ADVERTISEMENT

കണ്ണൂർ ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ.പി. ജയരാജന്റേതു നിർബന്ധിത ‘രാജിസന്നദ്ധത’. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചതെന്നാണു വിവരം. വിവാദം വന്നപ്പോൾ ജയരാജൻ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജലീൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചത്. ജയരാജനോട് വിവേചനം കാണിച്ചിട്ടില്ലെന്നു സൂചിപ്പിക്കുകയായിരുന്നു കോടിയേരിയുടെ ഉദ്ദേശ്യം.

ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതാണു വിവാദമായത്. വിജിലൻസ് കേസ് നിലനി‍ൽക്കില്ലെന്നും വിവാദം വൈകാതെ അടങ്ങുമെന്നുമുള്ള വിശ്വാസം ജയരാജൻ അടുപ്പക്കാരോടു പങ്കുവച്ചിരുന്നു. ഇതു പാർട്ടി മനസ്സിലാക്കുമെന്നും രാജിവയ്ക്കേണ്ടി വരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെ 2016 ഒക്ടോബർ 14നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു. പാർട്ടി അപ്പോൾ തന്നെ അംഗീകരിച്ചു. 

കേസ് നേരിട്ടതും ജയരാജൻ സ്വന്തം നിലയ്ക്കാണ്. താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ നമ്പ്യാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് റിപ്പോർട്ട് നൽകി. 

എന്നാൽ അന്വേഷണ സംഘം പിന്നെയും മുന്നോട്ടുപോയി. ഇതിനിടെ കേസ് സുപ്രീം കോടതി വരെയെത്തിക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായി. അന്തിമ റിപ്പോർട്ട് പരമാവധി വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ഇടപെടലുകളെന്ന സംശയം ജയരാജനൊപ്പം നിൽക്കുന്നവർക്കുണ്ടായിരുന്നു. ഒടുവിൽ 2017 അവസാനം കേസ് അവസാനിപ്പിച്ചു.

ജയരാജനു പകരം മന്ത്രിയായി എം.എം.മണിയെ അതിനകം നിയമിച്ചിരുന്നു. ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ.കെ. ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ പരിഗണിച്ചില്ല. രാഷ്ട്രീയം തന്നെ അവസാനിപ്പിക്കുമെന്ന സൂചന നൽകിയതിനു ശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടി തയാറായത്. അപ്പോഴും മുൻ എംഎൽഎ എം.പ്രകാശനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ച് പാർട്ടി ജയരാജനെ നിരീക്ഷണ വലയത്തിലാക്കി.

English Summary: Nepotism and E.P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com