ADVERTISEMENT

വൈക്കം ∙ അരങ്ങിലും അണിയറയിലും ‘ബാലേട്ടൻ’ എന്ന സ്നേഹപ്പേരിൽ നിറഞ്ഞുനിന്ന നാടക, തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി. ബാലചന്ദ്രൻ (69) അന്തരിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 5.10ന് വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം.

ഭാര്യ: വൈക്കം നഗരസഭാ മുൻ അധ്യക്ഷ ശ്രീലത ബാലചന്ദ്രൻ. മക്കൾ: ശ്രീകാന്ത് (കേരള മാർക്കറ്റിങ് ഹെഡ്, ബെംഗളൂരു സിറ്റി റേഡിയോ) ഡോ. പാർവതി. മരുമക്കൾ: ആതിര, വിജയരാജ്. സംസ്കാരം ഇന്നലെ ഉച്ചയ്ക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടത്തി. കൊല്ലം ശാസ്താംകോട്ട പുത്തൻപുരയിൽ പത്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും 4 മക്കളിൽ ഇളയവനായ ബാലചന്ദ്രൻ വൈക്കത്തായിരുന്നു ഏറെക്കാലമായി താമസം.

ബിരുദാനന്തര ബിരുദം നേടിയ ശേഷം തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചു. കുറച്ചുകാലം അവിടെ അധ്യാപകനുമായി. പിന്നീട് കോട്ടയം എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു.

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണു ചലച്ചിത്രരംഗത്ത് എത്തിയത്. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, കമ്മട്ടിപ്പാടം, പൊലീസ്, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ എഴുതി. പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഇവൻ മേഘരൂപൻ’ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2012 ൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് മേഘരൂപൻ നേടി.

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ബാലചന്ദ്രൻ പിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ട്രിവാൻഡ്രം ലോഡ്ജിലെ’ വേഷം ബാലചന്ദ്രനെ ന്യൂജനറേഷൻ സിനിമയിലെയും സ്ഥിരസാന്നിധ്യമാക്കി. പുതിയ സിനിമ തിരക്കഥയെഴുതി ഒരുക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അന്ത്യം. മമ്മൂട്ടി നായകനായ ‘വൺ’ ആണ് അവസാന ചിത്രം.

മലയാള നോവൽ സാഹിത്യം 100 വർഷം പൂർത്തിയാക്കിയപ്പോൾ മലയാള മനോരമയ്ക്കു വേണ്ടി മോഹൻലാൽ അരങ്ങിലെത്തിച്ച ‘കഥയാട്ട’ത്തിന് രംഗഭാഷ്യമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മലയാള സാഹിത്യകൃതികളിലെ 10 അവിസ്മരണീയ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിച്ച കലാരൂപമായിരുന്നു കഥയാട്ടം.

അരങ്ങിലും പരീക്ഷണങ്ങളുടെ തിരശീല നീക്കി ബാലചന്ദ്രൻ അത്ഭുതങ്ങളൊരുക്കി. പാവം ഉസ്മാൻ, മകുടി, ചെണ്ട, കല്യാണസൗഗന്ധികം, ചത്തവനും കൊന്നവനും ഭാര്യാസമേതം, മാറാമറയാട്ടം, തിയറ്റർ തെറപ്പി തുടങ്ങിയ നാടകങ്ങൾ ശ്രദ്ധ നേടി. നാടകകൃതികളുടെ സമാഹാരമായ ‘പാവം ഉസ്മാൻ’ 1989 ലെ സാഹിത്യ അക്കാദമി പുരസ്കാരം നേടി. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അന്തിമോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com