ADVERTISEMENT

സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറും എന്ന നിലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും നയിക്കുക എന്ന അപൂർവ അവസരവും വലിയ വെല്ലുവിളിയുമാണ് എ.വിജയരാഘവനു മുന്നിൽ.

അതുണ്ടാക്കാവുന്ന ആധികൾക്കു പകരം സ്വതസിദ്ധമായ നിർമമതയാണ് അദ്ദേഹത്തിന്.

വിജയരാഘവൻ ‘മനോരമ’യോടു സംസാരിച്ചു:

തുടർഭരണ പ്രതീക്ഷകളുണ്ടെന്ന് എൽഡിഎഫ് പറയുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം സൂചിപ്പിക്കുന്നത് അത് എളുപ്പമല്ല എന്നാണല്ലോ?

തുടർഭരണം സാധ്യതയെക്കാൾ കേരളത്തിന്റെ ആവശ്യമായി മാറി. വിവിധ വിഭാഗങ്ങളുടെ ജീവിതപുരോഗതിക്കും കേരള വികസനത്തിന് അടിസ്ഥാനപരമായി വേണ്ടതുമായ കാര്യങ്ങൾ ഈ സർക്കാർ ചെയ്തു. ഇനി ആ ലക്ഷ്യത്തിന്റെ പൂർത്തീകരണമാണ്. അതുകൊണ്ടു പുതിയ ചരിത്രം സൃഷ്ടിക്കാൻ കേരളം എൽഡിഎഫിനൊപ്പം നിൽക്കും. സർവേകളിൽ അമിത വിശ്വാസമോ അതിന്റെ പേരിൽ അമിത ആത്മവിശ്വാസമോ ഞങ്ങൾ പുലർത്താറില്ല.

ഏതു മുന്നണി ഭരിക്കുമ്പോഴും ഇനി അടുത്ത മുന്നണിയുടെ ഊഴം എന്നു കരുതി വോട്ടു ചെയ്യുന്ന ഒരു വിഭാഗം എല്ലാ മണ്ഡലങ്ങളിലും ഇല്ലേ?

വോട്ടർമാരെ ഗൗരവത്തിൽ എടുക്കാതിരിക്കരുത്. ഒന്നു മാറി മറ്റൊന്നു വരട്ടെ എന്ന നിസ്സംഗ മനോഭാവമല്ല ഇന്നു കേരള ജനതയ്ക്ക്. പ്രളയവും കോവിഡും കഴിഞ്ഞതോടെ വിശ്വസിക്കാവുന്ന മുന്നണിയും വിശ്വസിക്കാവുന്ന മുഖ്യമന്ത്രിയും എന്നതു മുഖ്യ പരിഗണന തന്നെയായി. മാറ്റത്തിനല്ല, തുടർച്ചയ്ക്കു വേണ്ടിയാകും ഇക്കുറി വോട്ട്.

എൽഡിഎഫ് കൺവീനർ പ്രവചനം നടത്തിയാൽ എൽഡിഎഫിനും യുഡിഎഫിനും എത്ര സീറ്റ് വീതം കിട്ടും?

വളരെ സുരക്ഷിതമായ ഭൂരിപക്ഷം എൽഡിഎഫിനു ലഭിക്കും.

ബിജെപി പിടിക്കുന്ന വോട്ടുകളിൽ കൂടുതലും ചോരുന്നത് യുഡിഎഫിൽ നിന്നാണ് എന്ന വിശകലനമുണ്ട്. ബിജെപി മുന്നേറുന്നതിൽ ഒരു പ്രയോജന സാധ്യത അങ്ങനെ എൽഡിഎഫ് കാണുന്നോ?

രാഷ്ട്രീയമായി കൂടുതൽ എതിർക്കപ്പെടേണ്ടതും ദുർബലമാകേണ്ടതും ബിജെപിയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഞങ്ങൾക്കില്ല. ബിജെപിയുടെ വളർച്ചയെ ഗൗരവത്തിലെടുക്കുന്നില്ല എന്നതാണു കോൺഗ്രസ് ചെയ്യുന്ന തെറ്റ്. 

എൽഡിഎഫ് കൺവീനർ എന്ന നിലയിൽ 3 മുന്നണികളെയും ഒറ്റനോട്ടത്തിൽ എങ്ങനെ വിലയിരുത്തുന്നു?

എൽഡിഎഫിന് ഒരു ബദൽ രാഷ്ട്രീയമുണ്ട്. യുഡിഎഫ് പൂർണ അവസരവാദികളാണ്. മതനിരപേക്ഷതയിൽ ഊന്നിയ നന്മകളെ തകർക്കാനാണു ബിജെപി ശ്രമിക്കുന്നത്. പുതിയ കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് ശക്തിപ്പെടുന്നു. പലരും അകന്നുപോയ യുഡിഎഫ് അനുദിനം ദുർബലപ്പെടുന്നു.

