ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക വർഷം തീരാൻ 4 ദിവസം മാത്രം ശേഷിക്കെ വികസന പദ്ധതികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച തുകയിൽ കാൽ പങ്കും ചെലവിടാതെ സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികൾ പലതും പാതിവഴിയിൽ നിൽക്കുമ്പോൾ വോട്ടെടുപ്പിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷനും പരിഷ്കരിച്ച ശമ്പളവും സർവീസ് പെൻഷനും നൽകാനായി 4,000 കോടി കൂടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ഇതോടെ ഇൗ മാസത്തെ ആകെ കടമെടുപ്പ് 8,000 കോടിയിലെത്തി. വോട്ടു ലക്ഷ്യമിട്ട് ഇൗ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു നൽകാൻ തീരുമാനിച്ചതാണു വൻ തുകയുടെ കടമെടുപ്പിനു വഴിയൊരുക്കിയത്.

പരിഷ്കരിച്ച ശമ്പളവും പെൻഷനും വോട്ടെടുപ്പിനു മുൻപു നൽകാനുള്ള തീരുമാനവും കാരണമായി. മാസത്തിന്റെ പകുതിയോടെയാണു ശമ്പള, പെൻഷൻ വിതരണം സാധാരണ പൂർത്തിയാകുക. പ്രളയത്തിൽ തകർന്ന കേരളത്തിൽ സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കാനുള്ള റീബിൽഡ് കേരള പദ്ധതിക്കായി സർക്കാർ മാറ്റി വച്ച 1000 കോടി രൂപയിൽ 229 കോടി മാത്രമാണ് ഇന്നലെ വരെ ചെലവിട്ടതെന്ന് ആസൂത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷവും 1000 കോടി രൂപ മാറ്റിവച്ചെങ്കിലും നയാപൈസ ചെലവിട്ടിരുന്നില്ല. നവകേരള നിർമിക്കാനായി ഏർപ്പെടുത്തിയ പ്രളയ സെസ് വഴി 1390 കോടി രൂപയാണു കഴിഞ്ഞ സെപ്റ്റംബർ വരെ സർക്കാർ പിരിച്ചത്. പദ്ധതികളൊന്നും സമയബന്ധിതമായി തുടങ്ങാൻ കഴിയാത്തതിനാൽ ഇൗ തുക വകമാറ്റി ചെലവിട്ടതു പോലെയായി.

പ്രധാന വകുപ്പുകളുടെ ചെലവിടൽ

ഉൾനാടൻ ജലഗതാഗതം – 29%

സ്പോർട്സ്, യുവജനക്ഷേമം – 46%

വനിത, ശിശുവികസനം – 64%

ശാസ്ത്രസാങ്കേതികം, ഐടി – 42%

പരിസ്ഥിതി – 31%

ഭക്ഷ്യ സിവിൽ സപ്ലൈസ് – 49%

ഭവനനിർമാണം – 12%

വ്യവസായം – 59%

ഇൗ മാസത്തെ കടമെടുപ്പ്

മാർച്ച് 2 – 1000 കോടി

മാർച്ച് 16 – 1000 കോടി

മാർച്ച് 23 – 2000 കോടി

മാർച്ച് 30 – 4000 കോടി

മാർച്ചിൽ ആകെ – 8000 കോടി

English Summary: Kerala government borrows 8000 crore in march

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com