ADVERTISEMENT

വീട്ടിലേക്ക് എത്ര ദൂരമുണ്ട്? – പ്രിയങ്ക ഗാന്ധി ചോദിച്ചു. അടുത്താണ്. 2 കിലോമീറ്റർ – അരിത ബാബു പറഞ്ഞു. പ്രിയങ്ക റോഡ് ഷോ അങ്ങോട്ടു തിരിച്ചുവിട്ടു.

അപ്പോൾ അരിതയുടെ പിതാവ് തുളസീധരനും മാതാവ് ആനന്ദവല്ലിയും പ്രിയങ്കയെ കാണാൻ ദേശീയപാതയിൽ കൃഷ്ണപുരത്ത് നിൽക്കുകയായിരുന്നു.

കൊല്ലത്തു നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടൊപ്പം യുഡിഎഫ് സ്ഥാനാർഥികളായ പി സി വിഷ്ണുനാഥ് (കുണ്ടറ), ബാബു ദിവാകരൻ ( ഇരവിപുരം ) , എൻ പീതാംബരക്കുറുപ്പ് (ചാത്തന്നൂർ) ,ബിന്ദു കൃഷ്ണ (കൊല്ലം) എന്നിവർ.  ചിത്രം: മനോരമ
കൊല്ലത്തു നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടൊപ്പം യുഡിഎഫ് സ്ഥാനാർഥികളായ പി സി വിഷ്ണുനാഥ് (കുണ്ടറ), ബാബു ദിവാകരൻ ( ഇരവിപുരം ) , എൻ പീതാംബരക്കുറുപ്പ് (ചാത്തന്നൂർ) ,ബിന്ദു കൃഷ്ണ (കൊല്ലം) എന്നിവർ. ചിത്രം: മനോരമ

പരിപാടിയിൽ ഇല്ലാത്ത, പ്രിയങ്കയുടെ ആ ‘വഴിത്തിരിവ്’ സുരക്ഷാ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ആശയക്കുഴപ്പമുണ്ടാക്കി. പൂട്ടിക്കിടന്ന വീടിന്റെ വരാന്തയിൽ പ്രിയങ്ക അരിതയുടെ മാതാപിതാക്കളെ കാത്തുനിന്നു. ഓർക്കാപ്പുറത്ത് നേതാവ് വീട്ടിലെത്തിയതറിഞ്ഞ് അവർ പാഞ്ഞെത്തി. ‘മകളെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാം’ – പ്രിയങ്ക പറഞ്ഞു. തുളസീധരന്റെയും ആനന്ദവല്ലിയുടെയും കണ്ണു നിറഞ്ഞു. ആ വീടിന്റെ ചെറിയ മുറ്റം മുഴുവൻ നാട്ടുകാർ വന്നു നിറഞ്ഞു. പശു വളർത്തിയും കൃഷി ചെയ്തും കുടുംബം പോറ്റുന്ന പെൺകുട്ടിയെക്കുറിച്ചു കേട്ട കഥ അങ്ങനെ പ്രിയങ്ക കണ്ടു.

trivandrum-priyanka-shivakumar

കൂടപ്പിറപ്പിനെതിരെ എതിരാളികളിലൊരാൾ നടത്തിയ പരാമർശം രാവിലെ വിവാദമായി കത്തിപ്പടരുമ്പോൾ ആയിരുന്നു പ്രിയങ്ക പത്തരയ്ക്ക് അനന്തപുരിയിൽ പറന്നിറങ്ങിയത്. തുടർന്ന് ഹെലികോപ്റ്ററിൽ ആലപ്പുഴ ചേപ്പാട് എൻടിപിസിയിലേക്ക്. അവിടെനിന്നു പ്രവർത്തകരിൽ ആവേശം നിറച്ച് റോഡ് ഷോ. പാതയോരങ്ങളിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്യാൻ പ്രിയങ്കയും അരിതയും കാറിന്റെ സൺ റൂഫ് തുറന്ന് എഴുന്നേറ്റുനിന്നു. വഴിയിൽ സ്ത്രീകൾ കൂടിനിന്ന സ്ഥലങ്ങളിൽ വാഹനം നിർത്തി അഭിവാദ്യം ചെയ്തു.

