ADVERTISEMENT

കായംകുളം ∙ ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് വഴിയിൽ തടഞ്ഞു. അവശനായി ബോധം കെട്ടു വീഴുന്നതു വരെ വിട്ടയച്ചില്ലെന്നു യുവാവ്. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയിൽ നിന്നിറക്കി വഴിയിൽ മാറ്റിനിർത്തിയെന്നും പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫി (23) പരാതിപ്പെട്ടു.

ഗുരുതരമായ വൃക്കരോഗമുള്ള റാഫി 2 വർഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു  പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്നു മാതാവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. ‘‘തീരെ അവശനായിരുന്നു. തലവേദനയും മറ്റു പ്രയാസങ്ങളുമുള്ളതിനാൽ വേഗം വീട്ടിലെത്താനായിരുന്നു ശ്രമം. 

ഹെൽമറ്റ് ധരിക്കാത്തതിനാൽ പൊലീസ് തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെൽമറ്റിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാൻ പറഞ്ഞ് ഒരു സിവിൽ പൊലീസ് ഓഫിസർ തട്ടിക്കയറി. എസ്ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാൽ മതിയെന്നും പറഞ്ഞു. എസ്ഐയോടും കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിവിൽ പൊലീസ് ഓഫിസറുടെ പേരു ചോദിച്ചതും ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. 

അപ്പോൾ തന്നെ വഴിയിൽ മാറ്റി നിർത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. മാതാവ് റൈഹാനത്തും പൊലീസിനോട് കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. 

കെഎസ്‌യു നേതാവായിരുന്ന റാഫി വൃക്ക തകരാറിനു ചികിത്സിക്കാൻ കഷ്ടപ്പെട്ടപ്പോൾ ധനസഹായവാഗ്ദാനവുമായി എസ്എഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങിയതു വാർത്തയായിരുന്നു. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ദാതാവ് അപകടത്തിൽ പെട്ടതോടെ നടപടി നീണ്ടു. സംഭവം സംബന്ധിച്ച്  കായംകുളം ഡിവൈഎസ്പിക്കു റാഫി പരാതി നൽകി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി അലക്സ് ബേബി അറിയിച്ചു. 

ഹെൽമറ്റും മാസ്കുമില്ലാതെ എത്തിയതിനാണു തടഞ്ഞതെന്നും രോഗവിവരം പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും ഡിവൈഎസ്പി പറഞ്ഞു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും കുഴഞ്ഞു വീഴുകയോ ഛർദിക്കുകയോ ചെയ്തില്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

Content Highlights: Police harassment in Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com