ADVERTISEMENT

കാക്കനാട് (കൊച്ചി)∙ വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തിലും അവിടെ താമസിച്ച ഹോട്ടലിലും എത്തിച്ചു പൊലീസ് തെളിവെടുത്തു. ചൂതാട്ട കേന്ദ്രത്തിലെ കാവൽക്കാരൻ സനുവിനെ തിരിച്ചറിഞ്ഞു. പോക്കറ്റടിക്ക് ഇരയായി എന്നു പറയുന്ന ബീച്ചിലും സനുവിനെ കൊണ്ടുപോയി.

ഹോട്ടലിൽ ആത്മഹത്യാ ശ്രമം നടത്തിയ രീതി സനു വിശദീകരിച്ചു. ഇന്നലെ വൈകിട്ട് ഗോവയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് സംഘം മുരുടേശ്വറിലേക്ക‌ു തിരിച്ചു. അവിടെ രാത്രി സനു ചെലവഴിച്ചെന്നു പറയുന്ന ക്ഷേത്രപ്പന്തലിലും കാർവാറിലേക്ക‌ു പോകാൻ ട്രക്കിൽ കയറിയ പോയിന്റിലും സനുവിനെ എത്തിക്കും.

കൊല്ലൂരിലും കാർവാറിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ അന്വേഷണ സംഘം കൊച്ചിയിലേക്ക‌ു മടങ്ങും. കൊല്ലൂരിൽ സനു 6 ദിവസം താമസിച്ച ബീന റസിഡൻസിയിലും ക്ഷേത്ര പരിസരത്തെ അന്നദാന പന്തലിലും തെളിവെടുപ്പ് നടത്തും. ഇവിടെയും ഹോട്ടലിൽ ആത്മഹത്യാ ശ്രമം നടത്തിയെന്നു മൊഴി നൽകിയിട്ടുള്ളതിനാൽ അക്കാര്യവും പരിശോധിക്കും. കാർവാർ ബീച്ചിലും സമീപത്തെ തൊഴിലാളി ക്യാംപിലു‌ം സനുവിനെ എത്തിച്ചു തെളിവെടുപ്പ് നടത്തു‌ം.

കൊച്ചിയിലെത്തിച്ച ശേഷം ഒരു ദിവസം പൂർണമായി ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തെളിവെടുപ്പു വേളയിൽ ലഭിച്ച വിവരങ്ങളുടെയും സനു നേരത്തെ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാകും ഇനിയുള്ള ചോദ്യം ചെയ്യൽ. ഏതാനും ബന്ധുക്കളോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 

സനുവിന്റെ ചില വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ഭാര്യ രമ്യയുടെ മൊഴി ഒരു തവണ കൂടി എടുക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com