ADVERTISEMENT

മുഖ്യൻ ധർമടത്ത്

ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചവരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രധാന പ്രവർത്തകരുമായി വിലയിരുത്തലുകൾ നടത്തി.

പ്രകോപനമുണ്ടാക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളിൽ കുടുങ്ങാതെ നോക്കണമെന്നു നിർദേശം നൽകി. ഉച്ചയ്ക്കു ശേഷം വീട്ടിൽത്തന്നെയായിരുന്നു.

ചെന്നിത്തല ബൂത്തിൽ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ടെ സ്വന്തം ബൂത്തായ 51–ാം നമ്പർ ബൂത്തിൽ ഭവനസന്ദർശനം നടത്തി. പ്രമുഖ വ്യക്തികളെ കണ്ടു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും വോട്ടർമാരെ കണ്ടു.

പുതുപ്പള്ളിപ്പതിവ്

പോളിങ്ങിന്റെ തലേന്ന് പതിവു പോലെ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ. പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ചടങ്ങിൽ പാമ്പാടി ദയറയിലെത്തി പങ്കെടുത്തു. നിയോജമണ്ഡലത്തിലെ വിവാഹച്ചടങ്ങുകളിലും പങ്കെടുത്തു. 

   വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടു തേടി. വൈകിട്ട് പ്രവർത്തകരുമായി അവസാനവട്ട അവലോകനം നടത്തി.

ഫോൺ ഇൻ കോടിയേരി

കോടിയേരിയിലെ വീട്ടിലുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടറിമാരെയും ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു. മണ്ഡലം ഭാരവാഹികളുമായും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടു.

തലശ്ശേരി മണ്ഡലത്തിൽ സുഹൃത്തുക്കളെ വിളിച്ച് എൽഡിഎഫിനു വോട്ടു തേടി.

അവലോകനം ആന്റണി

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഇന്ദിരാ ഭവനിലെത്തി കോൺഗ്രസിന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

മുരളിക്ക് സ്വദേശകാര്യം

കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്തു തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തി ജില്ലകളിലെ ചുമതലക്കാരുമായി ഫോണിൽ ചർച്ച നടത്തി.

മുല്ലപ്പള്ളി മണ്ഡലം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമെത്തി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. മണ്ഡലം ഭാരവാഹികളുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് ഡിസിസി ഓഫിസിൽ മാധ്യമങ്ങളെ കണ്ടു.

മിന്നൽ വേണു

തലസ്ഥാനം മുതൽ അരൂർ വരെ ഉള്ള മണ്ഡലങ്ങളിലെ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മിന്നൽ സന്ദർശനം. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് ആ ഭാഗത്തെ കമ്മിറ്റി ഓഫിസുകൾ സന്ദർശിച്ചത്. 

തരൂർ ചാലഞ്ച്

ഫെയ്സ്ബുക്കിലൂടെ കോൺഗ്രസ് പ്രവർത്തകർക്ക് 30 മിനിറ്റ് ചാലഞ്ച് നൽകി ശശി തരൂർ. അരമണിക്കൂർ സമയം മാറ്റിവച്ച്, 10 പേരോട് എന്തുകൊണ്ടു യുഡിഎഫിനു വോട്ടു ചെയ്യണം എന്നു ഫോണിൽ വിളിച്ചു വിശദീകരിക്കാനായിരുന്നു ചാലഞ്ച്. 

മഞ്ചേശ്വരം സിംഗിൾ 

കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു. ചില പ്രമുഖരുടെ വീടുകൾ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ പഞ്ചായത്തുതലത്തിൽ പ്രാദേശികനേതാക്കളുമായി അവലോകനം ചെയ്തു. ഗൃഹസന്ദർശനത്തിനും ഫോൺ വഴിയുള്ള വോട്ടു തേടലിനുമാണ് കൂടുതൽ സമയം നീക്കിവച്ചത്.  

കാനത്ത് രാജേന്ദ്രൻ 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരഞ്ഞെടുപ്പു തിരക്കുകളുമായി കാനത്തെ വീട്ടിൽ സജീവമായി.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ മുഴുവൻ ഫോൺ വഴിയുള്ള അവലോകനങ്ങളിലായിരുന്നു.ചില നേതാക്കൾ നേരിട്ടും കാണാനെത്തി.

∙ ഒരിക്കൽക്കൂടി ഇടതുമുന്നണി അധികാരത്തിൽ വന്നാൽ കേരളത്തിന്റെ സർവനാശത്തിനു വഴിവയ്ക്കും. പാർട്ടിയിലെയും സർക്കാരിലെയും അധികാരം മുഴുവൻ ഒരു വ്യക്തിയിലേക്കു ചുരുങ്ങുന്നത് അപകടകരമാണ്. പുറത്തുവന്ന എല്ലാ അഴിമതികളുടെയും വേരുകൾ ചെന്നെത്തുന്നതു മുഖ്യമന്ത്രിയിലാണ്.

ധാർഷ്ട്യവും അഹന്തയും അഴിമതിയുമാണ് സർക്കാരിന്റെ മുഖമുദ്ര. ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാൻ ഓരോ വോട്ടറും ജാഗരൂകമായി നിൽക്കേണ്ട തിരഞ്ഞെടുപ്പാണിത്. എൽഡിഎഫ് ദുർഭരണത്തിൽനിന്നു കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ സദ്ഭരണം കെട്ടിപ്പടുക്കാൻ യുഡിഎഫിനു വോട്ടു ചെയ്യണം.

- രമേശ് ചെന്നിത്തല, യുഡിഎഫ്

∙ കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം മാറ്റിയെഴുതി തുടർഭരണത്തിനുള്ള ജനാഭിലാഷമാകും പ്രതിഫലിക്കാൻ പോകുന്നത്. വികസനപ്രശ്നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചർച്ച ചെയ്യാൻ യുഡിഎഫ് തയാറായില്ല. പകരം ബിജെപിക്കൊപ്പം ചേർന്ന് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനാണു ശ്രമിച്ചത്.

ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിലൂടെ സീറ്റുകൾ നേടാമെന്ന യുഡിഎഫിന്റെ അവസാന പ്രതീക്ഷയും അസ്ഥാനത്താണെന്നു ഫലം തെളിയിക്കും. നവകേരള സൃഷ്ടിക്ക് ഊർജം പകരാനും മതനിരപേക്ഷത സംരക്ഷിക്കാനും എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

- എ.വിജയരാഘവൻ എൽഡിഎഫ്. 

∙ ഈ തിരഞ്ഞെടുപ്പ് പുതിയ കേരളത്തിനായുള്ള നിർണായക ചുവടുവയ്പാണ്. എൻഡിഎ ഉയർത്തിയ ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തുകഴിഞ്ഞു.

6 പതിറ്റാണ്ടായി കേരളം മാറിമാറി ഭരിക്കുന്ന മുന്നണികളിൽ നിന്നുള്ള മാറ്റം ജനം ആഗ്രഹിക്കുന്നു. അഴിമതിയും പ്രീണനവും വികസന മുരടിപ്പും അവസാനിപ്പിച്ച് പുതിയ കേരളം സൃഷ്ടിക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്. 7 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് എൻഡിഎയുടെ ഉറപ്പ്. എല്ലാ വോട്ടർമാരും പുതിയ കേരളത്തിനുവേണ്ടി വോട്ടു ചെയ്യണം.

-കെ.സുരേന്ദ്രൻ, എൻഡിഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com