ADVERTISEMENT

വികസന രാഹിത്യം, അഴിമതി, ധൂർത്ത്, കള്ളക്കടത്ത്, ആചാര ലംഘനം, സ്വജനപക്ഷപാതം, സ്ത്രീവിരുദ്ധത തുടങ്ങിയവയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ജനങ്ങൾക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഭരണം. പകരം ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ വന്നേ തീരൂ.

സ്പ്രിൻക്ലർ മുതൽ വോട്ട് ഇരട്ടിപ്പും അദാനി വൈദ്യുതി കരാറും വരെ എണ്ണിയാൽ ഒടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് 5 വർഷം അരങ്ങേറിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച കള്ളവോട്ട് തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിപക്ഷം പിടികൂടിയത്.  വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കുന്ന വൻ അഴിമതിയുടെ വിവരങ്ങളാണ് പ്രതിപക്ഷം ഒടുവിൽ പുറത്തു വിട്ടത്.

കുത്തകകൾക്കെതിരെ പ്രസംഗിക്കുകയും തരം കിട്ടുമ്പോഴെല്ലാം  ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന പിണറായി  ശൈലിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ഇടപാട്. അമൂല്യമായ മത്സ്യസമ്പത്ത് 5000 കോടി രൂപയ്ക്ക് ഒരു അമേരിക്കൻ കമ്പനിക്ക് തീറെഴുതി നൽകാൻ സർക്കാർ നടത്തിയ നെറികെട്ട നീക്കവും പ്രതിപക്ഷം തന്നെയാണ് പുറത്തുകൊണ്ടുവന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫിസ്  കള്ളക്കടത്തുകാരുടെ താവളമായി മാറി. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ ജയിലിൽ കിടന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ്. ഈ കേസിൽ ഇപ്പോഴും ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷ്  മൊഴിയിൽ പറയുന്നത് വിദേശത്തേക്ക്  ഡോളർ കടത്തിയതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ട് എന്നാണ്. ഇത്രയും തരംതാഴാൻ ഒരു ജനകീയ സർക്കാരിന് സാധിക്കുമോ ? ലൈഫ് പദ്ധതിയുടെ മറവിലും നടന്നത് കൈക്കൂലിയും കൊള്ളയുമാണ്.

സ്വർണക്കള്ളക്കടത്ത്, പമ്പാ മണൽ കടത്ത്, ബ്രൂവറി -ഡിസ്റ്റിലറി ഇടപാട്, ട്രാൻസ്ഗ്രിഡ് ഇടപാട്, സ്പ്രിൻക്ലർ,   ഇ-മൊബിലിറ്റി തട്ടിപ്പ്, കിഫ്ബി,  ബെവ്ക്യു ആപ്പ്,  കെ-ഫോൺ, കെ-റെയിൽ തുടങ്ങി അഴിമതികളുടെ പരമ്പരകൾ കേരളത്തെ നാണം കെടുത്തുന്നു.

കിഫ്ബിയാണ് വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 60,000 ത്തിലേറെ കോടികളുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കുന്നതായി പ്രചരിപ്പിക്കുമ്പോൾ യഥാർഥത്തിൽ പൂർത്തിയാക്കിയത് 7274 കോടിയുടെ മാത്രമാണ്.

കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയർത്തി ജനത്തെ പിഴിയുമ്പോൾ അതിന്റെ പങ്കു പറ്റി ജനത്തെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

കോവിഡ് വ്യാപനം ചെറുക്കുന്നതിൽ ദയനീയമായി സർക്കാർ പരാജയപ്പെട്ടു. പിഎസ്‍സി റാങ്ക് പട്ടികകളിൽ ഇടംപിടിച്ച മിടുക്കന്മാർക്ക് നിയമനത്തിനായി സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടുകാലിൽ ഇഴയേണ്ടിവന്നു. 38 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ കാലത്ത് ഉണ്ടായത്. വാളയാറിലെ പിഞ്ചുപെൺകുട്ടികളുടെ ദൂരൂഹമായ കൊലപാതകവും  സർക്കാരിന്റെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കപ്പെട്ടതും കേരള മനഃസാക്ഷിയെ നോവിച്ചുകൊണ്ടിരിക്കും. വരാപ്പുഴയിലെ ശ്രീജിത്തും ഇടുക്കിയിലെ രാജ്കുമാറുമെല്ലാം കസ്റ്റഡിയിലെ ക്രൂരപീഡനങ്ങളിലാണ് കൊല്ലപ്പെട്ടത്. വടക്കാഞ്ചേരിയിൽ വിനായകനെപ്പോലുള്ളവർക്ക് പൊലീസ് പീഡനത്തെടത്തുടർന്ന് ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി ഇവിടെ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. യുഡിഎഫിനെ ദുർബലപ്പെടുത്തുന്നതിനു വേണ്ടി ബിജെപിയെ ശക്തിപ്പെടുത്തുക എന്ന കുടില തന്ത്രം സിപിഎം സ്വീകരിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇതു തെളിഞ്ഞു കണ്ടു. പൊലീസ് കാവലിൽ ശബരിമലയിൽ യുവതികളായ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച് ആചാരം ചവിട്ടി മെതിച്ചു. കോടതി വിധി ഇനി വരുമ്പോൾ എല്ലാവരുമായി ചർച്ച നടത്താമെന്ന് പറഞ്ഞു വിശ്വാസികളെ കബളിപ്പിക്കാനാണ് നോക്കുന്നത്. വിശ്വാസ സംരക്ഷണത്തിന് നിയമം നിർമിക്കുമെന്ന് കേരളത്തിൽ വന്നു പ്രസംഗിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയും വാക്കു പാലിച്ചില്ല. ബിജെപിക്ക് പാർട്ടി വളർത്താനുള്ള സുവർണാവസരം മാത്രമായിരുന്നു ശബരിമല.

‘ഐശ്വര്യ കേരളം, ലോകോത്തര കേരളം’ എന്ന മുദ്രാവാക്യമാണ് യുഡിഎഫ് ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്നത്. അതിനായി സംശുദ്ധമായ സദ്ഭരണമാണ് ഉറപ്പ് നൽകുന്നത്. ലോകത്തിനു മുന്നിൽ തിളങ്ങുന്ന കേരളം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പ്രകടനപത്രികയുമായി ഞങ്ങൾ ജനങ്ങളെ സമീപിച്ചിരിക്കുന്നു. ദുരിതങ്ങൾ മാത്രം നൽകിയ സർക്കാരിനെ പുറന്തള്ളാനുള്ള ഈ അവസരം ജനങ്ങൾ വിനിയോഗിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com