ADVERTISEMENT

വടകര ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമയെ അടുത്തുനിർത്തി രാഹുൽ ഗാന്ധി ചോദിച്ചു. ‘ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ എന്തു നേടി? മകനിൽ നിന്ന് അച്ഛനെ അടർത്തിയെടുത്തിട്ടു നിങ്ങൾക്ക് എന്തു നേട്ടമാണുണ്ടായത്? എല്ലാറ്റിനുമുപരി അവരും ഇടതുപക്ഷ കുടുംബത്തിലെ അംഗങ്ങളായിരുന്നില്ലേ?

ഇടതുപ്രത്യയശാസ്ത്രത്തിന്റെ ഇരകളായി കൊല്ലപ്പെട്ട ആയിരക്കണക്കിനു രക്തസാക്ഷികളുടെ കുടുംബത്തിന്റെ പ്രതീകമാണ് കെ.കെ. രമ. നിങ്ങൾ അവരോടു വിയോജിച്ചാൽ അവർ ചർച്ച ചെയ്യുകയല്ല, കൊലപ്പെടുത്തുകയാണു ചെയ്യുക’– വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടെ യുഡിഎഫ് സംയുക്ത തിരഞ്ഞെടുപ്പ് കൺവൻഷൻ പുറമേരിയിൽ ഉദ്ഘാടനം ചെയ്തു രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതം എന്നു പറയുന്ന പ്രധാനമന്ത്രി ഇടതുപക്ഷ മുക്ത ഭാരതം എന്നു പറയാത്തതിന്റെ കാരണം ഈ വേദിയിൽ ഉണ്ട് എന്നു പറഞ്ഞാണു രാഹുൽ കെ.കെ. രമയെ അടുത്തേക്കു വിളിച്ചത്. ടി.പി.ച ന്ദ്രശേഖരന്റെ മകൻ അഭിനന്ദുമായും രാഹുൽ വേദിയിൽ സംസാരിച്ചു.

മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്നു കുത്തി

അമേരിക്കൻ കമ്പനിയുമായി മത്സ്യബന്ധനക്കരാർ ഒപ്പിട്ടതുവഴി ഇടതുസർക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്നു കുത്തിയെന്നു രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പറഞ്ഞു. വളരെ രഹസ്യമായി സർക്കാർ ഉണ്ടാക്കിയ കരാറാണിതെന്നും കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു രാഹുൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളും കർഷകരും മറ്റു തൊഴിലാളികളും ഇപ്പോൾ കടന്നുപോകുന്ന കടുത്ത പ്രതിസന്ധിക്ക് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന ന്യായ് പദ്ധതി പരിഹാരമാകും. മാസം 6,000 രൂപ വീതമാണു പാവപ്പെട്ടവരുടെ അക്കൗണ്ടിൽ എത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂ‍ർ മണ്ഡലത്തിലെ ഇരിട്ടി, ഇരിക്കൂർ മണ്ഡലത്തിലെ ആലക്കോട്, കണ്ണൂർ മണ്ഡലത്തിലെ ആയിക്കര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു യോഗങ്ങളിലും അഴീക്കോട് മണ്ഡലത്തിൽ റോഡ് ഷോയിലും രാഹുൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com