ADVERTISEMENT

കൊച്ചി∙ ഏറെ ദുരൂഹതകളാണു വൈഗയുടെ മരണത്തിലും സനു മോഹന്റെ തിരോധാനത്തിലുമുള്ളത്. സനു മോഹനു മാത്രമേ ഈ ദുരൂഹതകൾക്ക് ഉത്തരം നൽകാൻ കഴിയൂ.

∙വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനം.

∙ മാർച്ച് 21നു രാത്രി ഒൻപതരയോടെ വൈഗയെ പുതപ്പു കൊണ്ടു മൂടി കാറിലിരുത്തി ഫ്ലാറ്റിനു പുറത്തേക്കു സനു പോകുന്നതു കണ്ടതായുള്ള മൊഴി പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒൻപതോടെ സനു മോഹൻ കാറോടിച്ചു ഫ്ലാറ്റിലേക്കു വന്നതായും സാക്ഷിമൊഴിയുണ്ട്. അര മണിക്കൂറിൽ എന്താണു ഫ്ലാറ്റിൽ നടന്നത്? ഫ്ലാറ്റിലെ സിസിടിവികളൊന്നും പ്രവർത്തിച്ചിരുന്നില്ല.

∙ ഫ്ലാറ്റിൽ മറ്റാരെങ്കിലുമുണ്ടായിരുന്നോയെന്ന കാര്യത്തിലും വ്യക്തതയില്ല. സനു മോഹൻ സ്ഥലത്തില്ലാത്ത സമയം 2 പേർ ഫ്ലാറ്റിൽ അന്വേഷിച്ചു വന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്. ഇവർ ആരാണെന്നു വ്യക്തമല്ല.

∙ ഫ്ലാറ്റിൽ സംഘർഷമോ പിടിവലിയോ നടന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഫ്ലാറ്റിലെ തറയിൽ നിന്നു രക്തക്കറയടക്കം മറ്റു ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതു ഫൊറൻസിക് പരിശോധനയ്ക്കു നൽകിയിട്ടുണ്ട്.

∙ ഭാര്യയെ അമ്പലപ്പുഴയിലെ ബന്ധു വീട്ടിലാക്കിയ ശേഷം മറ്റൊരു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് സനു മോഹൻ മകളെ മാത്രം ഒപ്പം കൂട്ടി കാക്കനാട്ടേക്കു വന്നതെന്തിനാണ്?

∙ 5 വർഷമായി കാക്കനാട്ടെ ഫ്ലാറ്റിൽ ഏറെക്കുറെ ഒളിച്ചു താമസിക്കുകയായിരുന്നു സനു മോഹനെന്നാണു ബന്ധുക്കളും നാട്ടുകാരും നൽകിയ മൊഴികളിലുള്ളത്. ആരെയാണു സനു മോഹൻ ഭയന്നത്?

∙ 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 4 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് നിക്ഷേപവുമുണ്ടെന്നു സനു മോഹൻ പറഞ്ഞതായി ബന്ധുക്കളുടെ മൊഴിയുണ്ട്. പക്ഷേ, അക്കൗണ്ടിൽ ഇത്രയും പണമില്ലെന്നാണു പൊലീസ് കണ്ടെത്തിയത്.

∙ പുണെ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണു വിവരം. പുണെയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറയുന്നു.

∙ സനു മോഹന്റെ ബിസിനസ് എന്തായിരുന്നുവെന്നും ആരൊക്കെയാണു പങ്കാളികളെന്നും ഭാര്യ പോലും അറിയാതെ പോയതെന്തു കൊണ്ട്?

∙കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നിറങ്ങിയ ശേഷം വൈഗയ്ക്കെന്താണു സംഭവിച്ചത്?

∙ കൊല്ലൂരിൽ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചതെന്ത്?

∙കൊല്ലൂരിൽ താമസിക്കവേ സനു മോഹൻ കൂടിക്കാഴ്ച നടത്തിയ സംഘം ആരാണ്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com