ADVERTISEMENT

തിരുവനന്തപുരം ∙ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി വകുപ്പ് എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സംസ്ഥാന മന്ത്രിസഭ എടുത്ത ഈ തീരുമാനത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിക്കുമോയെന്നു സംശയമാണ്. കമ്മിഷന്റെ അംഗീകാരം ലഭിച്ചാലേ മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കാനാകൂ. 

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നും കമ്മിഷൻ പരിശോധിച്ചേക്കാം. ചട്ടങ്ങൾ ലംഘിച്ചുള്ള അന്വേഷണ നടപടി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആക്ഷേപമുണ്ട്. 

സ്വർണക്കടത്തു കേസിലെപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയാണ് അന്വേഷിക്കുക. കമ്മിഷനായി മുൻ ഹൈക്കോടതി ജ‍ഡ്ജിയും സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനുമായ വി.കെ. മോഹനനെ നിയമിച്ചു. 6 മാസത്തേക്കാണു നിയമനം. 

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് അജൻഡയ്ക്കു പുറത്തുള്ള ഇനമായി ജുഡീഷ്യൽ അന്വേഷണ തീരുമാനം അറിയിച്ചത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങിയ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണു ജുഡീഷ്യൽ അന്വേഷണവും. 

‘അധോലോക നായിക’യുടെ ശബ്ദരേഖ അന്വേഷിക്കും

സ്വർണക്കടത്തു കേസ് പ്രതിയായ ‘അധോലോക നായിക’ സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്ത് എന്നിവയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ എന്നതും കമ്മിഷൻ പരിശോധിക്കുമെന്നു പരിഗണനാ വിഷയങ്ങളിൽ പറയുന്നു. 

ഇത്തരം ആരോപണത്തിനും മൊഴികൾക്കും പിന്നിൽ പ്രവർത്തിച്ചവരെയും ഏജൻസികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള അന്വേഷണവും കമ്മിഷൻ നടത്തണം.

പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരം

1952 ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിനു വിരുദ്ധമാണു മന്ത്രിസഭാ തീരുമാനമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. 

സംസ്ഥാന പട്ടികയിലും സംയുക്ത പട്ടികയിലുമുള്ള വിഷയങ്ങളിൽ മാത്രമേ സംസ്ഥാനത്തിന് അന്വേഷണം പ്രഖ്യാപിക്കാൻ സാധിക്കൂ. 

ഈ സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണു ജുഡീഷ്യൽ അന്വേഷണം എന്നു പ്രതിപക്ഷം ആരോപിക്കുന്നു.

∙ ‘മന്ത്രിസഭാ തീരുമാനത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല. കിട്ടുന്ന മുറയ്ക്കു പരിശോധിച്ചു കേന്ദ്ര കമ്മിഷന്റെ പരിഗണനയ്ക്ക് അയയ്‌ക്കേണ്ടതാണെങ്കിൽ അയയ്ക്കുന്നത് ഉൾപ്പെടെ നടപടി എടുക്കും.’ – ടിക്കാറാം മീണ (മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ)

English Summary: Kerala Government orders judicial inquiry against central agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com