ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. അതിനു കാത്തിരിക്കാതെ ഒഴിയുന്നുവെന്ന് ഇന്നലെ രാവിലെ മന്ത്രി കെ.ടി.ജലീൽ പാ‍ർട്ടിയെ അറിയിച്ചു. 

മന്ത്രിസ്ഥാനത്തു ജലീൽ തുടരാൻ പാടില്ലെന്ന പ്രഖ്യാപനമാണ് ലോകായുക്ത വിധിയായി വന്നത്. ഇത് അസാധാരണവും അപൂർവമായി കണ്ടു ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം വിനിയോഗിക്കണമെന്നതിൽ സിപിഎമ്മിനു വിയോജിപ്പ് ഉണ്ടായില്ല. എന്നാൽ, കോടതി തീരുമാനം എന്തായാലും രാജിയാണ് ഉചിതം എന്ന അഭിപ്രായം പാർട്ടിയിൽ രൂപപ്പെട്ടു. അതു ജലീലിനെ അറിയിക്കുകയും ചെയ്തു. 

ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനായി 2 ദിവസം മുൻപാണ് ഉത്തരവിന്റെ വിശദാംശങ്ങൾ മന്ത്രി പരിശോധിച്ചത്. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷ അഭിഭാഷകർ പ്രകടിപ്പിച്ചു. പക്ഷേ, ജലീലിന് ആശങ്ക ഉണ്ടായി. സ്റ്റേ ലഭിച്ചില്ലെങ്കിൽ ‘നിൽക്കക്കള്ളിയില്ലാതെ രാജി’ എന്ന സ്ഥിതിയാകും. അതോടെ ഹർജി ഫയൽ ചെയ്യുക എന്ന സാങ്കേതികത്വം പൂർത്തിയാക്കിയ ശേഷം സ്ഥാനത്യാഗം എന്നതിലേക്കു മന്ത്രിക്ക് എത്തേണ്ടി വന്നു.

മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാൽ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ജലീലുമായി സമ്പർക്കം പുലർത്തിയിരുന്നത്. രാവിലെ അദ്ദേഹവുമായി ചർച്ച ചെയ്താണു രാജി തീരുമാനത്തിലെത്തിയത്. പാർട്ടി തീരുമാനപ്രകാരം നീങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെയും നിർദേശം. തുടർന്നു ജലീൽ രാജിക്കത്ത് കൈമാറി.

നേരത്തേ ഹൈക്കോടതിയിലും ഗവർണർ മുൻപാകെയും കേസ് വന്നപ്പോൾ പുലർത്തിയ ജാഗ്രത ലോകായുക്തയുടെ കാര്യത്തിൽ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദമുഖങ്ങളാണു കേസ് ഇത്രയും നീട്ടാൻ കാരണമായത് എന്നാണു പാർട്ടി വിലയിരുത്തൽ. അല്ലെങ്കിൽ ഒരുപക്ഷേ തിര‍ഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ തന്നെ ബോംബ് പോലെ വിധി വരുമായിരുന്നു. 

തിര‍ഞ്ഞെടുപ്പിൽ ജലീൽ ജയിക്കുകയും തുടർഭരണം ഉണ്ടാകുകയും ചെയ്താൽ അദ്ദേഹം മന്ത്രിയാകുമോ എന്നത് അപ്പോൾ പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നു നേതൃത്വം വ്യക്തമാക്കുന്നു. ലോകായുക്ത വിധി ഈ സർക്കാരിന്റെ നടപടികളുമായി ബന്ധപ്പെട്ടായതിനാൽ അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ അദ്ദേഹത്തിനു നിയമതടസ്സമുണ്ടാകില്ല. പക്ഷേ, മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത അഭിപ്രായപ്പെട്ട് ഒരു മാസത്തിനകം വീണ്ടും മന്ത്രിയാക്കുന്നതിന്റെ  ധാർമികപ്രശ്നം ഉയരാം. 

വ്യക്തിപരമായും രാഷ്ട്രീയമായും ജലീലിനു രാജി തിരിച്ചടിയാണ്. യൂത്ത് ലീഗിനെ മുൻനിർത്തിയുള്ള ലീഗിന്റെ പോരാട്ടത്തിൽ അദ്ദേഹം പരുക്കേറ്റു പുറത്തു പോയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരീക്ഷണങ്ങളെ അതിജീവിച്ചുവെന്നു തോന്നിയ വേളയിലാണു ലോകായുക്ത മന്ത്രിയെ വീഴ്ത്തിയത്. 

കേരളത്തിൽ രാജിവയ്ക്കുന്ന 65– ാം മന്ത്രി

കേരളത്തിൽ രാജിവയ്ക്കുന്ന 65–ാം മന്ത്രിയാണ് കെ.ടി.ജലീൽ. ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രൻ മന്ത്രിസഭാ കാലാവധി തീരാൻ 4 മാസം ശേഷിക്കെ 2006 ജനുവരി 14 നു രാജിവച്ചു. മന്ത്രിയുടെ ഓഫിസിലെ അഴിമതിക്കെതിരെ മൊഴി നൽകിയവരെ ഭീഷണിപ്പെടുത്തിയ ടേപ്പ് പുറത്തു വന്നതാണു രാജിയിൽ കലാശിച്ചത്. 

1987 ഏപ്രിൽ 2 ന് സ്ഥാനമേറ്റ രണ്ടാം നായനാർ മന്ത്രിസഭയിൽ അംഗമായ എം.പി.വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്തു രണ്ടാം ദിവസം രാജിവച്ചു. ജനതാപാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു കാരണം.

കേരളത്തിൽ ആദ്യം രാജിവച്ച മന്ത്രിമാർ പിഎസ്പിയിലെ ഡി.ദാമോദരൻ പോറ്റിയും കെ.ചന്ദ്രശേഖരനുമാണ്. കൂട്ടുസർക്കാരിൽ കോൺഗ്രസ് – പിഎസ്പി ബന്ധത്തിലെ ഉലച്ചിലുകൾ കാരണമാണ് 1962 ഒക്ടോബർ 8ന് ഇരുവരും ആർ.ശങ്കർ മന്ത്രിസഭയിൽ നിന്നു രാജിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com