kollam-priyanka-with-shibu-baby-john

1.15നു കൊല്ലം ജില്ലയിലെ ആദ്യ സമ്മേളന വേദിയായ കരുനാഗപ്പള്ളി വവ്വാക്കാവിലെത്തി. ഇന്ദിരാ ഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം. ‘‘വിവാദങ്ങൾക്കു പിന്നാലെ വിവാദങ്ങൾ ഘോഷയാത്രയായി വന്നിട്ടും ഒരു മുഖ്യമന്ത്രി പറയുകയാണ്. എനിക്കൊന്നുമറിയില്ല. അങ്ങനെയൊരാൾ എങ്ങനെയാണു മുഖ്യമന്ത്രിക്കസേരയിലിരിക്കുക?’’ പ്രിയങ്ക ചോദിച്ചു. പ്രളയ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള 15 കോടി രൂപ സിപിഎം നേതാക്കളുടെ പോക്കറ്റിലേക്കു പോയത് എങ്ങനെ മുഖ്യമന്ത്രി അറിയാതിരുന്നു? അടുത്ത ചോദ്യം. സിപിഎം അംഗങ്ങളല്ല എന്ന ഒറ്റക്കാരണത്താൽ കേരളത്തിൽ പ്രളയ ബാധിതർക്കു സഹായം ലഭിക്കുന്നില്ലെന്ന വിവരം ഡൽഹിയിലിരുന്ന ഞാനറിയുന്നു. എന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതൊന്നുമറിയുന്നില്ല?  ആവേശവും ഗൗരവവും ഒട്ടും ചോരാതെ ജ്യോതി വിജയകുമാർ ആ വാക്കുകൾ പരിഭാഷപ്പെടുത്തി.

Priyanka-Gandhi-and-Aritha-Babu-JPG
പുഷ്പം പോലെ ജയിക്കാൻ: കായംകുളത്ത് ദേശീയപാതയിൽ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി അരിത ബാബു സമീപം. ചിത്രം: സജിത്ത് ബാബു ∙ മനോരമ

അടുത്ത സമ്മേളനം കൊല്ലത്ത്. സംസ്ഥാന സർക്കാരിന്റെ ഓരോ ജനവിരുദ്ധ പ്രവർത്തനവും പ്രിയങ്ക അക്കമിട്ടു നിരത്തി. മലയാളത്തിൽ നമസ്കാരം പറഞ്ഞു തുടങ്ങി 45 മിനിറ്റ് നീണ്ട പ്രസംഗം. കേന്ദ്ര – കേരള സർക്കാരുകൾക്കെതിരായ കുറ്റപത്രത്തിനൊപ്പം യുഡിഎഫിന്റെ പ്രകടന പത്രികയും ജനസമക്ഷം നിരത്തി മടക്കം.

കൊട്ടാരക്കരയിലെ സമ്മേളേനവേദിയിൽ സ്ഥാനാർഥി ആർ. രശ്മി അപ്രതീക്ഷിതമായി പ്രിയങ്കയുടെ പാദങ്ങളെ തൊട്ടു. സ്നേഹപൂർവം രശ്മിയെ പിടിച്ചെഴുന്നേൽപിച്ച പ്രിയങ്ക ആശംസകൾ നേർന്നു. സ്ഥാനാർഥികൾ ചേർന്നു വലിയ പുഷ്പഹാരം പ്രിയങ്കയെ അണിയിച്ചപ്പോൾ രശ്മിയെ തനിക്കു മുന്നിലേക്കു പിടിച്ചു നിർത്തി പ്രിയങ്ക. മടങ്ങാൻ തയാറെടുത്തപ്പോഴാണ് മാർത്തോമ്മാ സഭയ്ക്കു കീഴിലുള്ള അഗതി മന്ദിരത്തിലെ അമ്മമാരെ കണ്ടത്. സുരക്ഷാ ഭടൻമാരെ മറികടന്ന് അവരെ ചേർത്തു പിടിച്ചു.

