ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 13,835 കോവിഡ് കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 81,211 സാംപിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റിവിറ്റി നിരക്ക് 17.04 %. ഇതോടെ കൂടുതൽ കർശന നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. 

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങ്, വാർഷികം, ഉദ്ഘാടനം, സമ്മേളനം ഉൾപ്പെടെ എല്ലാ ചടങ്ങുകളും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോഴിക്കോട് ജില്ലയിൽ ഇന്നു മുതൽ ഞായറാഴ്ചകളിൽ ഭാഗിക ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

എറണാകുളം ജില്ലയിൽ 2187, കോഴിക്കോട്ട് 1504 കോവിഡ് കേസുകൾ വീതമാണു റിപ്പോർട്ട് ചെയ്തത്. മറ്റു 4 ജില്ലകളിൽ കൂടി കേസുകൾ 1000 കടന്നു. കണക്കിങ്ങനെ: മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർകോട് 333.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചയും ഇന്നലെയുമായി ശേഖരിച്ച 2.5 ലക്ഷം സാംപിളുകളിൽ 81,211 എണ്ണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. 

ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്നുവെന്നാണു കൂട്ടപ്പരിശോധനയുടെ ആദ്യ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ 1019 പേരുടെ ഉറവിടം വ്യക്തമല്ല. 

ചികിത്സയിലുള്ളവരുടെ എണ്ണം 80,019 ആയി. മരണം ഇന്നലെ 27. ആകെ മരണം 4904.

ചടങ്ങുകളിൽ ക്യുആർ കോഡ്

തിരുവനന്തപുരം ∙ വിവാഹം ഉൾപ്പെടെ എല്ലാ ചടങ്ങുകളും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. തുടർന്നു ലഭിക്കുന്ന ക്യുആർ കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവ്. പങ്കെടുക്കുന്നവർ ഫോൺ ഉപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്ത് സ്വന്തം വിവരങ്ങൾ നൽകണം.

ഓരോ ചടങ്ങിനും ഓരോ ക്യുആർ കോഡ് ആയിരിക്കും. അതിനാൽ ഓരോന്നിലും പങ്കെടുക്കുന്നവരുടെ എണ്ണവും വിവരങ്ങളും ശേഖരിക്കാനാകും. പങ്കെടുക്കുന്നവരിൽ ആരെങ്കിലും കോവിഡ് പോസിറ്റീവായാൽ ആ സമയത്തു പരിസരത്തുണ്ടായിരുന്നവരെ കണ്ടെത്താം. 

അതേസമയം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ റജിസ്ട്രേഷൻ സൗകര്യം തുറന്നിട്ടില്ല. വരുംദിവസങ്ങളിൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.

പൊതുഗതാഗതം മുടങ്ങില്ല; പിഎസ്‌സി പരീക്ഷ നടക്കും

കോഴിക്കോട് ∙ ഇന്നു മുതൽ ഞായറാഴ്ചകളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണു കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

∙ 5 പേരിൽ കൂടുതൽ കൂട്ടം ചേരരുത്.

∙ കടകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്നവ മാത്രം വൈകിട്ട് 7 വരെ തുറക്കാം. 

∙ പൊതുഗതാഗതം പതിവുപോലെ. പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല. 

∙ ബീച്ച്, പാർക്ക്, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിലേക്കു പ്രവേശനമില്ല.

∙ ആരോഗ്യ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.

∙ തിയറ്ററുകൾ തുറക്കരുത്. 

ഒറ്റ ജില്ലയിൽ ദിവസം 2000 കേസ് ആദ്യം

പ്രതിദിന കോവിഡ് കേസ് 2000 കടക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. മലപ്പുറത്തായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന കണക്ക്– ഒക്ടോബർ 10ന് 1632. എണ്ണത്തിൽ രണ്ടാമതാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഒന്നാമത് കോഴിക്കോട് ജില്ലയാണ്– 20.41%; എറണാകുളത്ത് 19.35 %.

Content Highlights: Covid spike in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com