.  

പരാതിയില്ലെങ്കിലും കണ്ടെത്തണം

പോളിങ് ഏജന്റുമാർ പരാതിപ്പെട്ടില്ലെങ്കിലും വ്യാജ വോട്ടറെ തിരിച്ചറിയേണ്ടതു പോളിങ് ഓഫിസറുടെ ഉത്തരവാദിത്തമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. പട്ടികയിലെ ഇരട്ടിപ്പ് ഉൾപ്പെടെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിൽ വീഴ്ചയുണ്ടായാലും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. 

3 ചോദ്യങ്ങൾ ബാക്കി

1. എറോനെറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇരട്ടിപ്പ് കണ്ടെത്താമായിരുന്നെങ്കിൽ കമ്മിഷൻ ഇതുവരെ ഇരട്ടിപ്പ് കണ്ടെത്തി ഒഴിവാക്കാതിരുന്നത് എന്തുകൊണ്ട്?

2. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തി കൈമാറിയ വ്യാജവോട്ടു പട്ടികയിലെ പരാതികൾ പരിഹരിച്ച ശേഷവും കൂടുതൽ പേരെക്കുറിച്ച് പരാതി ലഭിച്ചാൽ കമ്മിഷൻ എന്തു ചെയ്യും? 

3. പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായിട്ടും ഭരണപക്ഷത്തിന് അങ്ങനെയൊരു പരാതി ഇല്ലാത്തത് എന്തുകൊണ്ട്?  

Content Highlights: Voters list fraud kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com