ബിജെപി കേരളത്തിൽ ശക്തിപ്പെടുന്നേയില്ല. ബിജെപി വോട്ട് ഇത്തവണ കുറയും എന്നാണ് എന്റെ വിശ്വാസം. ഉള്ള ഒരു സീറ്റ് അവർ നിലനിർത്താനും പോകുന്നില്ല.

പിണറായി വിജയനു മുന്നിൽ എൽഡിഎഫും സിപിഎമ്മും അപ്രസക്തം എന്നാണ് എ.കെ.ആന്റണി ആരോപിച്ചത്. മുന്നണിയെയും പാർട്ടിയെയും വകവയ്ക്കാത്ത നേതാവാണോ മുഖ്യമന്ത്രി?

കുടുംബാധിപത്യം എന്ന കോൺഗ്രസ് ശൈലിയോട് സമരസപ്പെട്ട എ.കെ. ആന്റണിയാണ് ഈ ആക്ഷേപം നിരത്തുന്നത് എന്നോർമിക്കണം. പിണറായി വിജയൻ എല്ലാ കാലത്തും പാർട്ടിക്കു വിധേയനായി പ്രവർത്തിച്ച കമ്യൂണിസ്റ്റുകാരനാണ്. പാർട്ടിയുടെ ചട്ടക്കൂടിന്റെ ഭാഗമാണ് അദ്ദേഹം. അതേസമയം, വ്യക്തികൾ എപ്പോഴും പ്രധാനമാണ്. അത് അവർക്കു ലഭിക്കുന്ന ചുമതലകളെ ആശ്രയിച്ചിരിക്കും.

പ്രധാന കൂടിയാലോചനകളിൽ എല്ലാം താങ്കൾ ഭാഗഭാക്കാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണോ? ബാക്കിയുള്ളവർക്കു കയ്യടിക്കുന്ന ജോലിയേ ഉള്ളോ?

അങ്ങനെ ഒരാൾ പറയുന്നതു കേൾക്കുന്ന ആൾക്കൂട്ടമാണോ കമ്യൂണിസ്റ്റ് പാർട്ടി? അങ്ങനെ ഞങ്ങളെ ചുരുക്കരുത്.  തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കുന്നയാളായി പിണറായി വിജയനെ ആക്ഷേപിക്കുകയും ചെയ്യരുത്. പാർട്ടി ഒരു കൂട്ടായ്മയാണ്. കൂട്ടായി ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളുടെ നടത്തിപ്പിൽ മുന്നിൽ നിൽക്കുന്നത് നേതാക്കളായിരിക്കും. എന്നു കരുതി നടപ്പാകുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമല്ല. 

അറിഞ്ഞോ അറിയാതെയോ പിണറായി വിജയൻ ബ്രാൻഡായി മാറുകയും ആ നിലയിൽ വ്യക്തിപൂജയ്ക്കു സിപിഎം വഴിപ്പെടുകയും ചെയ്തിട്ടുണ്ടോ?

ഒരിക്കലുമില്ല. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയിൽ പ്രവർത്തിക്കുമ്പോൾ അനവധി വിഷയങ്ങളിൽ മുൻകൈ എടുത്തായിരിക്കും പ്രവർത്തിക്കുക. അതു പാർട്ടിക്ക് ഗുണകരമാണ്.

സമൂഹത്തിൽ പിണറായി വിജയനു കിട്ടുന്ന സ്വീകാര്യത വ്യക്തിപരമല്ല. അങ്ങനെ അദ്ദേഹം അവകാശപ്പെടുകയുമില്ല. മറ്റൊരു തരത്തിൽ അതിനെ വ്യാഖ്യാനിക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ട്.

ശബരിമലയുടെ കാര്യത്തിൽ എൻഎസ്എസിന്റെ തുടർച്ചയായ പ്രസ്താവനകൾ ഭൂരിപക്ഷ വിഭാഗങ്ങളെ എൽഡിഎഫിന് എതിരാക്കും എന്ന ആശങ്കയുണ്ടോ?

എല്ലാ സാമുദായിക വിഭാഗങ്ങളും എൽഡിഎഫിനോടു കൂടുതൽ അടുത്തു നിൽക്കുന്ന സന്ദർഭമാണ് ഇത്. ഞങ്ങൾ ഏറ്റുമുട്ടുന്നത് ബിജെപിയോടും അവരുടെ വർഗീയ – സാമ്പത്തിക നയങ്ങളോടുമാണ്, കോൺഗ്രസിനോടും അതിന്റെ വ്യക്തതയില്ലാത്ത രാഷ്ട്രീയനയങ്ങളോടുമാണ്. സാമുദായിക സംഘടനകൾ പറയുന്നതു ശ്രദ്ധിക്കും. അത്രമാത്രം.

