ADVERTISEMENT

കൊച്ചി ∙ പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റർ കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ ചതുപ്പിൽ ഇടിച്ചിറക്കി. ആർക്കും കാര്യമായ പരുക്കില്ല. പനങ്ങാട് ഫിഷറീസ് സർവകലാശാല (കുഫോസ്) ക്യാംപസിനു സമീപം ഇന്നലെ രാവിലെ 8.35നായിരുന്നു സംഭവം. ഇവിടെനിന്ന് 200 മീറ്റർ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലം.

കടവന്ത്രയിലെ വീട്ടിൽനിന്നു ലേക്‌ഷോർ ആശുപത്രിയിലേക്കു പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും. പൈലറ്റ് അശോക്, കോ പൈലറ്റ് ശിവകുമാർ, യൂസഫലിയുടെ പഴ്സനൽ ഉദ്യോഗസ്ഥർ ഷാഹിദ്, ഹാരിസ് എന്നിവരാണ് കോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർ. 5 മിനിറ്റ് പറന്നശേഷം ഇറങ്ങാനൊരുങ്ങുമ്പോഴാണു കനത്ത മഴയിൽ പെട്ടത്. മഴയാണോ കോപ്റ്ററിന്റെ യന്ത്രത്തകരാറാണോ അപകടകാരണം എന്നതു വ്യക്തമല്ല. ദേശീയപാത ബൈപ്പാസിനു തൊട്ടടുത്ത്, വൈദ്യുതി ലൈനുകൾ നിറഞ്ഞ ഭാഗത്താണ് കോപ്റ്റർ സുരക്ഷിതമായി ഇറക്കിയത്. വാഹന വർക്ക്ഷോപ്പ്, കോൺക്രീറ്റ് മിക്സിങ് കേന്ദ്രം തുടങ്ങിയവയും ഇതിനു സമീപമുണ്ട്.

ഇടിച്ചിറങ്ങിയ കോപ്റ്റർ ചതുപ്പിൽ ഒന്നര മീറ്ററോളം താഴ്ന്നു; ഉള്ളിൽ വെള്ളം കയറി. ഓടിയെത്തിയ പരിസരവാസികൾ പൈലറ്റുമാരെ പുറത്തിറക്കി. ഇവർ വാതിൽ തുറന്ന് യൂസഫലിയെയും ഭാര്യയെയും പുറത്തിറക്കി ആശുപത്രിയിലേക്കു മാറ്റി.

∙ ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ....’

- എം.എ. യൂസഫലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com