ADVERTISEMENT

ഇരട്ടയാർ (ഇടുക്കി) ∙ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാൻ പ്രസംഗത്തിൽ അശ്ലീലവും സ്ത്രീവിരുദ്ധതയും കലർത്തിയ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിനെതിരെ വ്യാപക പ്രതിഷേധം. ഒടുവിൽ ജോയ്‌സ് ജോർജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെ രംഗത്തുവന്നതോടെ വിവാദം കത്തിപ്പടർന്നു. 

പെൺകുട്ടികൾ രാഹുലിനു മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നാണു ജോയ്സ് പറഞ്ഞത്. ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി എം.എം. മണിയുടെ ഇരട്ടയാറിലെ പ്രചാരണയോഗത്തിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു പരാമർശം. 

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഒരു വിദ്യാർഥി ജാപ്പനീസ് ആയോധനകല ഐകീഡോയെക്കുറിച്ചു ചോദിക്കുകയും രാഹുൽ ചില മുറകൾ പറഞ്ഞുകൊടുക്കുകയും ചെയ്തതിനെയാണ് ജോയ്സ് അധിക്ഷേപകരമായി പരാമർശിച്ചത്. വേദിയിലുണ്ടായിരുന്ന മന്ത്രി മണിയടക്കമുള്ളവർ കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ജോയ്‌സ് പ്രസംഗം ഫെയ്സ്ബുക്കിലൂടെ ലൈവായി പങ്കുവച്ചു. 

Cartoon-JPG
2019ൽ എ. വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ; ഇപ്പോൾ ജോയ്സ് ജോർജ് വക.

എന്നാൽ, ഇന്നലെ ഇതു വിവാദമാകുകയും സിപിഎം തന്നെ തള്ളിപ്പറയുകയും ചെയ്തതോടെ ജോയ്സ് ജോർജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാ‍ട്ട് പങ്കെടുത്ത പ്രചാരണയോഗത്തിലായിരുന്നു ഖേദപ്രകടനം. യുഡിഎഫ് നേതാക്കൾ ജോയ്സിനെതിരെ ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി. കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മാപ്പു പറയണമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ജോയ്സ് തിങ്കളാഴ്ച പറഞ്ഞത്

പെൺകുട്ടികളുള്ള കോളജിൽ മാത്രമേ പോകുവൊള്ളൂ. അവിടെ ചെന്നിട്ട് പെമ്പിള്ളേരെ വളഞ്ഞുനിൽക്കാനും നിവർന്നുനിൽക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനുമൊന്നും പോയേക്കല്ലേ. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. കൊഴപ്പക്കാരനാ. ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. 

ഇന്നലത്തെ ഖേദപ്രകടനം

ഇരട്ടയാറിൽ സംസാരിക്കുമ്പോൾ അനുചിതമല്ലാത്ത ചില പരാമർശങ്ങൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ആ പരാമർശങ്ങൾ നിരുപാധികം പിൻവലിക്കുകയാണ്. ആ പരാമർശങ്ങളിലുള്ള ഖേദം പരസ്യമായിത്തന്നെ അറിയിക്കുന്നു. 

അവഹേളിച്ചത് ഞങ്ങളെയും: വിദ്യാർഥികൾ

കൊച്ചി ∙ ജോയ്സ് ജോർജിന്റെ പരാമർശം തങ്ങളെ അവഹേളിക്കുന്നതാണെന്ന് സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പ്രതികരിച്ചു. ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ സ്ത്രീശാക്തീകരണ സന്ദേശമാണ് അദ്ദേഹം തന്നത്. തങ്ങളെ വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയെ ഇത്തരത്തിൽ അവഹേളിച്ചതിൽ കടുത്ത അമർഷമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.

English Summary: Joice George's obnoxious comment against Rahul Gandhi sparks controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com