2 മണിക്കൂറോളം വൈകിയെങ്കിലും വെഞ്ഞാറമൂട് മാണിക്കം ഗ്രൗണ്ടിൽ വൻജനാവലി പ്രിയങ്കയ്ക്കായി കാത്തിരുന്നു. കാറിന്റെ ജാലകപ്പടിയിൽ ഇരുന്നു കൊണ്ടു ജനങ്ങളെ അഭിവാദ്യം ചെയ്തുള്ള വെറൈറ്റി റോഡ് ഷോ കണ്ടു ജനം ആശ്ചര്യത്തിലായി. വെഞ്ഞാറമൂട്ടിലെ വേദിയിൽ ഒപ്പമിരുന്ന ആനാട് ജയൻ, പി.എസ്. പ്രശാന്ത്, ബി.ആർ.എം. ഷഫീർ, എ. ശ്രീധരൻ, ബി.എസ്. അനൂപ് എന്നീ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ വലിയ മാറ്റമാണു പുതിയ തലമുറ നിയമസഭയിലെത്തുമ്പോൾ സംഭവിക്കുകയെന്നും പ്രിയങ്ക ഓർമിപ്പിച്ചു. അനൂപിന്റെ മാതാവ് തൊഴിലുറപ്പ് ജോലി ചെയ്തു കുടുംബം പോറ്റുന്ന സുദേവിയെ പ്രിയങ്ക പേരെടുത്തു വിളിച്ചു.

trivandrum-priyanka-gandhi-eating

അവിടെനിന്നു കാട്ടാക്കടയിലേക്കുള്ള യാത്ര ഹെലികോപ്റ്ററിലാണു പദ്ധതിയിട്ടിരുന്നതെങ്കിലും ഇരുട്ടിയതിനാൽ കാറിലാക്കി. പി.എം. വില്യം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മലയിൻകീഴ് വേണുഗോപാൽ, കെ.എസ്. ശബരീനാഥൻ, അൻസജിത റസൽ എന്നീ സ്ഥാനാർഥികൾക്കു വേണ്ടി വോട്ടഭ്യർഥിച്ച പ്രിയങ്ക തന്നെ കാണാൻ കെട്ടിടങ്ങളുടെ മുകളിൽ കയറിക്കൂടിയവരെ നോക്കി പറഞ്ഞു ‘‘ഇറങ്ങുമ്പോൾ സൂക്ഷിക്കണം’’.

രാത്രി എട്ടരയ്ക്കു മുൻപ് നേമം മണ്ഡലത്തിന്റെ ഭാഗമായ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ എത്താനുള്ള ഓട്ടമായിരുന്നു പിന്നെ. കാറിൽ ഞെരുങ്ങിയുള്ള യാത്രയിലും ഇരുവശത്തും കൂടിയ ജനങ്ങൾക്കു നേരേ പ്രിയങ്ക കൈവീശി. ശശി തരൂർ, കെ. മുരളീധരൻ, വീണ എസ്. നായർ എന്നിവരുമായി കൃത്യം 8.30ന് ആറ്റുകാലിലെത്തി ക്ഷേത്ര ദർശനം നടത്തി. അവിടെ നിന്ന് തീരമേഖലയായ പൂന്തുറയിലേക്ക്. രാത്രി 9 കഴിഞ്ഞെങ്കിലും വി.എസ്. ശിവകുമാറിനൊപ്പം കടലോരം കാത്തിരുന്നു.

English Summary: Priyanka Gandhi's election campaign in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com