ADVERTISEMENT

കാക്കനാട് ∙ ഏറെ ദുരൂഹതകുളയർത്തിയ സനുമോഹൻ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. കർണാടക കൊല്ലൂരിലെ ലോഡ്ജിൽ വെള്ളി പകൽ 11.30 വരെ ഉണ്ടായിരുന്നതു സനു മോഹൻ ആണെന്നു സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനെ(40)യും മകൾ വൈഗയെയും (13) മാർച്ച് 20ന് ആണു കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കൊല്ലൂരിലെ ലോഡ്ജിൽ സനു മോഹൻ 3 ദിവസം താമസിച്ചതായി വെള്ളി രാത്രിയാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം ആധാർ കാർഡ് ഉപയോഗിച്ചാണു മുറിയെടുത്തതെന്നും വ്യക്തമായി. ഹോട്ടലിലെ ബിൽ അടയ്ക്കാതെയാണ് ഇയാൾ മുങ്ങിയത്. ലോഡ്ജിൽ നൽകിയത്, നേരത്തെ ഇയാൾ ഉപേക്ഷിച്ച, പ്രവർത്തന രഹിതമായ ഫോൺ നമ്പറാണ്. ലോഡ്ജിലെ ജീവനക്കാർ ഇതിൽ വിളിച്ചു നോക്കിയിരുന്നു. ലോഡ്ജ് ജീവനക്കാർ മലയാളികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണു സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം മൊബൈൽ ഫോണോ എടിഎം കാർഡോ ഇയാൾ ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷി മൊഴികളിൽ നിന്നുമാണു സനു മോഹനെ പൊലീസ് തിരിച്ചറിഞ്ഞത്.

1200-vaiga-sanu
വൈഗ, സനുമോഹൻ

കൊല്ലൂരിലെ ലോഡ്ജിലേക്കു സനു മോഹൻ വരുന്നതിന്റെയും ലോഡ്ജിലിരുന്നു പത്രം വായിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊല്ലൂരിലെയും മംഗളൂരുവിലെയും പ്രാദേശിക ചാനലുകളിലും ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുമുണ്ട്. 2 സംഘങ്ങളാണു മംഗളൂരു, കൊല്ലൂർ മേഖലകളിൽ സനുവിനായി തിരച്ചിൽ നടത്തുന്നത്.

ഇതിനിടെ, വൈഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധന പൂർത്തിയായി. വൈഗയുടെ രക്തത്തിൽ, പരിധിയിൽ കൂടുതൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായാണു സൂചന. വിവരങ്ങൾ ലാബ് അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്.

രണ്ടാഴ്ചയിലധികം സനുവിനായി തമിഴ്നാട്ടിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സനുവിന്റെ കാർ കോയമ്പത്തൂർ വരെയെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. എന്നാൽ, കാർ ഓടിച്ചതു സനുവാണോയെന്നു വ്യക്തമായിട്ടില്ല. 

േകസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണു വഴിത്തിരിവുണ്ടായത്. സനു മോഹനെ 2 ദിവസത്തിനകം പിടിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച്.നാഗരാജു പറഞ്ഞു. സനു മോഹനു വേണ്ടി വിവിധ ഭാഷകളിൽ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights:  Vaiga's death: Cops closing in on Sanu Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com