ADVERTISEMENT

ആനപരിശീലന കേന്ദ്രമുള്ള സ്ഥലം, ഗവി, കുട്ടവഞ്ചി സവാരിയുടെ നാട് തുടങ്ങിയ വിശേഷണങ്ങളിലാണ് കോന്നിയെ കേരളം അറിഞ്ഞിരുന്നത്. രാഷ്ട്രീയമെടുത്താൽ അടൂർ പ്രകാശിന്റെ കോന്നിയായിരുന്നു ഒരു കാലം വരെ.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോന്നി ആകെ മാറി. ഇന്നു ദേശീയ രാഷ്ട്രീയ ചർച്ചകളിലാണ് കോന്നിയുടെ സ്ഥാനം. ആ ചർച്ചകളിലേക്കു കോന്നിയെ കൊണ്ടുപോയത് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള ബിജെപി.

നാടിന്റെ അത്ര തന്നെ വിസ്തൃതി കാടിനുമുണ്ട് കോന്നിയിൽ. ഒരു പക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ പാറമടകളുള്ള മണ്ഡലവും കോന്നിയാകും.

കാർഷിക കേന്ദ്രമായ കോന്നിയിലെ ജനങ്ങളെ വന്യമൃഗ ശല്യം കുറച്ചൊന്നുമല്ല അലട്ടുന്നത്. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പി.പി. മത്തായിയുടെ വീട് മണ്ഡലത്തിലാണ്. പാറമടകൾ മനുഷ്യനും പ്രകൃതിക്കും മുന്നിൽ ചോദ്യചിഹ്നങ്ങളാണ്. പട്ടയമില്ലാത്തവരുടെ വിലാപം മണ്ഡലത്തിന്റെ രാഷ്ട്രീയമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് അടൂർ പ്രകാശ് കോന്നി വിട്ടിറങ്ങിയപ്പോൾ 23 വർഷം കോൺഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായി. കെ.യു. ജനീഷ്കുമാറിലൂടെയാണ് സിപിഎം കോന്നി തിരികെപ്പിടിച്ചത്. അടൂർ പ്രകാശിന്റെ പിൻഗാമിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിനുണ്ടായ പിഴവിന് അവർ വലിയ വില നൽകേണ്ടി വന്നു.

അതുകൊണ്ടു തന്നെ ഇത്തവണ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്റർക്ക് കോൺഗ്രസ് സീറ്റു നൽകി.   എൽഡിഎഫിലും എൻഡിഎയിലും ഉപതിരഞ്ഞെടുപ്പിലെ സ്ഥിതി തുടരുകയാണ്. മണ്ഡലം പിടിച്ചെടുത്ത കെ.യു. ജനീഷ്കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മത്സരിക്കുന്നു. സാധാരണ പോരാട്ടമായി കഴി‍ഞ്ഞു പോകുമായിരുന്ന കോന്നിയിലെ മത്സരത്തിനു ചൂടു കൂട്ടിയത് സുരേന്ദ്രന്റെ വരവാണ്.

രണ്ടിലൊന്നു കോന്നിയാക്കാനുള്ള സുരേന്ദ്രന്റെ തീരുമാനത്തിന് തിരിച്ചടി കിട്ടിയതു സ്വന്തം പാർട്ടിയിൽനിന്നു തന്നെയാണ്. സിപിഎം – ബിജെപി ഡീൽ എന്നു കോന്നി സീറ്റിനെ വിശേഷിപ്പിച്ച് ‘ഓർഗനൈസറി’ന്റെ മുൻ പത്രാധിപർ ആർ. ബാലശങ്കർ രംഗത്തുവന്നു. ‘ഡീൽ’ വിവാദം തിളയ്ക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ സുരേന്ദ്രന്റെ പ്രചാരണത്തിനെത്തുകയാണ്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് പ്രചാരണം നടത്താതെ, മൂന്നാം സ്ഥാനത്തുള്ള കോന്നിയിൽ പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതിൽ വലിയ രാഷ്ട്രീയമാനമുണ്ട്. 

മറുഭാഗത്ത് ഒന്നര വർഷത്തിനിടെ കൈവരിച്ച വികസന പുരോഗതിയാണ് ജനീഷിന്റെ തുറുപ്പുചീട്ട്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ പൂർത്തീകരണം വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നു. ഒന്നര വർഷം കൊണ്ടുള്ളതിനപ്പുറം വികസന നേട്ടങ്ങൾ അടുത്ത 5 വർഷത്തിൽ കൊണ്ടുവരുമെന്നാണ് ജനീഷ് നൽകുന്ന ഉറപ്പ്. എൽഡിഎഫ് പറയുന്ന വികസന നേട്ടങ്ങളെല്ലാം അടൂർ പ്രകാശിന്റേതാണെന്ന മറുപ്രചാരണം യുഡിഎഫ് ഉയർത്തുന്നു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നവരാണ് റോബിനും ജനീഷും സുരേന്ദ്രനും. തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച് ജനീഷും റോബിനും ജനപ്രതിനിധികളായി. സീതത്തോട് പഞ്ചായത്തിലേക്കു കന്നി മത്സരത്തിൽ ജയിച്ച ജനീഷ്, നിയമസഭയിലും ജയം ആവർത്തിച്ചു. 25 വർഷമായി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ജനപ്രതിനിധിയാണ് റോബിൻ പീറ്റർ. നിലവിൽ ജില്ലാ പ‍ഞ്ചായത്ത് അംഗം. ആദ്യമായാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് സുരേന്ദ്രൻ കന്നി ജയം കൈവിട്ടത്.

വിജയം ഉറപ്പാക്കാൻ 3 മുന്നണികളും ആഞ്ഞുപിടിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com