ADVERTISEMENT

കോഴിക്കോട്∙ വാളയാ‍ർ പെൺകുട്ടികളുടെ അമ്മ, കാസർ‌കോട് പെരിയയിലെ ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ, സഹോദരി അമൃത, കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ, അരിയിൽ ഷുക്കൂറിന്റെ സഹോദരൻ അരിയിൽ ദാവൂദ്... ഒപ്പം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും. കൊലപാതക രാഷ്ട്രീയം സൃഷ്ടിച്ച വേദനകളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ‍ ഓർക്കാട്ടേരിയിലെ വേദിയിൽ അവർ ഒരുമിച്ചിരുന്നു. സിപിഎം പ്രതിസ്ഥാനത്തുള്ള അക്രമരാഷ്ട്രീയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ. അവരുടെ സംഗമത്തിൽ സങ്കടത്തോടൊപ്പം, സിപിഎമ്മിനെതിരായ രോഷവും അണപൊട്ടിയൊഴുകി.

യുഡിഎഫും ആർഎംപിഐയും സംഘടിപ്പിച്ച ‘രക്തസാക്ഷി കുടുംബങ്ങളുടെയും അമ്മമനസ്സുകളുടെയും ജനകീയ സംഗമ‘മാണ് ചോരക്കാലത്തിന്റെ ഓർമപ്പെടുത്തലായത്. ടി.പി. ചന്ദ്രശേഖരൻ സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ആദ്യസമ്മേളനം നടത്തിയ ഓർക്കാട്ടേരി ശിവക്ഷേത്ര കച്ചേരി മൈതാനത്തെ വേദിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു സംഗമം. ആയുധമെടുത്ത് എതിരാളിയെ കൈകാര്യം ചെയ്യുന്ന രീതിയോട് യോജിക്കാൻ മനുഷ്യത്വമുള്ള ആർക്കും കഴിയില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ജീവിക്കുന്ന രക്തസാക്ഷികളാണ് വേദിയിലുള്ളത്.  സിപിഎമ്മും ബിജെപിയും ആയുധമെടുക്കുന്നത് നിർത്തണം. കൊലപാതകരാഷ്ട്രീയത്തിനെതിരായ താക്കീതാണ് വടകരയിൽ കെ.കെ. രമയുടെ സ്ഥാനാർഥിത്വമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അധികാരത്തണലിൽ അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നവർക്ക് ഉത്തരമാണ് വടകരയിൽ കെ.കെ. രമയുടെ സ്ഥാനാർഥിത്വമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വി.എം. സുധീരൻ പറഞ്ഞു. കെപിസിസി സെക്രട്ടറി ഐ. മൂസ അധ്യക്ഷനായിരുന്നു. ആർഎംപി ഐ സംസ്ഥാന ജന.സെക്രട്ടറി എൻ. വേണു, പി. കുൽസു, സി.ആർ. നീലകണ്ഠൻ, മമ്പറം ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: Oommen Chandy visits K.K. Rema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com