വീണ്ടും അധികാരത്തിൽ വന്നാൽ ശബരിമല വിധി എല്ലാവരുമായും ചർച്ച ചെയ്തു മാത്രമേ നടപ്പാക്കൂ എന്നാണ് എൽഡിഎഫ് വാഗ്ദാനം. യുവതീപ്രവേശത്തിനായി ഇനി നിർബന്ധം പിടിക്കില്ല എന്നല്ലേ അതിന്റെ പച്ച മലയാളം?

കുറച്ചുകാലം കൂടി ക്ഷമിക്കൂ. കോടതി വിധി വരട്ടെ. തിരഞ്ഞെടുപ്പുകാലത്ത് ആ ചർച്ച വേണ്ട.

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പോർമുഖം ശക്തമാക്കൽ അല്ലേ?

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ രാഷ്ട്രീയവും നിയമപരവുമായ വഴികളുണ്ട്. രാജ്യത്ത് എത്രയോ സർക്കാരുകളെ അട്ടിമറിക്കാൻ ഈ ഏജൻസികളെ ഉപയോഗിച്ചു! എട്ടൊൻപതു മാസം നടന്നിട്ട് എന്തായി? ഇനി അത്രയും കൊല്ലം നടന്നാലും ഒന്നും കിട്ടില്ല.

ഇരട്ടവോട്ടും കടന്ന് ഒരാൾക്ക് നാലും അഞ്ചും വോട്ട് വരെയായി. കേന്ദ്ര ഏജൻസികൾക്കെതിരെ തിരിയുന്നതിന്റെ ശൗര്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോടു കാട്ടുന്നില്ലല്ലോ? കമ്മിഷന്റെ ഭാഗത്തു പിടിപ്പുകേടില്ലേ?

വോട്ടർപട്ടികയിൽ രണ്ടിടത്തു പേരുള്ളതു കൊണ്ട് 2 വോട്ടു ചെയ്യാൻ കഴിയുമോ? വോട്ടർപട്ടികയിൽ തെറ്റുണ്ടെങ്കിൽ അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മിഷനാണ്.

എന്റെ പേര് ഒരിക്കൽ രണ്ടിടത്തു വന്നിട്ടുണ്ട്. ഒരിടത്തേതു വെട്ടാൻ എഴുതിക്കൊടുത്തെങ്കിലും അതു ചെയ്തില്ല. അതെല്ലാം ഞങ്ങൾക്കു കള്ളവോട്ട് ചെയ്യാനാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും ആരോപിക്കുന്നത് പ്രതിപക്ഷത്തിന്റെ വിവരക്കേടാണ്. 

ആഴക്കടൽ കരാർ വീണ്ടും വിവാദമാകുന്നു. തീരദേശത്ത് മുപ്പതോളം മണ്ഡലങ്ങളുണ്ട്. ആശങ്കയില്ലേ?

ആഴക്കടൽ മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരല്ലേ തീരുമാനം എടുക്കേണ്ടത്? സംസ്ഥാന സർക്കാരിന്റെ അധികാര പരിധിക്കു പുറത്തുള്ള ഒരു കാര്യത്തെക്കുറിച്ചു തെറ്റായ പ്രചാരണം നടത്തിയാൽ ആളുകൾ അതു വിശ്വസിക്കില്ല.

ഇരിങ്ങാലക്കുടയിലെ സ്ഥാനാർഥിക്ക് (വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു) വേണ്ടി പ്രചാരണത്തിനു പോകുന്നുണ്ടോ?

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കു വേണ്ടിയും പ്രചാരണത്തിനു പോകുന്നതല്ലേ ഞങ്ങളുടെ ചുമതല. അങ്ങനെ വിചാരിച്ചാൽ മതി.

സിപിഎം സെക്രട്ടറിയുടെ ചുമതല വഹിച്ച് എൽഡിഎഫിനെ നയിക്കുകയാണ്. ഇരട്ടപ്പദവിയിലിരിക്കെ തുടർഭരണം എന്നതു വ്യക്തിപരമായി കൂടി എത്രത്തോളം പ്രാധാന്യം ഉള്ളതാണ്?

തുടർഭരണം എന്നതു കേരളത്തിന്റെ പൊതു താൽ‍പര്യമാണ്. എല്ലാ നല്ല മനുഷ്യരും ആ ആവശ്യത്തിന്റെ കൂടെ നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com