ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 4 മാസം മുൻപ് പിണറായി സർക്കാർ സ്ത്രീ സുരക്ഷയ്ക്കെന്ന പേരിൽ പൊലീസ് നിയമം ഭേദഗതി ചെയ്തതെന്ന വിവരം പുറത്ത്. അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കു ഡിജിപി ലോക്നാഥ് ബെഹ്റ എഴുതിയ കത്തിലാണു സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിലടയ്ക്കാൻ നിയമഭേഗതി വേണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുന്ന തരത്തിലാകണം നിയമമെന്നും ഡിജിപി വാശിപിടിച്ചതായി ഫയൽ കുറിപ്പുകൾ വെളിപ്പെടുത്തുന്നു.

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നതു തടയാൻ വേണ്ടിയെന്ന് അവകാശപ്പെട്ടാണു കഴിഞ്ഞ നവംബറിൽ സർക്കാർ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചതും പിന്നീടു വിവാദമായതിനെത്തുടർന്നു പിൻവലിച്ചതും. സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ച ആൾക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്നാണു സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. സെപ്റ്റംബറിലായിരുന്നു ഇൗ സംഭവം. എന്നാൽ, നിയമം ഭേദഗതി ചെയ്യാൻ മേയിൽ തന്നെ ഡിജിപി ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.

മേയ് 28 ന് ഡിജിപി അയച്ച കത്തിൽ പറയുന്നതിങ്ങനെ: ‘‘കോവിഡ് വ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രതിച്ഛായയ്ക്കു മേൽ കരിവാരിത്തേയ്ക്കുന്ന തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇതു തടയാൻ അടിയന്തരമായി കേരള പൊലീസ് നിയമം ഭേദഗതി ചെയ്യണം.’’

ഭേദഗതി എത്തരത്തിൽ വേണമെന്നും ഡിജിപി തന്നെ കത്തിൽ കുറിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരായാണു നടപടിയെന്ന് അതിലും പരാമർശമില്ല. പകരം, വ്യക്തിയുടെ യശസ്സിനെയോ മനസ്സിനെയോ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കെതിരെ 10,000 രൂപ പിഴയും 3 വർഷം പിഴയും നൽകുന്ന വകുപ്പ് ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് കരടു തയാറാക്കി. അതിൽ ജാമ്യം ലഭിക്കുന്ന കുറ്റമാക്കി പുതിയ വകുപ്പ് ഉൾപ്പെടുത്തി. എന്നാൽ 5 വർഷത്തെ തടവും ജാമ്യമില്ലാക്കുറ്റവുമാക്കി പരിഷ്ക്കരിക്കണമെന്നു ഡിജിപി ആവശ്യപ്പെട്ടു.

ഫയൽ മുന്നിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി ഡിജിപിയുടെ നിർദേശം വെട്ടുകയും ജാമ്യം ലഭിക്കുന്ന വകുപ്പു മതിയെന്നു നിർദേശിക്കുകയും ചെയ്തു. തു‍ടർന്നു മന്ത്രിസഭയുടെ അനുമതിയോടെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഗവർണർ ഒപ്പിട്ടെങ്കിലും നിയമം പൊലീസ് ദുരുപയോഗിക്കുമെന്ന ആശങ്കയും പ്രതിഷേധവും ഉയർന്നതോടെ പിൻവലിച്ചു. തുടർഭരണം കിട്ടിയാൽ ഓർഡിനൻസ് ഒഴിവാക്കി നിയമസഭയിൽ തന്നെ നിയമമായി കൊണ്ടുവരുമെന്ന സൂചനയാണു മുഖ്യമന്ത്രി പിന്നീടു നൽകിയത്.

English Summary: Kerala police act amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com