ADVERTISEMENT

വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെയറിയാം?

www.voterportal.eci.gov.in, www.ceo.kerala.gov.in വെബ്സൈറ്റുകളിലോ Voter Helpline മൊബൈൽ ആപ്ലിക്കേഷനിലോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ കണ്ടെത്താം. 

പട്ടികയിലേക്ക് അപേക്ഷിച്ചു. പക്ഷേ, വോട്ടർ കാർഡില്ല. എന്തുചെയ്യും?

www.voterportal.eci.gov.in വെബ്സൈറ്റിൽനിന്നു ഡിജിറ്റൽ വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാം. അതിനു കഴിഞ്ഞില്ലെങ്കിൽ ഫോട്ടോയും മേൽവിലാസവുമുള്ള മറ്റു തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാം.

വോട്ടർപട്ടികയിൽ പേരില്ല. എന്നാൽ, കഴിഞ്ഞ 20നു പ്രസിദ്ധീകരിച്ച അനുബന്ധപട്ടികയിൽ  പേരുണ്ടോ എന്ന് എങ്ങനെയറിയും?

അനുബന്ധപട്ടിക പ്രത്യേകം പ്രസിദ്ധീകരിച്ചില്ല. നേരത്തേയുള്ള വോട്ടർപട്ടികയിൽ ലയിപ്പിക്കുകയായിരുന്നു. അതിനാൽ ഒറ്റ വോട്ടർപട്ടികയേ ഇപ്പോഴുള്ളൂ.

പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്തും?

വീട്ടിൽ ലഭിച്ച വോട്ടർ സ്ലിപ്, www.voterportal.eci.gov.in വെബ്സൈറ്റ്, Voter Helpline ആപ് എന്നിവയിലേതെങ്കിലുമൊന്നിലൂടെ കണ്ടെത്താം. 1950 എന്ന നമ്പറിലേക്ക് ECIPS <space> ID card number എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ചാൽ മറുപടിയായി വിവരം ലഭിക്കും.

വോട്ടു ചെയ്യാനെത്തുമ്പോൾ കയ്യിൽ കരുതേണ്ടത് എന്തൊക്കെ?

തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്, പേന. മാസ്ക് ധരിക്കണം. 

വോട്ടു ചെയ്യാൻ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം?

വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിൽ കാർഡ്, പാൻ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് / പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, കേന്ദ്ര / സംസ്ഥാന ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് തുടങ്ങിയവ.

വൈകിട്ട് 7 വരെ എല്ലാവർക്കും വോട്ടു ചെയ്യാമോ?

അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമാണ്. എന്നാൽ, 6 മണിക്കു ക്യൂവിലുള്ള എല്ലാവർക്കും വോട്ടു ചെയ്യാം. പനി, തുമ്മൽ, ചുമ തുടങ്ങിയവയുള്ളവരും അവസാന മണിക്കൂറിൽ മാത്രം എത്തുക.

രണ്ടിടത്തു വോട്ടുണ്ടെങ്കിൽ വോട്ടു ചെയ്യുന്നത് നിയമലംഘനമാണോ?

ഒരിടത്തു വോട്ടു ചെയ്ത ശേഷം മഷി മായ്ച്ച് വീണ്ടും വോട്ടു ചെയ്യുന്നതാണു നിയമലംഘനം. ഒന്നിലേറെയിടത്തു പേരുണ്ടെങ്കിലും ഒരിടത്തു മാത്രം വോട്ടു ചെയ്യാൻ തടസ്സമില്ല.

തപാൽ വോട്ടു ചെയ്തില്ല. ബൂത്തിലെത്തി വോട്ടു ചെയ്യാമോ?

തപാൽവോട്ട് അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല. ബൂത്തിലെ ഹെൽപ് ഡെസ്കിൽ തിരക്കുക.

ബൂത്തിൽ പാലിക്കേണ്ട കോവിഡ്  പ്രോട്ടോക്കോൾ എന്തൊക്കെ?

മാസ്ക്കും പോളിങ് സ്റ്റേഷനിൽനിന്നു ലഭിക്കുന്ന ഗ്ലൗസും ധരിക്കണം. ഉപയോഗ ശേഷം ഗ്ലൗസ് അവിടത്തെ മാലിന്യസംഭരണിയിലിട്ടിട്ട് കൈകളിൽ സാനിറ്റൈസർ പുരട്ടുക. മറ്റുള്ളവരുമായി 2 മീറ്റർ (6 അടി) അകലം പാലിക്കണം.

പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുംമുൻപ് ശരീര താപനില തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. ഉയർന്ന താപനിലയാണെങ്കിൽ അൽപസമയം കാത്തുനിർത്തിയ ശേഷം 2 പ്രാവശ്യം കൂടി പരിശോധിക്കും. അപ്പോഴും കൂടുതലെങ്കിൽ ടോക്കൺ നൽകി മടക്കിയയയ്ക്കും. അവസാന മണിക്കൂറിലെത്തി ടോക്കൺ കാട്ടി വോട്ടു ചെയ്യാം.

ബൂത്തിനുള്ളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ബൂത്തിൽ പ്രവേശിച്ചാൽ ഒന്നാം പോളിങ് ഉദ്യോഗസ്ഥനു വോട്ടർ സ്ലിപ് കൈമാറുക. അദ്ദേഹം പട്ടിക പരിശോധിച്ചു പേരു കണ്ടെത്തും,തിരിച്ചറിയൽ കാർഡ് പരിശോധിക്കും.

അപ്പോൾ മാസ്ക് താഴ്ത്തി മുഖം കാട്ടുക. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയ ശേഷം ഒരു സ്ലിപ് തരും. ഒപ്പു വയ്ക്കുക. മൂന്നാം പോളിങ് ഓഫിസർ സ്ലിപ് സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. തുടർന്നു വോട്ട് ചെയ്യാം. വോട്ട് ചെയ്യാനാഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരും ചിത്രവും ചിഹ്നവും മെഷീനിൽ കണ്ടെത്തി അതിനു നേർക്കുള്ള ബട്ടണിൽ അമർത്തുന്നതോടെ ബീപ് ശബ്ദം കേൾക്കും. വോട്ടിങ് കഴിഞ്ഞു സമീപത്തെ വിവിപാറ്റ് യന്ത്രത്തിൽ, ചെയ്ത വോട്ട് ഉടൻ പരിശോധിക്കാം.

കോവിഡ് ബാധിതർ  എങ്ങനെ വോട്ടു ചെയ്യണം?

മറ്റാരുമായും സമ്പർക്കം പുലർത്താതെ വൈകിട്ട് 6 മുതൽ 7 വരെ ബൂത്തിലെത്താം. പിപിഇ കിറ്റ്, ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ ധരിക്കണം. കോവിഡ് ബാധിതരല്ലാത്തവർ ക്യൂവിലുണ്ടെങ്കിൽ അവർക്കു ശേഷമേ കോവിഡ് ബാധിതരെ വോട്ടു ചെയ്യാൻ അനുവദിക്കൂ.

∙ സംശയങ്ങൾക്ക്  വിളിക്കാം 1950, 1056

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com