ADVERTISEMENT

പാനൂർ ∙ യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽപീടികയിലെ മൻസൂറിനെ (21) വധിച്ച കേസിൽ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരായ 3 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 4ാം പ്രതി പുല്ലൂക്കര നെല്ലിയിൽ കെ.കെ.ശ്രീരാഗ് (25), ഏഴാം പ്രതി പുല്ലൂക്കര പുത്തൻപുരയിൽ അശ്വന്ത് (20) എന്നിവരെയും മറ്റൊരു പ്രതി പുല്ലൂക്കര സ്വദേശി അനീഷിനെയും (26) ആണ് ഇന്നലെ അറസ്റ്റ് ചെയ്തത്. എഫ്ഐആറിൽ പേരു പരാമർശിക്കപ്പെട്ട ആളല്ല അനീഷ്. അറസ്റ്റിലായ ഒന്നാം പ്രതി ഷിനോസിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് അനീഷിന്റെ അറസ്റ്റ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പ്രതിപ്പട്ടികയിലുള്ളവർ സിപിഎം പ്രവർത്തകരും അനുബന്ധ സംഘടനകളുടെ പ്രവർത്തകരുമാണെന്നു പൊലീസ് എഫ്ഐആറിൽ പറയുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും പ്രതിപ്പട്ടികയിൽ ഉണ്ട്.

അറസ്റ്റിലായവർക്കു പുറമേ സംഗീത്, സുഹൈൽ, സജീവൻ, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവരുടെ പേരുകളാണ് എഫ്ഐആറിലുള്ളത്. കേസിലെ രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഇതേ തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയിരുന്ന മൃതദേഹം തിരികെ കൊണ്ടു വന്ന് തൂങ്ങി മരിച്ചതായി കണ്ടെത്തിയ സ്ഥലത്തു വച്ച് വീണ്ടും ഇൻക്വസ്റ്റ് നടത്തി. അതിനു ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. 

കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിനിൽ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ മൊഴിയെടുത്തു. അക്രമത്തിൽ മുഹ്സിനും പരുക്കേറ്റിരുന്നു. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് യുഡിഎഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ എംപി തുടങ്ങിയവർ പങ്കെടുത്തു.

വോട്ടെടുപ്പു ദിവസം രാത്രിയാണ് മൻസൂർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ രണ്ടാം പ്രതിയും കൊല്ലപ്പെട്ട മൻസൂറിന്റെ നാട്ടുകാരനും ആയ കൂലോത്ത് രതീഷിന്റെ സംസ്കാരം ഇന്നലെ രാത്രി വൈകി നടന്നു. മൻസൂർ വധത്തിൽ പ്രതിഷേധിച്ച് ചൊക്ലി, കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് പ്രവർത്തകർക്കെതിരെ 17 കേസുകൾ റജിസ്റ്റർ ചെയ്തു. സിപിഎം ലോക്കൽ, ബ്രാ‍ഞ്ച് കമ്മിറ്റി ഓഫിസുകൾ, പാർട്ടി അനുഭാവികളുടെ കടകൾ എന്നിവ ആക്രമിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തെ മാറ്റി

മൻസൂർ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐജി യോഗേഷ് അഗർവാളിന്റെ മേൽനോട്ടത്തിലായിരിക്കും ഇനി അന്വേഷണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമന് ആണു ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മായിൽ നയിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ ചായ്‌വു ചൂണ്ടിക്കാട്ടിയാണ് സംഘത്തെ മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘത്തെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

English Summary: Three more arrest in mansoor murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com