കഷ്ടപ്പാടിന് കുറവില്ലാതെ; അസൗകര്യങ്ങൾക്കു നടുവിൽ 40 മണിക്കൂറിലേറെ പോളിങ് ജോലി

kollam-punaloor-number-47-booth
SHARE

തിരുവനന്തപുരം ∙ വോട്ടെടുപ്പിനു തലേന്നു രാവിലെ തുടങ്ങുന്ന ഇടവേളയില്ലാത്ത ജോലിക്കു വിരാമം ഏകദേശം 41 മണിക്കൂറിനു ശേഷം. സംസ്ഥാനത്തെ മൂന്നരലക്ഷത്തോളം പോളിങ് ഉദ്യോഗസ്ഥരുടെ 2 ദിവസത്തെ കഷ്ടപ്പാടുകൾക്ക് ഇത്തവണയും മാറ്റമില്ല. പോളിങ് ദിവസം അതിരാവിലെ തുടങ്ങുന്ന ജോലി അവസാനിപ്പിച്ച് പോളിങ് സാമഗ്രികൾ തിരികെയേൽപിച്ചപ്പോൾ മിക്ക കലക്‌ഷൻ സെന്ററുകളിലും സമയം രാത്രി ഒരുമണി.

ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചതു മിക്കയിടത്തും കലക്‌ഷൻ സെന്ററുകളുടെ സമയക്രമത്തെ തകിടം മറിച്ചു. സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗത്തിലൂടെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനും പുതു സംവിധാനം ഒരുക്കിക്കൂടേ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.

6 ബൂത്തുകളുള്ള ഒരു സ്കൂളിൽ പൊലീസുകാർ ഉൾപ്പെടെ അൻപതോളം ജീവനക്കാർ. അവർക്കെല്ലാം കൂടി 2 ദിവസത്തേക്ക് ഒരു ശുചിമുറി മാത്രം.തിരുവനന്തപുരം ജില്ലയിലെ ഒരു പോളിങ് ഉദ്യോഗസ്ഥയുടെ 2 ദിവസത്തെ അനുഭവമിങ്ങനെ; ‘‘കലക്‌ഷൻ സെന്ററിൽ എട്ടിന് സാമഗ്രികൾ വിതരണം ചെയ്യുമെന്നു പറഞ്ഞെങ്കിലും കയ്യിൽ കിട്ടിയപ്പോൾ 11.30. വരാന്തയിലിരുന്ന് എല്ലാമുണ്ടോയെന്നുറപ്പാക്കി കമ്മിഷൻ നിയോഗിച്ച ബസിൽ കയറി.

6 ബൂത്തുകളിലേക്കുള്ളവർ വന്ന ശേഷമേ വണ്ടി വിടൂ. ചില ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസർമാർ എത്താത്തതിനെത്തുടർന്നു ബസിലെ ഇരിപ്പ് ഒന്നര വരെ നീണ്ടു. കടുത്ത ചൂടിൽ ഒപ്പമുള്ള ഒരു ഉദ്യോഗസ്ഥയ്ക്കു തലവേദന കലശലായി. ബൂത്തിലെത്തിയപ്പോൾ സമയം മൂന്ന്. ബൂത്തിലിടാനുള്ള കസേര വരെ അടുത്ത വീട്ടിൽനിന്നു കടംവാങ്ങി.

തരക്കേടില്ലാത്തൊരു സ്കൂളായിരുന്നതിനാൽ ശുചിമുറി തേടി അലയേണ്ടി വന്നില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ അയൽവീടുകളായിരുന്നു ശരണം.ഉറക്കം ബൂത്തിലെ ബെഞ്ചിൽ. പൂരിപ്പിക്കാൻ ഒട്ടേറെ ഫോമുകളുള്ളതിനാൽ ഉറക്കമൊന്നും കാര്യമായില്ല. രാവിലെ അഞ്ചരയ്ക്ക് മോക്ക് പോളിങ്. പിന്നീട് നോൺ സ്റ്റോപ്പ് പോക്കാണ്. ഭക്ഷണം കുടുംബശ്രീ അംഗങ്ങൾ കൃത്യമായി എത്തിച്ചെങ്കിലും അതു കഴിക്കാൻ ഇടവേള കിട്ടിയില്ല. ഏഴിനു പോളിങ് അവസാനിച്ചപ്പോൾ ഒന്നരമണിക്കൂറോളം ജോലി ബാക്കിയുണ്ടായിരുന്നു. ഒരു റൂട്ടിലെ എല്ലാ ബൂത്തുകളിലെയും ജോലി അവസാനിപ്പിച്ച് കലക്‌ഷൻ സെന്ററിലെത്തുമ്പോൾ സമയം രാത്രി 11.30. അത്താഴം കഴിച്ചിട്ടില്ല. 

കലക്‌ഷൻ സെന്ററിൽ വൻതിരക്ക്. ഞങ്ങളുടെ പോളിങ് സാമഗ്രികൾ വാങ്ങാനുള്ള ടോക്കൺ 21. അഞ്ചാമത്തെ ടോക്കൺ പോലും സമർപ്പിച്ചുകഴിഞ്ഞിട്ടില്ല. വിശപ്പു കലശലായിരുന്നു. ഞങ്ങളാരും കഴിച്ചില്ല. എല്ലാം കൊടുത്ത് ഇറങ്ങുമ്പോ‍ൾ സമയം അർധരാത്രി ഒരുമണി. അപ്പോഴും ഒട്ടേറെപ്പേർ കൗണ്ടറുകളിൽ നിൽപുണ്ടായിരുന്നു.’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA